സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്
എം റിജു
കേരളത്തിലടക്കം ഇടതു സര്‍ക്കിളുകളില്‍ വ്യാപകമായി ആഘോഷിക്കപ്പെട്ട വാര്‍ത്തയാണ്, രാജസ്ഥാനിലെ ബികാനീര്‍ ജില്ലയിലെ നോഖ മൂന്‍സിപ്പാലിറ്റി ഭരണം സിപിഎം പിടിച്ചത്. ‘രാജസ്ഥാന്റെ ചരിത്രത്തിലാദ്യമായി സിപിഎം ഒരു നഗരസഭ ഭരണം പിടിച്ചെടുത്തു, ബിജെപിയെ തൂത്തെറിഞ്ഞു’ എന്ന തലക്കെട്ടുകളോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. എന്നാല്‍, നോഖ മുന്‍സിപ്പാലിറ്റിയുടെ യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും മുന്‍ തെരഞ്ഞെടുപ്പ് ചരിത്രവും പരിശോധിച്ചാല്‍ പലരും മറച്ചുവെക്കുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാകും. സത്യത്തില്‍ പാര്‍ട്ടി ചിഹ്നം വാടകയ്ക്ക് നല്‍കി ജയിച്ച നഗരസഭയാണ് രാജസ്ഥാനിലെ നോഖ. അവിടെ സിപിഎമ്മിന് കാര്യമായ ശക്തിയില്ല. കന്‍ഹയ്യ ലാല്‍ ജന്‍വര്‍ നയിക്കുന്ന ‘വികാസ് മഞ്ച്’ എന്ന പ്രാദേശിക സ്വതന്ത്ര കൂട്ടായ്മയുടെ ആളുകള്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്‌നത്തില്‍ മത്സരിക്കുകയാണ് ഉണ്ടായത്.
കഴിഞ്ഞ തവണ, അതായത് 2021-ല്‍ ഇതേ നോഖ നഗരസഭയില്‍ സിപിഎമ്മിന് ഒരു വാര്‍ഡില്‍ പോലും സീറ്റ് ലഭിച്ചിരുന്നില്ല. പാര്‍ട്ടിക്ക് അവിടെ യാതൊരു സാന്നിധ്യവുമില്ലായിരുന്നു. നോഖയും ബിക്കാനീര്‍ ജില്ലയും പരമ്പരാഗതമായി സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള മേഖലകളല്ല. ഇതിനുമുമ്പ് നോഖയില്‍ ഒരു സിപിഎം എംഎല്‍എയോ നഗരസഭാ അധ്യക്ഷനോ ഉണ്ടായിട്ടില്ല.: ബിക്കാനീര്‍ ജില്ലയിലെ ശ്രീദുംഗര്‍ഗഡ് പോലുള്ള ചില ഗ്രാമീണ മേഖലകളില്‍ കര്‍ഷക സമരങ്ങളിലൂടെ സിപിഎമ്മിന് സ്വാധീനമുണ്ട്. എന്നാല്‍ നോഖ നഗരത്തില്‍ പാര്‍ട്ടിക്ക് വലിയ അടിത്തറയുണ്ടായിരുന്നില്ല. എന്നിട്ടും അവിടെ സിപിഎം ജയിച്ചത് മറ്റൊരു ടെക്ക്‌നിക്കിലൂടെയാണ്.
