ഭീകരര്‍ കയറിയ ഉടന്‍ തന്നെ കോക്ക്പിറ്റ് ക്രൂവിന് രഹസ്യ കോഡ്; പാസ്പോര്‍ട്ടുകള്‍ ഒളിപ്പിച്ച് അമേരിക്കന്‍ പൗരന്‍മാരെ രക്ഷിച്ചു; കുട്ടികളെ രക്ഷിക്കുന്നതിനിടയില്‍ വെടിയേറ്റ് മരണം; സ്മിത് മച്ചാറിന്റെ ധീരതയില്‍ നീര്‍ജ ഭാനോട്ടും സ്മരിക്കപ്പെടുമ്പോള്‍

insight kerala

കെ വി നിരഞ്ജന്‍

ടെല്‍ അവീവിലേക്ക് പോയ ഫ്‌ളൈ ദുബൈയുടെ വിമാനം, സ്വന്തം ജീവന്‍ പണയംവെച്ച് രക്ഷിച്ച, ഇന്ത്യാക്കാരാന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെയാണ് ലോകത്തിന്റെ ഹീറോയായിരിക്കുന്ന സമയമാണിത്. ഇതോടൊപ്പം, വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം ജീവന്‍ ബലികൊടുത്തുകൊണ്ട്, യാത്രക്കാരെ രക്ഷിച്ച നീര്‍ജ ഭാനോട്ട് എന്ന ഇന്ത്യന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡറിന്റെ ത്യാഗവും സോഷ്യല്‍ മീഡിയില്‍ അടക്കം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
നീര്‍ജ ഭാനോട്ട് തന്റെ 23-ാം ജന്മദിനത്തിന് രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പാന്‍ ആം ഫ്‌ലൈറ്റ് 73 എന്ന വിമാനത്തിലെ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ ബലിനല്‍കിയ ധീരയായ വനിതയാണ്. ഫ്‌ലൈ ദുബായ് വിമാനത്തിലെ ഇന്ത്യന്‍ പൈലറ്റിന്റെ വാര്‍ത്ത ചര്‍ച്ചയാകുമ്പോള്‍, വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഈ ധീരവനിതയെ സോഷ്യല്‍ മീഡിയ വീണ്ടും ഓര്‍മ്മിക്കപ്പെടുകയാണ്.

മോഡലായി തുടക്കം

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

1963 സെപ്റ്റംബര്‍ 7-ന് ചണ്ഡീഗഢിലാണ്, മാധ്യമപ്രവര്‍ത്തകനായ ഹരീഷ് ഭാനോട്ടിന്റെയും രാമ ഭാനോട്ടിന്റെയും മകളായി നീര്‍ജയുടെ ജനനം. കുടുംബം പിന്നീട് മുംബൈയിലേക്ക് താമസം മാറി. മഹാനഗരത്തിലെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ നീര്‍ജയുടെ സൗന്ദര്യവും വ്യക്തിത്വവും ശ്രദ്ധിക്കപ്പെടുകയും, അവര്‍ വളരെ വിജയകരമായ ഒരു മോഡലിങ് കരിയര്‍ കെട്ടിപ്പടുക്കുകയും ചെയ്തു. അക്കാലത്തെ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങളില്‍ നീര്‍ജ സജീവമായിരുന്നു.

1985-ല്‍ നീര്‍ജയുടെ വിവാഹം നടക്കുകയും അവര്‍ ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് മാറുകയും ചെയ്തു. എന്നാല്‍ സ്ത്രീധന പീഡനവും മാനസിക ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു ആ ദാമ്പത്യം. വെറും രണ്ട് മാസത്തിനുള്ളില്‍ ആ ബന്ധം അവസാനിപ്പിച്ച് നീര്‍ജ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. പ്രതിസന്ധികളില്‍ തളരാതെ, സ്വന്തം കാലില്‍ നില്‍ക്കാന്‍ തീരുമാനിച്ച അവര്‍ 1985-ല്‍ പാന്‍ അമേരിക്കന്‍ വേള്‍ഡ് എയര്‍വേയ്സില്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായി ജോലിയില്‍ പ്രവേശിക്കുകയും പിന്നീട് ‘ഹെഡ് പേഴ്‌സര്‍’ (സീനിയര്‍ ക്യാബിന്‍ ക്രൂ) പദവിയിലേക്ക് ഉയരുകയും ചെയ്തു.

ആ കറുത്ത ദിവസത്തെ നായിക

1986 സെപ്റ്റംബര്‍ 5ന്, മുംബൈയില്‍ നിന്ന് കറാച്ചി വഴി ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന പാന്‍ ആം ഫ്‌ലൈറ്റ് 73. കറാച്ചി വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് അബു നിദാല്‍ എന്ന തീവ്രവാദ സംഘടനയിലെ നാല് സായുധ ഭീകരര്‍ വിമാനം ഹൈജാക്ക് ചെയ്തത്. വിമാനത്തില്‍ 360-ലധികം യാത്രക്കാരും 19 ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. ഭീകരര്‍ വിമാനത്തില്‍ കയറിയ ഉടന്‍ തന്നെ നീര്‍ജ അതീവ ബുദ്ധിയോടെ കോക്ക്പിറ്റ് ക്രൂവിന് രഹസ്യ കോഡ് വഴി മുന്നറിയിപ്പ് നല്‍കി.ഇതോടെ വിമാനം പറന്നുയരാതിരിക്കാന്‍ പൈലറ്റും കോ-പൈലറ്റും കോക്ക്പിറ്റില്‍ നിന്നും രക്ഷപെട്ടു.

