കൊച്ചി : നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹന അപകടത്തിൽ ഒന്നാം പ്രതി സുഹൈലിന് ഉടൻ ജാമ്യമില്ല. നവംബർ 16 നകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നവംബർ 16ന് ശേഷം സുഹൈലിനെ റിലീസ് ചെയ്യുമെന്നും കോടതി. അതേസമയം മറ്റു മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചു.
അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിൻ്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നുവെന്നാണ് ബിഎംഡബ്ല്യു ഇന്ത്യ അന്വേഷണസംഘത്തിന് കൈമാറിയ ക്രാഷ് ഡാറ്റാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
വാഹനത്തിൻ്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM) നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് തയാറാക്കിയ റിപ്പോർട്ട് ബിഎംഡബ്ല്യു കമ്പനി അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. റിപ്പോർട്ട് പ്രകാരം കൂട്ടിയിടിയുടെ തൊട്ടുമുമ്പ് മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നു കാറിൻ്റെ വേഗത. അപകടത്തിന് വെറും ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ഡ്രൈവർ ബ്രേക്ക് പെഡൽ അമർത്തിയതെന്നും ക്രാഷ് ഡാറ്റ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
പുലർച്ചെ രണ്ട് മണിക്ക് ശേഷം കൊച്ചി എയർപോർട്ടിലെത്തുന്ന സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാനായി അമിതവേഗതയിൽ മദ്യപിച്ച് വാഹനമോടിച്ചെത്തിയ സുഹൈൽ ആണ് അപകടമുണ്ടാക്കിയത്. വിമാനത്താവള റോഡിലെത്തി ചായ കുടിച്ച് മടങ്ങുകയായിരുന്ന മൂവർ സംഘത്തിൻ്റെ ഇരുചക്ര വാഹനത്തിലേക്ക് മിനി കൂപ്പർ പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

