വാഷിംഗ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടിയെ വിലയിരുത്തുകയാണ് ട്രംപ്. ഇറാൻ യുദ്ധത്തിൽ നിന്ന് ശ്രദ്ധ മാറ്റി ആഭ്യന്തര വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനോട് ട്രംപ് നിർദേശിച്ചിരിക്കുന്നു
ഡെമോക്രാറ്റുകളുടെ മുന്നേറ്റത്തെ ആശങ്കയോടെ കാണുന്ന ട്രംപ് രാഷ്ട്രീയമായി നേരിടാൻ ശ്രമിക്കുകയാണ്. ഡെമോക്രാറ്റുകൾ ഭരിക്കുന്ന നഗരങ്ങളിലും സംസ്ഥാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. അവിടെ നിലനിൽക്കുന്ന അഴിമതിക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ പോരാടാൻ വാൻസ് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ട്രംപ് നിർദ്ദേശിച്ചു. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ നടത്തിയ ചർച്ചകളിൽ മുഖ്യ പങ്കുവഹിച്ചിരുന്നത് വാൻസായിരുന്നു. യുദ്ധവും തുടർന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളുമാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് പ്രധാന കാരണമായതെന്ന് വാൻസ് തുറന്നുപറഞ്ഞിരുന്നു.
ഇറാനുമായി ഇനി കരാറിന്റെ ആവശ്യമില്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇറാന്റെ പക്കലുണ്ടായിരുന്ന നൂറുകണക്കിന് ബില്യൺ ഡോളർ തങ്ങൾ നേടിയെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം കൈവശമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനെതിരായ സൈനിക നടപടി ഫലത്തിൽ അവസാനിച്ചുവെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, ട്രംപിന്റെ ബിസിനസ് ഇടപാടുകളടക്കം ഉയർന്നുവന്നിട്ടുള്ള വിവിധ ആരോപണങ്ങളിൽ ഡെമോക്രാറ്റുകൾ സമഗ്രമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്. കോൺഗ്രസിന്റെ നിയന്ത്രണം ജനുവരിയിൽ ഏറ്റെടുക്കുന്നതോടെ ഇതിനുള്ള നടപടികൾ ആരംഭിക്കും.
അമേരിക്ക വിദേശ രാജ്യങ്ങളിൽ നടത്തുന്ന സൈനിക ഇടപെടലുകൾ നിയന്ത്രിക്കണമെന്ന് വാദിക്കുന്ന ആളാണ് വാൻസ്. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വാൻസ് മത്സരിക്കുമെന്ന് സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇറാൻ യുദ്ധത്തിൽ ട്രംപ് സ്വീകരിച്ച നിലപാടിലുള്ള ജനങ്ങളുടെ അതൃപ്തി വാൻസിന്റെ രാഷ്ട്രീയ ഭാവിയെയും ബാധിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്.