വിമാനത്തിലുണ്ടായിരുന്ന അമേരിക്കന്‍ യാത്രക്കാരെ വധിക്കാനായിരുന്നു ഭീകരരുടെ ലക്ഷ്യം. യാത്രക്കാരുടെ പാസ്പോര്‍ട്ടുകള്‍ ശേഖരിക്കാന്‍ ഭീകരര്‍ ആവശ്യപ്പെട്ടപ്പോള്‍, നീര്‍ജയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 19 അമേരിക്കന്‍ പാസ്പോര്‍ട്ടുകള്‍ സീറ്റുകള്‍ക്കടിയിലും വേസ്റ്റ് ബിന്നിലുമായി ഒളിപ്പിച്ചു വെച്ചു. ഇതിലൂടെ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്കായി. സൈപ്രസിലെ ജയിലില്‍ കഴിയുന്ന തങ്ങളുടെ സഹപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ വിമാനം അങ്ങോട്ട് പറത്തണമെന്നും അതിനായി പൈലറ്റിനെ വേണമെന്നുമായിരുന്നു ഭീകരരുടെ ആവശ്യം.തങ്ങളുടെ ആവശ്യം അംഗീകരിപ്പിക്കാന്‍ രാജേഷ് കുമാര്‍ എന്ന അമേരിക്കന്‍ പൗരനെ ഭീകരര്‍ വെടിവെച്ചുകൊന്നു.

കുട്ടികളെ രക്ഷിക്കുന്നതിനിടയില്‍ മരണം

ഏകദേശം 17 മണിക്കൂറോളം നീണ്ട ഭീകരാന്തരീക്ഷത്തിനൊടുവില്‍ വിമാനത്തിലെ പവര്‍ സപ്ലൈ നിലയ്ക്കുകയും വെളിച്ചം കെടുകയും ചെയ്തു. ഇതോടെ പരിഭ്രാന്തരായ ഭീകരര്‍ യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഈ സമയം വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറക്കാന്‍ നീര്‍ജയ്ക്ക് സാധിച്ചു.
തനിക്ക് വേണമെങ്കില്‍ ആദ്യം തന്നെ രക്ഷപ്പെടാമായിരുന്നിട്ടും, യാത്രക്കാരെ ഓരോരുത്തരെയായി പുറത്തേക്ക് കടത്തിവിടാനാണ് നീര്‍ജ ശ്രമിച്ചത്. ഒടുവില്‍, മൂന്ന് കുട്ടികളെ ഭീകരരുടെ വെടിയുണ്ടകളില്‍ നിന്ന് സ്വന്തം ശരീരം കൊണ്ട് കാത്തുരക്ഷിക്കുന്നതിനിടയില്‍ നീര്‍ജയ്ക്ക് മൂന്ന് തവണ വെടിയേറ്റു. ആ ധീരവനിത വിമാനത്തിനുള്ളില്‍ വെച്ചുതന്നെ മരണത്തിന് കീഴടങ്ങി. എന്നാല്‍ നീര്‍ജയുടെ ധീരത കാരണം വിമാനത്തിലുണ്ടായിരുന്ന 379 ആളുകളില്‍ 359 പേരും അത്ഭുതകരമായി രക്ഷപെട്ടു. നീര്‍ജ രക്ഷിച്ച ആ കുട്ടികളിലൊരാള്‍ പിന്നീട് വളര്‍ന്നു വലിയൊരു പൈലറ്റായി മാറിയെന്നത് ചരിത്രം.

ഭാരതം നീര്‍ജയുടെ ധീരതയ്ക്ക് മരണാനന്തര ബഹുമതിയായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമാധാനകാല സൈനിക ബഹുമതിയായ അശോകചക്ര നല്‍കി ആദരിച്ചു. ഈ പുരസ്‌കാരം നേടുന്ന ചരിത്രത്തിലെ ആദ്യത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് നീര്‍ജ ഭാനോട്ട്. ഇന്ത്യയ്ക്ക് പുറമെ അമേരിക്കയും പാകിസ്ഥാനും (തമ്ഗ ഇ ഇന്‍സാനിയത്ത് പുരസ്‌കാരം) അവരുടെ മാനുഷിക നന്മയെ ബഹുമാനിച്ചു പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്. 2016-ല്‍ സോനം കപൂര്‍ നീര്‍ജയായി വേഷമിട്ട ‘നീര്‍ജ’ എന്ന ബോളിവുഡ് ചിത്രം ഇവരുടെ യഥാര്‍ത്ഥ ജീവിതകഥ ലോകത്തിന് മുന്നില്‍ എത്തിച്ചു. തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയ സായിദ് ഹസ്സന്‍ സഫാരിനിയെ പിന്നീട് യു.എസ് അധികൃതര്‍ അറസ്റ്റ് ചെയ്യുകയും 160 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

Share This Article