ഹിജാബ് ധരിച്ച് വിദേശ സര്‍വകലാശാലകളിലേക്ക് പോവുന്നവര്‍ സൂക്ഷിക്കുക; തലമറച്ച ബയോമെട്രിക് ചിത്രം കാരണം വിദ്യാര്‍ത്ഥിനിക്ക് വിസ നിഷേധിച്ച് ഫ്രാന്‍സ്; തുര്‍ക്കിഷ് വിദ്യാര്‍ത്ഥിനിയുടെ പ്രതിഷേധം ചര്‍ച്ചയാവുമ്പോള്‍

insight kerala

കെ വി നിരഞ്ജന്‍

നിങ്ങള്‍ വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനം ആഗ്രഹിക്കുന്നയാളാണോ. എങ്കില്‍ ഫോട്ടോ അപ്പ്‌ലോഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക. ഹിജാബ് ധരിച്ചുള്ള ഫോട്ടോ പലപ്പോഴും നിങ്ങളുടെ അവസരം മുടക്കിയേക്കാം. ഇസ്താംബൂളിലെ ഗലാതസറൈ സര്‍വകലാശാലയിലെ തുര്‍ക്കിഷ് വിദ്യാര്‍ത്ഥിനി, ഫാന്‍സിലെ സര്‍ബോണ്‍ സര്‍വകലാശാലയിലേക്കുള്ള ഇറാസ്മസ് സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനായി അപേക്ഷിച്ചപ്പോള്‍ വിസ നിഷേധിക്കപ്പെട്ടതാണ് പ്രശ്‌നമായത്.

ഹിജാബ് ധരിച്ച ബയോമെട്രിക് ചിത്രം കാരണമാണ് വിസ നിഷേധിക്കപ്പെട്ടത് എന്ന് വിദ്യാര്‍ത്ഥിനി ആരോപിക്കുന്നു. തുടര്‍ന്ന് ിരാവസ്ത്രമില്ലാത്ത ഫോട്ടോ സമര്‍പ്പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഗലാതസറൈയില്‍ ഡബിള്‍ മേജര്‍ പഠനം നടത്തുന്ന ഈ വിദ്യാര്‍ത്ഥിക്ക് പ്രശസ്തമായ സര്‍ബോണ്‍ സര്‍വകലാശാലയില്‍ പഠനത്തിന് അവസരവും സ്‌കോളര്‍ഷിപ്പും ലഭിച്ചിരുന്നു. തുടര്‍ന്ന് ഫ്രാന്‍സിന്റെ ഔദ്യോഗിക വിസ അപേക്ഷാ കേന്ദ്രമായ വിഎഫ്എസ് ഗ്ലോബല്‍ വഴി മൂന്ന് തവണ അപേക്ഷിച്ചെങ്കിലും മൂന്നു തവണയും വിസ നിരസിക്കപ്പെടുകയായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

തന്റെ സഹപാഠികളില്‍ പലര്‍ക്കും ഇതേ കാലയളവില്‍ ഹിജാബ് ധരിച്ച ഫോട്ടോ വച്ച് വിസ ലഭിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത വിദ്യാര്‍ത്ഥിനി പറഞ്ഞു. ഒരേ നയത്തില്‍ തന്നെ ഇത്തരം വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്നത് തികച്ചും അന്യായമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ആദ്യത്തെ അപേക്ഷ നിരസിക്കപ്പെട്ടത് താമസസൗകര്യവും പഠന പ്രോഗ്രാമുമായി ബന്ധപ്പെട്ട ‘സുരക്ഷാപരമായ’ കാരണങ്ങള്‍ ഉന്നയിച്ചായിരുന്നു. എന്നാല്‍ ഇറാസ്മസ് പദ്ധതി വഴിയാണ് താമസവും പഠനവും ക്രമീകരിച്ചതെന്നും അതിനായുള്ള എല്ലാ രേഖകളും കൃത്യമായി സമര്‍പ്പിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. രണ്ടാമത്തെ അപേക്ഷ ഒരു സുഹൃത്തിനൊപ്പമാണ് നല്‍കിയത്. സുഹൃത്തിന് വിസ അനുവദിച്ചെങ്കിലും വ്യത്യസ്തമായ മറ്റൊരു കാരണം പറഞ്ഞ് ഇവര്‍ക്ക് വീണ്ടും വിസ നിഷേധിക്കുകയായിരുന്നു. ഇതോടെ വ്യക്തമായ രേഖാമൂലമുള്ള വിശദീകരണം ആവശ്യപ്പെട്ടാണ് സെപ്റ്റംബറില്‍ മൂന്നാമതും അപേക്ഷ സമര്‍പ്പിച്ചത്.

സെപ്റ്റംബര്‍ 14-ന് ഇസ്താംബൂളിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറലില്‍ നിന്ന് തിരിച്ചയച്ച അപേക്ഷാ ഫയലില്‍, തല മറയ്ക്കാത്ത ഫോട്ടോ സമര്‍പ്പിക്കണമെന്ന് വ്യക്തമായി കുറിച്ചിട്ടുണ്ടായിരുന്നു. വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിക്ക് തന്റെ സ്വപ്ന പഠനാവസരം ഉപേക്ഷിക്കേണ്ടി വന്നു. അക്കാദമിക് കരിയറിനും ഭാവി സാധ്യതകള്‍ക്കും ഏറെ നിര്‍ണായകമായതിനാലാണ് സര്‍ബോണ്‍ സര്‍വകലാശാലയില്‍ പഠിക്കാന്‍ ആഗ്രഹിച്ചതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. തനിക്ക് അര്‍ഹതപ്പെട്ട ഒരു അവസരം ഇത്തരം ഒരു കാരണത്താല്‍ തട്ടിയെടുക്കപ്പെട്ടത് വലിയ വിഷമമുണ്ടാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശിരോവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടത് തുര്‍ക്കിയുടെ ചരിത്രത്തിലെ ഫെബ്രുവരി 28-ലെ കറുത്ത ദിനങ്ങളെയാണ് ഓര്‍മ്മിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. ‘ശിരോവസ്ത്രം അഴിച്ചുമാറ്റുക എന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്, എന്നാല്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത് അതാണ്’ എന്ന് അവര്‍ വൈകാരികമായി പ്രതികരിച്ചു. ശിരോവസ്ത്രം ധരിക്കുന്നത് തന്റെ മതപരമായ സ്വാതന്ത്ര്യമാണെന്നും വിസ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ സമീപനത്തില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു. വിസ അപേക്ഷാ കേന്ദ്രങ്ങളില്‍ ഹിജാബ് ധരിച്ച മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും സമാനമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. തുര്‍ക്കിയിലെ ഫ്രഞ്ച് ഭാഷാ സര്‍വകലാശാലകളില്‍ പഠിക്കുന്ന തങ്ങള്‍ക്ക് എന്തുകൊണ്ട് ഫ്രാന്‍സില്‍ ഉന്നതപഠനം നടത്തിക്കൂടാ എന്ന് ചോദിച്ച വിദ്യാര്‍ത്ഥിനി, ഭാവിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും വ്യക്തമായ മാനദണ്ഡങ്ങള്‍ ലഭ്യമാക്കണമെന്നും വിസ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു.

Share This Article