ബുദ്ധന് ഒരു യഥാര്‍ത്ഥ പിന്‍ഗാമി; 50 കോടിയോളം രൂപ മതിക്കുന്ന ബിസിനസ് ഉപേക്ഷിച്ച് സന്യാസിയായി കാട്ടിലേക്ക്; ഭാര്യയും മക്കളുമായുള്ള ബന്ധവും ഉപേക്ഷിക്കും; തായ്ലന്‍ഡിലെ ഐസ്‌ക്രീം ടൈക്കൂണ്‍ സിരിപോങ് ഞെട്ടിക്കുമ്പോള്‍!

insight kerala

കെ വി നിരഞ്ജന്‍

സകല സൗകര്യങ്ങമുള്ള കൊട്ടാരത്തില്‍ ജീവിക്കുമ്പോഴും എല്ലാം ഉപേക്ഷിച്ച് പോയി പിന്നീട് ശ്രീബുദ്ധനായി മാറിയ സിദ്ധാര്‍ത്ഥ രാജകുമാരന്റെ പാതയിലേക്ക് ഇതാ ശരിക്കും ഒരു പിന്‍ഗാമി. തായ്ലന്‍ഡിലെ പ്രമുഖ വ്യവസായിയായ സിരിപോങ് അക്കരശ്രീയുക്കിന്റെ ആത്മീയ ചുവടുവെപ്പാണ് ആഗോള മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായി മാറുന്നത്. എല്ലാം ഉപേക്ഷിച്ച് സന്യാസത്തിന് പോവുകയാണെന്ന വിവരം, തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ലോകത്തെ അറിയിച്ചത്. തന്റെ 27 വര്‍ഷം പഴക്കമുള്ള ഹാവെല്‍സ് എന്ന ഐസ്‌ക്രീം ബ്രാന്‍ഡ് 165 മില്യണ്‍ ബാത്തിനാണ് (ഏകദേശം 47 കോടിയിലധികം ഇന്ത്യന്‍ രൂപ) അദ്ദേഹം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ബ്രാന്‍ഡിന്റെ പേര്, വിലാസം, ഫാക്ടറി, പാചകക്കൂട്ടുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു

ഇത് വാങ്ങാന്‍ അനുയോജ്യനായ ഒരു ബിസിനസ്മാനെ കണ്ടെത്തി നല്‍കുന്ന ഇടനിലക്കാര്‍ക്ക് 5 മില്യണ്‍ ഭട്ട് (ഏകദേശം 1.43 കോടി രൂപ) കമ്മീഷനായും സിരിപോങ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി സന്യാസ ജീവിതത്തെക്കുറിച്ച് ആലോചിക്കുന്ന അദ്ദേഹം ബുദ്ധമതത്തെക്കുറിച്ച് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ലൗകിക ജീവിതം ഉപേക്ഷിച്ച് വനത്തില്‍ ധ്യാനകേന്ദ്രം സ്ഥാപിച്ച് ജീവിക്കാനാണ് തീരുമാനം. ബുദ്ധമതത്തിലെ പരമോന്നത ആത്മീയ പദവിയായ അര്‍ഹന്ത് അവസ്ഥ കൈവരിക്കുകയാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്ന് സിരിപോങ് വ്യക്തമാക്കുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സന്യാസം സ്വീകരിച്ചു കഴിഞ്ഞാല്‍ തന്റെ ഭാര്യ, മകള്‍, സുഹൃത്തുക്കള്‍ എന്നിവരുള്‍പ്പെടെയുള്ള എല്ലാ സാമൂഹിക ബന്ധങ്ങളും പൂര്‍ണ്ണമായി ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചെറുപ്പത്തില്‍ വെറുമൊരു ഐസ്‌ക്രീം വില്പനക്കാരനായി കരിയര്‍ ആരംഭിച്ച സിരിപോങ് 1999-ലാണ് സ്വന്തം ബ്രാന്‍ഡ് സ്ഥാപിക്കുന്നത്. ഒരു ഘട്ടത്തില്‍ തായ്ലന്‍ഡിലെ പ്രമുഖ മാളുകളിലായി 22-ഓളം ശാഖകള്‍ ഈ ബ്രാന്‍ഡിന് ഉണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് വലിയ കമ്പനികളുമായുള്ള മത്സരം കാരണം ബിസിനസ്സ് ചുരുങ്ങുകയും നിലവില്‍ ഒരു ഔട്ട്ലെറ്റ് മാത്രമായി മാറുകയും ചെയ്തു. ബിസിനസ്സ് വില്‍ക്കുകയാണെങ്കിലും താന്‍ ജീവനായി കെട്ടിപ്പടുത്ത ഈ ബ്രാന്‍ഡ് പുതിയ ഉടമസ്ഥരിലൂടെ മുന്നോട്ട് പോകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. റോബിന്‍ ശര്‍മ്മയുടെ വിഖ്യാത നോവലായ ‘ദി മങ്ക് ഹൂ സോള്‍ഡ് ഹിസ് ഫെരാരി’ എന്ന കഥയെ ഓര്‍മ്മിപ്പിക്കുന്നതാണ് സിരിപോങ്ങിന്റെ ഈ യഥാര്‍ത്ഥ ജീവിത തീരുമാനം.
അതിഭീകരമായ ജോലിത്തിരക്കുകളും ആഡംബര മോഹങ്ങളും കാരണം ജീവിതത്തിന്റെ യഥാര്‍ത്ഥ സന്തോഷം നഷ്ടപ്പെടുത്തിയ ഒരു മനുഷ്യന്‍, പിന്നീട് എല്ലാം ഉപേക്ഷിച്ച് ആത്മീയതയിലൂടെ സമാധാനം കണ്ടെത്തുന്നതാണ് ഈ പുസ്തകത്തിന്റെ പ്രമേയം. അതുപോലെയാണ് സിരിപോങ് എന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്.

