ഗാസയിലെ യുദ്ധത്തിനിടയില്‍ സ്വന്തം മകനെ നഷ്ടപ്പെട്ട പിതാവ്; ഇനി വരുന്നത് മുന്‍ സൈനിക മേധാവി ഐസന്‍കോട്ട്; യുദ്ധമുണ്ടാവുമ്പോള്‍ പ്രതിപക്ഷംപോലും ക്യാബിനറ്റില്‍ അംഗമാവുന്ന നാട്; നെതന്യാഹു മാറിയാല്‍ തീരുന്നതല്ല ഇസ്രയേല്‍!

insight kerala

special report

കെ വി നിരഞ്ജന്‍

തിരഞ്ഞെടുപ്പ് നടന്നത് ഇസ്രയേലില്‍ ആണെങ്കിലും, അതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത് കേരളത്തിലാണ്. ബെഞ്ചമിന്‍ നെതന്യാഹു പരാജയപ്പെട്ടുവെന്ന് പറഞ്ഞ് കേരളത്തിലെ ഒരു വിഭാഗം പ്രത്യേകിച്ച് ഇസ്ലാമോ ലെഫ്റ്റ് സോഷ്യല മീഡിയയില്‍ വലിയ ആഘോഷം നടത്തുകയാണ്. പക്ഷേ ഇവര്‍ അറിയാത്ത കാര്യം, നെതന്യാഹുവിന് പകരം ആരുവന്നാലും ഇസ്രയേല്‍ ഭീകരതക്കെതിരായ തങ്ങളുടെ നയം മാറ്റില്ല എന്നതാണ്. ഇസ്രായേലിന്റെ ചരിത്രവും രാഷ്ട്രീയവും മനസ്സിലാക്കിയാല്‍ അത് വ്യക്തമാണ്. ഇസ്രായേലിന്റെ സുരക്ഷാനയവും രഹസ്യാന്വേഷണ ശേഷിയും നെതന്യാഹുവില്‍ ആരംഭിച്ചതല്ല.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പ്രധാനമന്ത്രിമാര്‍ മാറിയാലും ദേശീയ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന സമീപനം ഇസ്രായേല്‍ ചരിത്രത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നു. ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗുറിയന്‍ തൊട്ട്, ഗോള്‍ഡാ മേയറും, ഏരിയല്‍ ഷാരോണും, അടക്കമുള്ള വിവിധ നേതാക്കളുടെ കാലത്ത് ഇസ്രയേല്‍ സൂരക്ഷ ശക്തിപ്പെട്ടിട്ടേയുള്ളൂ. പുറമെ നിന്നുള്ള ശത്രുക്കള്‍ വരുമ്പോള്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ച് നിന്നതാണ് ഇസ്രയേലിന്റെ ചരിത്രം. ഒരു യുദ്ധമുണ്ടാകുമ്പോള്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള യൂഹൂദര്‍ ജന്‍മനാട്ടിലെത്തി ആയുധമെടുത്ത് പോരാടിയതാണ് ആ നാടിന്റെ പാരമ്പര്യം.

ബെന്‍ഗൂറിയന്‍ മുതലുള്ള നീണ്ട നിര

രാജ്യത്തിന്റെ സുരക്ഷയും ദേശീയ താല്‍പര്യങ്ങളും ഒരു പ്രധാനമന്ത്രിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നവയല്ല. നെതന്യാഹു 1996-ലാണ് ആദ്യമായി ഇസ്രായേലിന്റെ പ്രധാനമന്ത്രിയായത്. പിന്നീട് 2009 മുതല്‍ 2021 വരെ തുടര്‍ച്ചയായി അധികാരത്തിലിരുന്നു. 2022 ഡിസംബറില്‍ വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റു. വ്യത്യസ്ത കാലയളവുകളിലായി അദ്ദേഹം ദീര്‍ഘകാലം ഇസ്രായേലിനെ നയിച്ചിട്ടുണ്ട്.
എന്നാല്‍ ഇസ്രായേലിന്റെ ചരിത്രത്തിലെ നിര്‍ണായക വ്യക്തിത്വം നെതന്യാഹുവല്ല.
ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രിയായ ഡേവിഡ് ബെന്‍ഗുറിയന്‍ 1948-ല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പിറന്നു വീണ രാജ്യത്തെ ‘ഭൂമുഖത്തു നിന്ന് തുടച്ചു നീക്കു’മെന്ന് പറഞ്ഞ് അറബ് രാജ്യങ്ങള്‍ നാല് വശവും നിന്ന് ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍, ഇസ്രായേലിനെ മുന്നില്‍ നിന്ന് നയിച്ച് അറബികളെ തുരത്തിയത് ഡേവിഡ് ബെന്‍ഗുറിയന്റെ നേതൃത്വത്തില്‍ ആയിരുന്നു.

