യുനാനി കോളജിന് എയ്ഡഡ് സ്റ്റാറ്റസ് നല്‍കി; നോളജ്‌സിറ്റിക്കും വഴിവിട്ട സഹായം; അരിവാള്‍ സുന്നികള്‍ പിണറായി ഭരണത്തില്‍ ഒരുപാട് നേടി; കാന്തപുരം വിഭാഗത്തിന് ഇടതുസര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യം

insight kerala

കെ വി നിരഞ്ജന്‍

കോഴിക്കോട്: സ്ത്രീകള്‍ പൊതുരംഗത്തേക്ക് ഇറങ്ങരുതെന്ന പ്രസ്താവന വഴി വന്‍ വിവാദത്തിലായിരിക്കയാണ്, കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍.
എക്സ് മുസ്ലീങ്ങളും, സ്വതന്ത്രചിന്തകരും, ഫെമിനിസ്റ്റുകളും മാത്രമല്ല വിശ്വാസികളായ സ്ത്രീകള്‍പോലും കാന്തപുരത്തെ എടുത്ത് നിലത്തിട്ടടിക്കയാണ്. ഏറ്റവും ഒടുവിലായി മുഖ്യമന്ത്രി വി ഡി സതീശനും കാന്തപുരത്തെ തള്ളിപ്പറഞ്ഞു കഴിഞ്ഞു. പക്ഷേ അപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും മന്ത്രിമാര്‍ക്കും, ഇടതുപക്ഷ നേതാക്കളും, കാന്തപുരത്തെ കാര്യമായി വിമര്‍ശിക്കുന്നില്ല. ടി കെ ഹംസയെപ്പോലുള്ള സിപിഎം നേതാക്കള്‍ പരോക്ഷമായി കാന്തപുരത്തെ പിന്തുണക്കയാണ്. ഒരു പരിധിവരെ കേരളത്തിലെ ഇടതു- വലതു കക്ഷികള്‍ക്കും കാന്തപുരത്തോട് മൃദു സമീപനമാണ്.

മുസ്‌ലീം ലീഗിനോട് എതിരിടുകയും ഇടതുപക്ഷത്തോട് ഒട്ടിനില്‍ക്കയും ചെയ്യുന്നതാണ് കാന്തപുരത്തിന്റെ രാഷ്ട്രീയ ചരിത്രം. കാന്തപുരം വിഭാഗത്തെ അരിവാള്‍ സുന്നികള്‍ എന്നും വത്തക്ക സുന്നികള്‍ ( പുറമെ പച്ച അകത്ത് ചുവപ്പ് ) എന്നുമൊക്കെയായിരുന്നു എതിരാളികള്‍ കളിയാക്കിയത്. മുടിപ്പള്ളി വിവാദത്തിന്റെ സമയത്ത്, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, തിരുകേശം എന്ന് പറയുന്നതു ബോഡിവേസ്റ്റ് ആണെന്ന് പറഞ്ഞ സമയത്ത് മാത്രമാണ് ഇരുവിഭാഗവും ഉടഞ്ഞത്. പിണറായിയുടെ പരാമര്‍ശത്തോടെ അടുത്ത തെരഞ്ഞടുപ്പില്‍ അവര്‍ കളം മാറ്റി ചവുട്ടി. പക്ഷേ പിന്നീട് വീണ്ടും ഇവര്‍ ഒന്നിച്ചു. ഇപ്പോള്‍ ഇടതുപക്ഷത്തിന് ഒപ്പം നിന്ന് കാന്തപുരം നേടിയ പല ആനുകൂല്യങ്ങളും സോഷ്യല്‍ മീഡിയ വിവാദമാക്കുകായണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