യഥാര്‍ത്ഥ വിജയികള്‍ വികാസ് മഞ്ച്’
2021-ല്‍ നോഖയിലെ ഭരണം പിടിച്ചത് കന്‍ഹയ്യ ലാല്‍ ജന്‍വര്‍ നയിക്കുന്ന ‘വികാസ് മഞ്ച്’ എന്ന പ്രാദേശിക സ്വതന്ത്ര കൂട്ടായ്മയാണ്. പ്രാദേശിക മുന്നണിയായ വികാസ് മഞ്ചിന് ഇലക്ഷന്‍ കമ്മീഷന്റെ അംഗീകൃത സ്ഥിരം ചിഹ്നമില്ലാത്തതിനാല്‍, അവര്‍ തെരഞ്ഞെടുപ്പുകളില്‍ മറ്റ് പാര്‍ട്ടികളുടെ ചിഹ്നം കടമെടുക്കുകയാണ് പതിവ്. 2021-ല്‍, ഇതേ അവര്‍ മത്സരിച്ചത് ശരദ് പവാറിന്റെ എന്‍സിപിയുടെ ക്ലോക്ക് ചിഹ്നത്തിലാണ്. അങ്ങനെയാണ് അന്ന് ‘എന്‍സിപി 28 സീറ്റുകള്‍ നേടി’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

ഇത്തവണ എന്‍സിപി മാറിനിന്നപ്പോള്‍, അതേ വികാസ് മഞ്ച് സ്ഥാനാര്‍ത്ഥികള്‍ സിപിഎമ്മിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിച്ചു. ഇത്തവണ 29 സീറ്റുകള്‍ നേടി. അതായത്, ഗ്രൗണ്ടിലെ ആളുകളും വോട്ടുബാങ്കും സ്വാധീനവും വികാസ് മഞ്ചിന്റെ പഴയത് തന്നെയാണ്; മാറിയത് എന്‍സിപിയില്‍ നിന്ന് സിപിഐഎമ്മിലേക്കുള്ള ചിഹ്നം മാത്രമാണ്.
നോഖ ബിജെപിയുടെ ഭരണ കോട്ടയൊന്നുമായിരുന്നില്ല. 2021-ല്‍ വികാസ് മഞ്ച്,എന്‍സിപി ചിഹ്നത്തില്‍ 28 സീറ്റ് നേടിയപ്പോള്‍ ബിജെപി വെറും 15 സീറ്റിലേക്ക് ഒതുങ്ങുകയായിരുന്നു. പിന്നീട് വികാസ് മഞ്ചിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ കാരണം ബിജെപിയുടെ വൈസ് ചെയര്‍മാന് ഭരണത്തില്‍ പങ്കാളിത്തം ലഭിച്ചുവെന്നതൊഴിച്ചാല്‍, ജനവിധി ഒരിക്കലും ബിജെപിക്ക് അനുകൂലമായിരുന്നില്ല. ഇത്തവണയും ബിജെപി 13 സീറ്റിലേക്ക് ചുരുങ്ങുക മാത്രമാണ് ഉണ്ടായത്.നഗരസഭയില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്നില്ല. കോണ്‍ഗ്രസ്സ് വോട്ടുകളടക്കമുള്ള ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടാതെ ഒറ്റക്കെട്ടായി ജന്‍വറിന്റെ പ്രാദേശിക മുന്നണിയിലേക്ക് പോയതും ഇവര്‍ക്ക് ഗുണകരമായി.സ്വന്തം ചിഹ്നത്തില്‍ ഒരു വാര്‍ഡ് പോലും ജയിക്കാന്‍ കരുത്തില്ലാത്ത ഒരു പ്രദേശത്ത്, പ്രാദേശികമായി സ്വാധീനമുള്ള ഒരു സ്വതന്ത്ര ഗ്രൂപ്പിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ‘ചിഹ്നം’ വാടകയ്ക്ക് നല്‍കിയാണ് സിപിഎം ജയിച്ചത് എന്നാണ് പല സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നത്.