നാസി ഭരണകൂടത്തിന്റെ കീഴില്‍ യൂറോപ്പിലെ യഹൂദരെ നാടുകടത്തുകയും കൂട്ടക്കൊലയ്ക്കായി അയക്കുകയും ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച, ഹോളോകോസ്റ്റില്‍ ദശലക്ഷക്കണക്കിന് യഹൂദര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട പ്രധാന കുറ്റവാളികളില്‍ ഒരാളായിരുന്ന
അഡോള്‍ഫ് ഐഷ്മാനെ അര്‍ജന്റീനയില്‍നിന്ന് മൊസ്സാദ് ഇസ്രായേലിലേക്ക് പിടിച്ചുകൊണ്ടുപോയത് ഡേവിഡ് ബെന്‍ ഗുറിയന്റെ കാലത്ത് ആയിരുന്നു.
അതുപോലെ, ഗോള്‍ഡ മെയര്‍ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടവും ഇസ്രായേലിന്റെ ചരിത്രത്തില്‍ സുപ്രധാനമാണ്. 1967-ലെ ആറുദിന യുദ്ധത്തിനുശേഷമുള്ള സാഹചര്യങ്ങളും 1973-ലെ യോം കിപ്പൂര്‍ യുദ്ധവും ഇസ്രായേലിന്റെ സുരക്ഷാനയത്തെ ആഴത്തില്‍ സ്വാധീനിച്ചു. അറബ് രാജ്യങ്ങളുമായുള്ള യുദ്ധങ്ങളില്‍ ഇസ്രായേല്‍ സൈനിക വിജയങ്ങള്‍ നേടിയതും ചരിത്രം.

1972-ല്‍ മ്യൂണിച്ച് ഒളിമ്പിക്‌സില്‍ ഇസ്രായേല്‍ കായികതാരങ്ങളെ തീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍, അതിന് ഉത്തരവാദികളായവരെ കണ്ടെത്തി അവരെ തിരഞ്ഞു പിടിച്ച് ഉന്മൂലനം ചെയ്യാനുള്ള രഹസ്യ ദൗത്യങ്ങള്‍ക്ക് അംഗീകാരം നല്‍കിയത് ഗോള്‍ഡ മേയര്‍ ആയിരുന്നു.മൊസാദ് ഓപ്പറേഷന്‍ റാത്ത് ഓഫ് ഗോഡിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഒളിച്ചിരുന്ന ഭീകരരെ ഒന്നൊന്നായി തിരഞ്ഞുപിടിച്ചു വകവരുത്തി. ഓരോ തീവ്രവാദിയെ കൊല്ലുന്നതിനു മുന്‍പും ഭീകരരുടെ വീടുകളില്‍ ഓരോ പൂച്ചെണ്ടും അതില്‍ ഒരു കുറിപ്പും എത്തി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു ‘ഞങ്ങള്‍ ഒന്നും മറക്കില്ല’.അതുകൊണ്ട് നെതന്യാഹു സ്ഥാനമൊഴിഞ്ഞാല്‍ ഇസ്രായേല്‍ പെട്ടെന്ന് ദുര്‍ബലമാകുമെന്നത് വെറും വാചകമടി മാത്രമാണ്.

ഇനി വരുന്നത് മുന്‍ സൈനിക മേധാവി

2026 ഒക്ടോബര്‍ 27-ന് നടന്ന ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍, നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവും മുന്‍ സൈനിക മേധാവി ഗാദി ഐസന്‍കോട്ടും തമ്മിലാണ് അടുത്ത പ്രധാനമന്ത്രി സ്ഥാനത്തിനായി മത്സരം നടക്കുന്നത്. നിലവിലെ സാധ്യതവെച്ച് ഐസന്‍കോട്ട് പ്രധാനമന്ത്രിയാവുമെന്നാണ് കരുതുന്നുത്. പ്രതിപക്ഷ നിരയിലെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയും മുന്‍ സൈനിക മേധാവിയുമാണ് ഇദ്ദേഹം.
ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ (ഐഡിഎഫ്) 21ാമത് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന അദ്ദേഹം.

