കോട്ടയം : പാലാ നഗരസഭ വൈസ് ചെയർമാനായി നഗര വികസന മുന്നണി സ്ഥാനാർത്ഥിയും കോൺഗ്രസ് വിമതനുമായ ബിജു മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടു. 14 വോട്ടുകൾ നേടിയാണ് ബിജു മാത്യൂസ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ പനയ്ക്കലിന് 11 വോട്ടുകളും ലഭിച്ചു. അതേസമയം വിമതപക്ഷത്തെ ടോണി തൈപ്പറമ്പിലും, ലിസിക്കുട്ടി മാത്യുവും യുഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്തു. മറ്റൊരു വിമതയായ രജിത പ്രകാശ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. വിമതപക്ഷത്ത് ഉണ്ടായിരുന്ന മൂന്ന് പേരുടെ പിന്മാറ്റം രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണെന്നും ഭരണത്തിൽ അവരുടെ പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബിജു മാത്യൂസ് പറഞ്ഞു.
അതേസമയം, വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ നടന്നത് രാഷ്ട്രീയ കുതിര കച്ചവടം എന്ന് കോൺഗ്രസ് വിമത കൗൺസിലർ ടോണി തൈപ്പറമ്പിലിന്റെ പ്രതികരണം. നഗരവികസന മുന്നണി കൺവീനർ ബിജു പാലൂപ്പടവനും ബിജു മാത്യൂസും തമ്മിലുള്ള കച്ചവടമാണ് നടന്നത്. തന്നെയും ബിജു മാത്യൂസിനെയും തമ്മിലടിപ്പിച്ച് വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് വരാനാണ് ബിജു പാലൂപടവൻ ശ്രമിച്ചത്. അത് നടപ്പാകാതെ വന്നതിനെ തുടർന്നാണ് ബിജു മാത്യൂസിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. താൻ കോൺഗ്രസിനോട് ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും താൻ എന്നും കോൺഗ്രസിനൊപ്പം തന്നെയാണെന്നും ടോണി തൈപ്പറമ്പിൽ പറഞ്ഞു
എന്നാൽ , ടോണി തൈപ്പറമ്പിലിന് വൈസ് ചെയർപേഴ്സൺ സ്ഥാനം ലഭിക്കാത്തതിലുള്ള പ്രയാസം എന്ന് നഗര വികസന മുന്നണി കൺവീനർ ബിജു പാലൂപ്പടവൻ പ്രതികരിച്ചു. വിമതപക്ഷത്തെ മൂന്നുപേരുടെ പിന്തുണ ബിജു മാത്യൂസിന് ഉണ്ടായിരുന്നു. ഭരണസമിതിയിൽ ഒരു സ്ഥാനവും വഹിക്കാത്ത വ്യക്തിയെന്ന നിലയിലുമാണ് ബിജു മാത്യൂസിനെ സ്ഥാനാർത്ഥിയാക്കിയതെന്നും ബിജു പാലൂപ്പടവൻ പറഞ്ഞു.

