കാർട്ടൺ ഇന്ത്യ അലയൻസ് എംഡിയുടേതെന്ന പേരിൽ ശബ്ദസന്ദേശവും പണമിടപാടിൻ്റെ സ്ക്രീൻ ഷോട്ടുകളും പുറത്ത്.
പി.പി. ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം അയച്ചതായി തെളിവുകൾ. കാസർഗോഡ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും കരാർ നൽകിയതിലൂടെ പണം സമ്പാദിച്ചതായും വിവരം.
കണ്ണൂർ,കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ വിവിധ കരാറുകൾ കാർട്ടൺ ഇന്ത്യ അലയൻസ് നൽകിയതിലൂടെ കോടികളുടെ അഴിമതി നടന്നെന്നാണ് കെഎസ്‌യു വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസിന്റെ പരാതി.ഇത് സധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ഷാജിറിനും പണം നൽകിയെന്ന് സ്‌ക്രീൻ ഷോട്ടിൽ വിവരം ഉണ്ട്.ജില്ലാ പഞ്ചായത്തുകളുടെ വിവിധ കരാറുകൾ നൽകിയതിനുള്ള പാരിതോഷികമാണ് കൈമാറ്റം ചെയ്യപ്പെട്ട തുക എന്നാണ് ആരോപണം.
കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ്റേയും മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന്റൈയും പേരും ശബ്ദസന്ദേശത്തിലുണ്ട്.
ഷാനവാസ് പാദൂരിന് 3 ലക്ഷം കൊടുക്കുമെന്നാണ് ശബ്ദസന്ദേശം.
ഷാനവാസ് പാദൂർ പണം ആവശ്യപ്പെട്ട് ശല്യം ചെയ്യുന്നുവെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ബേബി ബാലകൃഷ്ണൻ്റെ മകൻ്റെ അക്കൌണ്ടിലേക്ക് പണം ഇട്ടതായി UPI ഇടപാടിൻ്റെ സ്ക്രീൻഷോട്ടും പുറത്ത് വന്നു. അതേസമയം ശബ്ദം തന്റേതല്ലെന്ന് കാർട്ടൺ ഇന്ത്യ എംഡി മുഹമ്മദ് ആസിഫ് പറഞ്ഞു. വ്യാജ തെളിവുകൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ആസിഫ് വ്യക്തമാക്കി.
പണം വാങ്ങിയിട്ടില്ലെന്ന് ആരോപണ വിധേയരായ ജനപ്രതിനിധികൾ പ്രതികരിച്ചു. ബേബി ബാലകൃഷ്ണനും,ഷാനവാസ് പാദൂരും, ദിവ്യയുടെ സഹോദരൻ അനൂപും ഡ്രൈവർ വൈശാഖും നേരെയുള്ള ആരോപണങ്ങൾ സിപിഎമ്മിനെ പ്രതിസന്ധിയിലാഴ്ത്തിരിക്കുകയാണ്.