തന്റെ 18-ാം വയസ്സില്‍, അതായത് 1978-ല്‍ ഐസന്‍കോട്ട് ഇസ്രായേല്‍ സൈന്യത്തില്‍ ചേര്‍ന്നു. 40 വര്‍ഷത്തിലധികം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സൈനിക ജീവിതത്തില്‍ നിരവധി നിര്‍ണായക പദവികള്‍ വഹിച്ചു. സൈന്യത്തിലെ പ്രശസ്തമായ ഗൊലാനി ബ്രിഗേഡില്‍ ചേര്‍ന്ന അദ്ദേഹം പടിപടിയായി ഉയര്‍ന്ന് അതിന്റെ കമാന്‍ഡറായി മാറി.
1999 മുതല്‍ 2001 വരെ അന്നത്തെ പ്രധാനമന്ത്രി യഹൂദ് ബരാക്കിന്റെ മിലിട്ടറി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് വെസ്റ്റ് ബാങ്കിലെ ഐഡിഎഫ് പ്രവര്‍ത്തനങ്ങള്‍ക്കും നോര്‍ത്തേണ്‍ കമാന്‍ഡിനും നേതൃത്വം നല്‍കി.
ഇസ്രായേലിന്റെ സൈനിക തന്ത്രങ്ങളായ ‘മോവിങ് ദി ഗ്രാസ്’ ലെബനന്‍ യുദ്ധവുമായി ബന്ധപ്പെട്ട ‘ദാഹിയാ സിദ്ധാന്തം’ എന്നിവയുടെ പ്രധാന ശില്പികളില്‍ ഒരാളായിരുന്നു അദ്ദേഹം. 2015 ഫെബ്രുവരിയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ പരമോന്നത പദവിയായ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ആയി അദ്ദേഹം നിയമിതനായി. 2019 ജനുവരിയില്‍ ഈ പദവിയില്‍ നിന്ന് വിരമിച്ചു.

സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു:
2022-ല്‍ നാഷണല്‍ യൂണിറ്റി സഖ്യത്തിലൂടെ ഇസ്രായേല്‍ പാര്‍ലമെന്റായ ക്‌നെസറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2023 ഒക്ടോബറില്‍ ഹമാസ്-ഇസ്രായേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രൂപീകരിച്ച ഇസ്രായേലിന്റെ പ്രത്യേക യുദ്ധ കാബിനറ്റില്‍ അദ്ദേഹം േമന്ത്രിയായി ചേര്‍ന്നു. എന്നാല്‍ നെതന്യാഹൂ സര്‍ക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പ് കാരണം 2024 ജൂണില്‍ അദ്ദേഹം ആ പദവി രാജിവെച്ചു.
2025-ല്‍ അദ്ദേഹം ‘യാഷര്‍’ എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചു. 2026 ഒക്ടോബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹൂവിനെതിരെയുള്ള പ്രധാന പ്രതിപക്ഷ മുഖമായി അദ്ദേഹം ഉയര്‍ന്നു വന്നു.

insight kerala

ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ വെച്ച് പരിചയപ്പെട്ട ഹന്ന ആണ് അദ്ദേഹത്തിന്റെ ഭാര്യ. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്: ഗൈ, റോട്ടെം, യേല്‍, വെറെദ്, ഗാല്‍.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വ്യക്തിപരമായ ദുരന്തം ഉണ്ടായത് 2023 ഡിസംബറിലാണ്. ഗാസയിലെ യുദ്ധത്തിനിടയില്‍ ഐസന്‍കോട്ടിന്റെ ഏറ്റവും ഇളയ മകനായ മേജര്‍ ഗാല്‍ മെയര്‍ ഐസന്‍കോട്ട് ( 25 വയസ്സ്) കൊല്ലപ്പെട്ടു. മകന്റെ വിയോഗത്തിന് ശേഷവും അദ്ദേഹം ഇസ്രായേലിന്റെ സുരക്ഷയ്ക്കും രാഷ്ട്രീയ മാറ്റങ്ങള്‍ക്കുമായി സജീവമായി രംഗത്തുണ്ട്. നോക്കുക സ്വന്തം മകന്റെ ജീവന്‍ രാഷ്ട്രത്തിനായി ബലികൊടുത്ത, ഒരു നേതാവാണ് ഇനി പ്രധാനമന്ത്രിയായി വരുന്നത്. അയാളുടെ കൈയില്‍ ഇസ്രയേല്‍ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പാണ്.

Share This Article