മാനവീയം വീഥിയെ അമ്പരപ്പിച്ച് ‘ശാസ്ത്രജ്ഞരുടെ വരവ്’: Litmus ’26 പ്രചാരണത്തിന് വീറോടെ തുടക്കം

insight kerala

തിരുവനന്തപുരം: ശാസ്ത്ര സ്വതന്ത്ര ചിന്താ സംഘടനയായ എസെൻസ് ഗ്ലോബലിന്റെ (esSENSE Global) വാർഷിക സമ്മേളനമായ Litmus ’26-ന്റെ പ്രചരണാർത്ഥം തിരുവനന്തപുരം മാനവീയം വീഥിയിൽ ‘ബ്രെയിൻ സർജറി’ എന്ന പബ്ലിക് ഇന്ററാക്ഷൻ പരിപാടി സംഘടിപ്പിച്ചു.

രക്തം ചിന്താതെയും ശസ്ത്രക്രിയാ ഉപകരണങ്ങൾ ഉപയോഗിക്കാതെയും ആശയങ്ങളിലൂടെ സമൂഹ മനസ്സിനെ ശുദ്ധീകരിക്കുക, അന്ധവിശ്വാസങ്ങൾക്കും കപട ചികിത്സകൾക്കും എതിരെ ശാസ്ത്രീയ ചിന്ത വളർത്തുക എന്ന ലക്ഷ്യത്തോടെ എസെൻസ് നടത്തിവരുന്ന ജനപ്രിയ പരിപാടിയാണ് ‘ബ്രെയിൻ സർജറി’.

ഇന്ന് നടന്ന പരിപാടിയിൽ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ സി. രവിചന്ദ്രൻ സദസ്യരുമായി സംവദിച്ചു. അനുപമ രാധാകൃഷ്ണൻ മോഡറേറ്ററായ ചർച്ചയിൽ, വിശ്വാസം, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങി നിരവധി വിഷയങ്ങളിൽ കാണികളിൽ നിന്ന് ഉയർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകി. കഴിഞ്ഞ പത്ത് വർഷമായി എസെൻസ് ഗ്ലോബൽ നടത്തുന്ന ശാസ്ത്രപ്രചാരണങ്ങളും ബോധവൽക്കരണ പരിപാടികളും സമൂഹത്തിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പരിപാടിയിൽ കാണികളെ ഏറെ അത്ഭുതപ്പെടുത്തിയത് ലോകപ്രശസ്ത ശാസ്ത്രജ്ഞരായ ഐസക് ന്യൂട്ടൺ, ആൽബർട്ട് ഐൻസ്റ്റീൻ, നിക്കോള ടെസ്‌ല എന്നിവരുടെ വേഷപ്പകർച്ചയിൽ എത്തിയ പ്രതിനിധികളായിരുന്നു. സദസ്സുമായി സംവദിച്ച ഇവർ, എസ്സെൻസ് ഗ്ലോബൽ നടത്തുന്ന ശാസ്ത്ര പ്രചാരണ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ഏവരെയും വരാനിരിക്കുന്ന Litmus ’26-ലേക്ക് ക്ഷണിക്കുകയും ചെയ്തു.

കൂടുതൽ നൂതനമായ പരിപാടികളും ശാസ്ത്രീയ വിഷയങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഇത്തവണത്തെ ലിറ്റ്മസ് വേറിട്ടൊരു അനുഭവമായിരിക്കുമെന്ന സൂചന നൽകിയാണ് മാനവീയം വീഥിയിലെ പരിപാടി സമാപിച്ചത്.

ഈ വരുന്ന ഒക്ടോബർ 20 നു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് Litmus ’26 അരങ്ങേറുന്നത്. ഗതാഗത മന്ത്രി സി പി ജോൺ സ്വതന്ത്ര ചിന്തകർക്ക് അവാർഡ് സമർപ്പണം നടത്തുന്ന പരിപാടിയിൽ പ്രശാന്ത് എൻ, ഐ എ എസ്, എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ, പപ്പിലിയോ ബുദ്ധയുടെ സംവിധായകൻ ജയൻ കെ ചെറിയാൻ, കാന എം സുരേശൻ, സി രവിചന്ദ്രൻ, ചന്ദ്രശേഖർ രമേശ്, ശങ്കു ടി ദാസ്, വസന്ത് സിറിയക്ക്, റിജു കാലിക്കറ്റ്, മുഹമ്മദ് നസീർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്.

Share This Article