സ്പോൺസറുടെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്താത്തതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി. മുഖ്യമന്ത്രിയുടെ പ്രതികരണം സർക്കാരിനും പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന് ആശങ്ക

insight kerala

മലപ്പുറത്തെ മഴക്കെടുതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി യാത്ര ചെയ്തത് കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ.ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനത്തിൽ. ഈ വിമാനം പറത്തുന്നതിനുള്ള ചുമതല ചിപ്സൺ ഏവിയേഷനാണ്. ചാർട്ടേഡ് വിമാനയാത്രയിൽ സ്പോൺസറുടെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്താത്തതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു . കെ ജെ ജോർജിന്റെ പേര് മറച്ചുവെച്ചത് എന്തിനെന്ന് ഒരു വിഭാഗം ആരായുന്നു. സ്പോൺസർഷിപ്പ് നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം സർക്കാരിനും പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന് ആശങ്കയുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം ആയിരുന്നു എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

സൗജന്യമായാണ് വിമാനം വിട്ടുനൽകിയതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. എന്നാൽ, സർക്കാരിനു കഴിഞ്ഞ 3 വർഷം ഹെലികോപ്റ്റർ സേവനം നൽകിയ ചിപ്സൺ ഏവിയേഷൻ കരാർ പുതുക്കി വാങ്ങാൻ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി സൗജന്യ സേവനം ഉപയോഗപ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്.

പൊലീസിനായി നിശ്ചിത മാസവാടക നിരക്കിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വരുത്താനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്. 3 വർഷ കരാർ കാലാവധി കഴിഞ്ഞ 19ന് അവസാനിച്ചിരുന്നു. ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകുന്നതിനു പകരം ഉപയോഗത്തിനനുസരിച്ചു മാത്രം പണം നൽകുന്ന വ്യവസ്ഥയാണ് ആലോചനയിലുള്ളത്. ഹെലികോപ്റ്റർ കമ്പനിയും ഈ നിർദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഒരു മാസം 25 മണിക്കൂർ പറക്കുന്നതിനുള്ള നിരക്കാണ് 80 ലക്ഷം രൂപ. കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും അധികത്തുക നൽകണം. പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം രൂപ നൽകണമെന്നതായിരുന്നു വ്യവസ്ഥ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article