കന്‍ഹയ്യ: കോടീശ്വരനായ ബിസിനസുകാരന്‍
രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍ നിന്നുള്ള പ്രമുഖനായ ഒരു വ്യവസായിയും ജനകീയ രാഷ്ട്രീയ നേതാവുമാണ്, കന്‍ഹയ്യ ലാല്‍ ജന്‍വര്‍. 2008-ല്‍ നോഖ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് അദ്ദേഹം രാജസ്ഥാന്‍ നിയമസഭയില്‍ എത്തിയിട്ടുണ്ട്. പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ പാര്‍ലമെന്ററി സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. നാഖ നഗരസഭയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ അദ്ദേഹം രൂപീകരിച്ച പ്രാദേശിക രാഷ്ട്രീയ കൂട്ടായ്മയാണ് ‘വികാസ് മഞ്ച്’. നിലവില്‍ അദ്ദേഹത്തിന്റെ മകന്‍ നാരായണ്‍ ജന്‍വര്‍ ആണ് നോഖ നഗരസഭയുടെ ചെയര്‍മാന്‍ സ്ഥാനം കൈകാര്യം ചെയ്യുന്നത്.
നോഖ നഗരസഭയില്‍ 2005 മുതല്‍ തുടര്‍ച്ചയായി ഭരണത്തിലുള്ളത് കന്‍ഹയ്യ ലാല്‍ ജന്‍വറിന്റെ വികാസ് മഞ്ചാണ്. തദ്ദേശീയമായ വികസന പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, റോഡ് നിര്‍മ്മാണം തുടങ്ങിയ ജനകീയ ആവശ്യങ്ങളില്‍ അദ്ദേഹം നേരിട്ട് ഇടപെടുന്നു. സാധാരണക്കാര്‍ക്ക് എപ്പോഴും സമീപിക്കാന്‍ കഴിയുന്ന ഒരു നേതാവ് എന്ന പ്രതിച്ഛായ അദ്ദേഹത്തിനുണ്ട്. കന്‍ഹയ്യ ലാല്‍ പ്രദേശത്തെ അറിയപ്പെടുന്ന വലിയൊരു ബിസിനസുകാരനാണ്. പെട്രോള്‍ പമ്പുകള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി കോടിക്കണക്കിന് രൂപയുടെ ബിസിനസ്സ് സാമ്രാജ്യം അദ്ദേഹത്തിനുണ്ട്. ഈ സാമ്പത്തിക ഭദ്രത രാഷ്ട്രീയപരമായി സ്വാധീനം ഉറപ്പിച്ചു നിര്‍ത്താനും, വലിയ പാര്‍ട്ടികളുടെ സഹായമില്ലാതെ സ്വന്തമായി ‘വികാസ് മഞ്ച്’ മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹത്തെ സഹായിക്കുന്നു.നോഖയിലെ പരമ്പരാഗത വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസിനും ബിജെപിക്കും അതീതമായി ജന്‍വറിനെ പിന്തുണയ്ക്കുന്നവരാണ്. ഈ രണ്ട് പ്രമുഖ പാര്‍ട്ടികളോടും വിയോജിപ്പുള്ള വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ അദ്ദേഹത്തിന്റെ പ്രാദേശിക മുന്നണിക്ക് സാധിക്കുന്നു.
ദേശീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളോടുള്ള ഭ്രമമില്ലാതെ, തിരഞ്ഞെടുപ്പ് സമയങ്ങളില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുന്ന പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതില്‍ അദ്ദേഹം മിടുക്കനാണ്. മുന്‍പ് എന്‍സിപിയുമായും, നിലവില്‍ 2026-ല്‍ സിപിഎമ്മുമായും സഖ്യമുണ്ടാക്കി ഭരണം നിലനിര്‍ത്തിയത് അദ്ദേഹത്തിന്റെ ഈ രാഷ്ട്രീയ തന്ത്രജ്ഞതയ്ക്ക് ഉദാഹരണമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ബാനറുകള്‍ക്കപ്പുറം വ്യക്തിപ്രഭാവവും കുടുംബപരമായി നോഖയില്‍ അവര്‍ വളര്‍ത്തിയെടുത്ത ജനസ്വാധീനവുമാണ് കന്‍ഹയ്യ ലാല്‍ ജന്‍വറിനെ അവിടുത്തെ നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്നത്.