ബിസിനസ് ലോകത്ത് വ്യാപക വിമര്‍ശനം

സിരിപോങ് അക്കരശ്രീയുക്കിന്റെ ഈ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉയരുന്നുണ്ട്. സ്വന്തം കുടുംബത്തോടും കുട്ടികളോടുമുള്ള ഉത്തരവാദിത്തങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പോകുന്നത് സ്വാര്‍ത്ഥതയാണെന്നും, ഇതൊരുതരം ‘ഭ്രാന്തായ ചിന്ത’യാണെന്നും പലരും വാദിക്കുന്നു. ഒരു കുടുംബം കെട്ടിപ്പടുക്കുകയും കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത ശേഷം, പെട്ടെന്നൊരു ദിവസം അവരെ ഉപേക്ഷിച്ചു പോകുന്നത് ധാര്‍മ്മികമായി തെറ്റാണെന്ന് ഭൂരിഭാഗം ആളുകളും കരുതുന്നു. സാമ്പത്തിക ഭദ്രത നല്‍കിയതുകൊണ്ട് മാത്രം ഒരു ഭര്‍ത്താവിന്റെയോ പിതാവിന്റെയോ കടമ തീരുന്നില്ല.

സ്വന്തം ആത്മീയ ഉന്നതിക്കും മനസ്മാധാനത്തിനും വേണ്ടി ഭാര്യയുടെയും മക്കളുടെയും വൈകാരിക ആവശ്യങ്ങളെയും അവരുടെ വിഷമങ്ങളെയും അവഗണിക്കുന്നത് തികഞ്ഞ സ്വാര്‍ത്ഥതയാണെന്നാണ് പ്രധാന വിമര്‍ശനം. തായ്ലന്‍ഡ് ഒരു ബുദ്ധമത രാജ്യമാണ്. അവിടെ പുരുഷന്മാര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്യാസം സ്വീകരിക്കുന്നത് വളരെ സാധാരണവും ആദരിക്കപ്പെടുന്നതുമായ കാര്യമാണ്.ബുദ്ധമതത്തിന്റെ അടിസ്ഥാനം തന്നെ സിദ്ധാര്‍ത്ഥ രാജകുമാരന്‍ തന്റെ കൊട്ടാരവും ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ജ്ഞാനോദയം തേടിപ്പോയ ചരിത്രമാണ്. സിരിപോങ് വിശ്വസിക്കുന്നതും പിന്തുടരുന്നതും ഈ ആത്മീയ പാതയാണ്.പലപ്പോഴും ഇത്തരം വലിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കുടുംബാംഗങ്ങളുടെ അനുവാദത്തോടെയോ, അവര്‍ക്ക് ജീവിക്കാനുള്ള എല്ലാ സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കിയ ശേഷമോ ആണ് ഇവര്‍ ഇറങ്ങിത്തിരിക്കാറുള്ളത്. സിരിപോങും അങ്ങനെ ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്.

അര്‍ഹന്ത് അവസ്ഥ കൈവരിക്കണമെന്നത് സിരിപോങിന്റെ ദീര്‍ഘനാളെത്തെ ആഗ്രഹമായിരുന്നു. ബുദ്ധമത പ്രകാരം ഒരു മനുഷ്യന് കൈവരിക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന ആത്മീയ അവസ്ഥയാണ് ‘അര്‍ഹന്ത്’. യോഗ്യനായവന്‍’ അല്ലെങ്കില്‍ ‘ശത്രുക്കളെ സംഹരിച്ചവന്‍’ എന്നാണ് ഇതിനര്‍ത്ഥം. ഇവിടെ ശത്രുക്കള്‍ എന്നത് പുറത്തുള്ളവരല്ല, മറിച്ച് മനുഷ്യന്റെ ഉള്ളിലുള്ള രാഗം, ദ്വേഷം, മോഹം എന്നിവയാണ്. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചും പൂര്‍ണ്ണമായ ബോധ്യം വന്നവരാണ് അര്‍ഹന്തുകള്‍. ഇവര്‍ അവിദ്യയില്‍ നിന്നും മോചനം നേടിയവരാണ്. മനസ്സിലെ ആഗ്രഹം, ദേഷ്യം, അസൂയ, അഹംഭാവം തുടങ്ങിയ എല്ലാ മാനസിക അഴുക്കുകളെയും ഇവര്‍ പൂര്‍ണ്ണമായി വേരോടെ പിഴുതെറിഞ്ഞിട്ടുണ്ടാകും. ഇവര്‍ക്ക് പിന്നീട് ഒരിക്കലും ഒരു ലൗകിക കാര്യത്തോടും ആഗ്രഹമോ വിഷാദമോ തോന്നുകയില്ല. ബുദ്ധമത വിശ്വാസപ്രകാരം അര്‍ഹന്ത് പദവിയിലെത്തിയ ഒരാള്‍ക്ക് ഇനി ഈ ഭൂമിയില്‍ പുനര്‍ജന്മം ഉണ്ടാകില്ല. അവര്‍ ജനനമരണങ്ങളുടെ ചക്രത്തില്‍നിന്നും പൂര്‍ണ്ണമായി മുക്തി നേടി നിര്‍വാണം കൈവരിക്കുന്നുവെന്നാണ് പറയുക.

Share This Article