യുനാനി കോളജിന് എയ്ഡഡ് സ്റ്റാറ്റാസ്

കാന്തപുരത്തിന്റെ മര്‍ക്കസ് യുനാനി കോളജിന് എയ്ഡഡ് സ്റ്റാറ്റസ് നല്‍കി ജീവനക്കാര്‍ക്ക് ഡയറക്ട് പെയ്‌മെന്റ് അനുവദിച്ച് പിണറായി ഗവണ്മെന്റ് തീരുമാനം അന്നേ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ അത് വീണ്ടും വിവാദമാക്കുകായണ്. G.O. (M/S) 14/2026/Ayush ആയി ഉത്തരവിറക്കിയത് തികച്ചും വഴിവിട്ട ഒരു തീരുമാനമായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ ഒരു സമുദായ പ്രീണനം മാത്രമായിരുന്നു അത്. വെള്ളാപ്പള്ളിയേപ്പോലെ തന്നെ കാന്തപുരവും പിണറായിക്ക് വളരെ വേണ്ടപ്പെട്ട ആളാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പോള്‍ മാത്യു എന്ന സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു-”
യുനാനി എന്നത് ഹോമിയോ പോലെ ഒരു കപട വൈദ്യശാസത്രമാണ്. അത് പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന് നന്മ വരുത്തില്ല.
പുതിയ യു. ഡി. എഫ്. ഗവണ്മെന്റ് ഈ ഓര്‍ഡര്‍ റദ്ദ് ചെയ്യാനുള്ള ആര്‍ജ്ജവം കാണിക്കുമോ?’മുടിവെള്ളം’ എന്ന തട്ടിപ്പിലൂടെ കോടികള്‍ വാരിക്കൂട്ടിയ കാന്തപുരത്തിന് അവിഹിത മാര്‍ഗത്തില്‍ പണം ആര്‍ജിക്കാന്‍ – എയ്ഡഡ് കോളജിലെ സ്റ്റാഫ് നിയമനം വഴി കോടികള്‍ നേടാന്‍ – ഇനിയും ഗവണ്മെന്റ് കൂട്ടുനില്‍ക്കണമോ?”- പോള്‍ മാത്യുവിന്റെ പോസ്റ്റിനുകീഴില്‍ ഇക്കാര്യം ശരിവെച്ചുകൊണ്ടുള്ള നിരവധി കമന്റുകളും ഉയരുന്നുണ്ട്.

കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലിലെ കാന്തപുരത്തിന്റെ നോളജ് സിറ്റി ഒരു സമാന്തരം ലോകം തന്നെയാണ്. 1000 കോടി രൂപ ചെലവില്‍ 300 ഏക്കര്‍ സ്ഥലത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. എന്‍ജിനീയറിങ്ങ്, മെഡിസിന്‍, സയന്‍സ്, മാനേജ്മെന്റ് കോളേജുകള്‍, ആര്‍ട്ട് കോളേജ്, ഐ.റ്റി പരിശീലന പദ്ധതി, നിയമപഠന കോളേജ് ,സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങിയവ അടങ്ങുന്ന എഡ്യുക്കേഷന്‍ സിറ്റി ഈ പദ്ധതിയുടെ ഭാഗമാണ്. നഴ്സിംഗ്, മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ കോളെജുകള്‍, ഗവേഷണ സൗകര്യങ്ങള്‍ എന്നിവയുള്ള ഹെല്‍ത്ത് സിറ്റിയും ഇവിടെ സ്ഥാപിക്കപ്പെടും. ഇസ്ലാമിക പഠനത്തിനും അറബിക് ഭാഷയ്ക്കും പ്രാമുഖ്യം നല്‍കുന്ന ശരിയ സിറ്റി, ഷോപ്പിംഗ് മാളുകള്‍, ശരിയ നിയമപ്രകാരമുള്ള സ്റ്റാര്‍ ഹോട്ടലുകള്‍ എന്നിവയടങ്ങിയ കൊമേഴ്സ്യല്‍ സിറ്റിയും ഇവിടെയുണ്ടാവും.വില്ലകളും അപ്പാര്‍ട്ടുമെന്റുകളുമുള്ള ഹെറിറ്റേജ് സിറ്റിയും സ്ഥാപിക്കപ്പെടും. ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളും ഇവിടെയുണ്ടാകും. അതിനിടെയാണ് രണ്ടുവര്‍ഷ മുമ്പ് അവിടെ ഒരു കെട്ടിടം തകര്‍ന്ന് വീണ് 25പേര്‍ക്ക് പരിക്കേല്‍ക്കുന്നത്. ഇതോടെയാണ് കെട്ടിടത്തിന് അംഗീകാരമില്ല എന്ന കാര്യം പുറത്താവുന്നത്.

വഴിവിട്ട സഹായങ്ങള്‍ ഒട്ടേറെ

തുടര്‍ന്ന് ഏഷ്യാനെറ്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഒന്നാമത് ഇവിടെ നടക്കുന്നത് ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്. തോട്ട ഭൂമിയാണ്, നോളജ് സിറ്റി നില്‍ക്കുന്നയിടം. ഇത് കരഭൂമിയാക്കി മാറ്റി കെട്ടിടം പണിയാന്‍ കഴിയില്ല. ഇനി ഇവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നിനും ലൈന്‍സില്ല. പഞ്ചായത്തില്‍നിന്ന് കെട്ടിട പെര്‍മിറ്റ് വാങ്ങിയിട്ടില്ല. ബില്‍ഡിങ്ങ് റൂളുകള്‍ ഒന്നും പാലിച്ചിട്ടില്ല.

നേരത്തെ ഒരു റബര്‍ എസ്റ്റേറ്റായിരുന്ന പ്രദേശം വെട്ടിവെളിപ്പിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത്തരത്തില്‍ വലിയൊരു നഗരം തന്നെ നിര്‍മ്മാക്കാനായി സര്‍ക്കാറില്‍ നിന്ന് വിവിധ അനുമതികള്‍ വാങ്ങേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു അനുമതിയും മര്‍ക്കസ് നോളജ് സിറ്റിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്നുവീണ കെട്ടിടത്തിന് നിര്‍മ്മാണ അനുമതിയുണ്ടായിരുന്നില്ലെന്ന് അന്നത്തെ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസും സ്ഥിരീകരിച്ചിരുന്നു. ഈ വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ നോളജ് സിറ്റിക്കാര്‍ ആക്രമിക്കാനും ശ്രമിച്ചു. ദീപിക ദിനപത്രത്തിന്റെ പ്രാദേശിക ലേഖകന്‍ ജോണ്‍സണ്‍ ഈങ്ങാപ്പുഴയുടെ മൊബൈല്‍ ഫോണ്‍, സംഭവ സ്ഥലത്തുണ്ടായിരുന്നു നോളജ് സിറ്റിയുടെ അധികൃതര്‍ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി. ഇയാള്‍ എടുത്തത ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തതായും ആരാപണമുയര്‍ന്നു. ജില്ലാകല്ടര്‍ നടത്തിയ അന്വേഷണത്തിലും കോടഞ്ചേരി വില്ലേജില്‍ നോളജ് സിറ്റിയിലടക്കം വ്യാപകമായി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.

പക്ഷേ ഇത്രയും വലിയ ഒരു നിയമലംഘനം നടന്നിട്ടും, കാന്തപുരത്തിന്റെ സ്വാധീനത്തെ ഭയന്ന് മാധ്യമങ്ങള്‍പോലും ഇത് കണ്ടിലെന്ന് നടിച്ചു. ഭൂമി പാട്ടത്തിന് നല്‍കിയ കുടുംബവും നോളജ് സിറ്റിക്കെതിരെ രംഗത്തെത്തിയിരുന്നു. നോളജ് സിറ്റി നില്‍ക്കുന്നത് തോട്ടഭൂമിയില്‍ തന്നെയെന്നും ഇക്കാര്യം മറച്ചുവച്ചാണ് നിക്ഷേപകരില്‍ നിന്നും പണം സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെ കൊളായി കുടുംബം ആരോപിച്ചിരുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ലെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കാന്തപുരത്തിന്റെ ഡ്രീം പ്രൊജക്റ്റായ പ്രവാചകന്റെ തിരുകേശവും അതു സ്ഥാപിക്കാനായി വിഭാവനം ചെയ്ത ആരാധനാലയം ഷഹ്രെ മുബാറക്കും ഇവിടെയാണ് വരുന്നത് എന്നാണ് അറിയുന്നത്. പിണറായുമായുള്ള രാഷ്ട്രീയ ബാന്ധവത്തിലുടെ കാന്തപരും നേടിയ ആനുകൂല്യങ്ങളെല്ലാം വി ഡി സതീശന്‍ സര്‍ക്കാര്‍ റദ്ദാക്കണമെന്നാണ്, സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Share This Article