EXCLUSIVE
കെ വി നിരഞ്ജന്
കൊച്ചി: കേരളാ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹേളികയായ, സുകുമാരക്കുറപ്പ് വീണ്ടും ചര്‍ച്ചയാവുന്ന കാലമാണിത്. നാലുപതിറ്റാണ്ടായി ഒരു വിവരവുമില്ലാതിരുന്ന കുറുപ്പിനെ, ബ്രൂണെയില്‍ കണ്ടെത്തിയെന്ന് കേരളത്തിലെ ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തിരുന്നു. എന്നാല്‍ അത് തെറ്റാണെന്നും, തൃശൂര്‍ സ്വദേശി ദാമോദരമോനോന്‍ എന്ന വയോധികന്റെ ചിത്രവും പാസ്പോര്‍ട്ടും വെച്ച് 24 ന്യൂസ് പോലുള്ള മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത ചമക്കുകയാണെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
അതിനിടയില്‍ ബ്രൂണെയില്‍നിന്ന് കുറുപ്പ് വീട്ടുകാരനെ നിരന്തരം വിളിക്കുകയും അവര്‍ക്ക് പണം അയച്ചുകൊടുക്കുന്നു എന്നുവരെ ചില കേന്ദ്രങ്ങള്‍ പടച്ചുവിട്ടു. എന്നാല്‍ കുറുപ്പിന്റെ പേരിലുള്ള യാതൊരു സഹായവും മക്കള്‍ക്ക് കിട്ടിയില്ല. വെറുക്കപ്പെട്ട ഒരാളിന്റെ സന്തതികള്‍ എന്ന പേരിലുള്ള സാമൂഹിക ഒറ്റപ്പെടല്‍ അതിജീവിച്ചാണ് അവര്‍ വളര്‍ന്നത്. ഇന്ന് സുകുമാരക്കുറുപ്പിനെക്കുറിച്ച് ഓര്‍ക്കാന്‍പോലും അയാളുടെ ബന്ധുക്കള്‍ താല്‍പ്പര്യപ്പെടുന്നില്ല.
ആഡംബര വീട് ശാപവീടാവുന്നു
സുകുമാരക്കുറുപ്പ് ചെയ്ത ക്രൂരതകള്‍ക്കെല്ലാം പരോക്ഷമായി അനുഭവിച്ചത്, അയാളുടെ കുടുംബമാണ്്. ശരിക്കും സാമൂഹിക ഒറ്റപ്പെടലിലൂടെയാണ് അവര്‍ കടന്നുപോയത്.
കൊലപാതക ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയെയും, അവരുടെ സഹോദരന് ശിവദാസനെയും പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള കുറ്റം കോടതിയില്‍ തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. തെളിവുകളുടെ അഭാവത്തില്‍ ഇവരെ രണ്ടുപേരെയും കോടതി വെറുതെ വിട്ടു. പക്ഷേ ജനം അവരോട് പൊറുത്തില്ല. നാട്ടില്‍ അവര്‍ സാമൂഹികമായി ഒറ്റപ്പെട്ടു. ഒരു മംഗള കര്‍മ്മത്തിനും ക്ഷണിക്കപ്പെടാന്‍ കഴിയാത്ത രീതിയില്‍ തീര്‍ത്തും വെറുക്കപ്പെട്ടവരായി മാറി.

ഗള്‍ഫില്‍ നിന്നും സമ്പാദിച്ച പണം ഉപയോഗിച്ച് സുകുമാരക്കുറുപ്പ് തന്റെ മകളുടെ പേരില്‍, ജന്മനാടായ ആലപ്പുഴ ചെറിയനാട് നിര്‍മ്മിച്ച ആഡംബര വീടായിരുന്നു സ്മിത ഭവന്. കുറുപ്പ് ഒളിവില്‍ പോവുകയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തതോടെ, കോടതി ഉത്തരവ് പ്രകാരം റവന്യൂ വകുപ്പ് ഈ വീടും അതിനോട് ചേര്‍ന്നുള്ള സ്ഥലവും കണ്ടുകെട്ടി. ഇതോടെ ഭാര്യ സരസമ്മയ്ക്കും മക്കള്‍ക്കും ആ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു. ബന്ധുക്കളുടെയും മറ്റും സഹായത്തോടെ വളരെ ദയനീയമായ സാഹചര്യത്തിലാണ് പിന്നീട് ഈ കുടുംബം ജീവിച്ചത്. വര്‍ഷങ്ങളോളം ആരും നോക്കാനില്ലാതെ കിടന്ന ആ ആഡംബര വീട് പിന്നീട് പൂര്‍ണ്ണമായും തകരുകയും കാടുമൂടി നശിക്കുകയും ചെയ്തു. നാട്ടുകാര്‍ ആ വഴിക്കുപോലും നടക്കാതായി. ഒടുവില്‍ ‘കുറുപ്പിന്റെ ശാപ വീട്’ എന്ന പേരില്‍ ഇതൊരു പ്രേതാലയമായി മാറി.
വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ കുറ്റകൃത്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും തങ്ങളുടെ ഏക ജീവനമാര്‍ഗ്ഗമായ സ്വത്തുക്കള്‍ വിട്ടുനല്‍കണമെന്നും കാണിച്ച് കുറുപ്പിന്റെ മക്കള്‍ കോടതിയെ സമീപിച്ചു. സുകുമാരക്കുറുപ്പ് ചെയ്ത തെറ്റിന് നിരപരാധികളായ മക്കള്‍ അനുഭവിക്കേണ്ടതില്ല എന്ന മാനുഷിക പരിഗണന മുന്‍നിര്‍ത്തി, വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി ഈ സ്വത്തുക്കളുടെ മേലുള്ള ജപ്തി നടപടികള്‍ ഭാഗികമായി ഒഴിവാക്കി നല്കി. തകര്‍ന്നുകിടന്ന ആ പഴയ വീട് പിന്നീട് കുടുംബാംഗങ്ങള്‍ പൊളിച്ചുമാറ്റുകയും, ആ സ്ഥലം വൃത്തിയാക്കി പുതിയ ചില നിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്തു.
കേസിനെ തുടര്‍ന്ന് അമ്മയുടെ അബുദാബിയിലെ നഴ്സിംഗ് ജോലി നഷ്ടപ്പെടുകയും അതോടെ സാമ്പത്തികമായി തകരുകയും ചെയ്തു. സുകുമാരക്കുറുപ്പിന്റെ മക്കള്‍ വളരെ ദയനീയമായ സാഹചര്യങ്ങളിലാണ് വളര്‍ന്നത്. കുറുപ്പിന്റെ ഇളയ മകന് മുമ്പ്് മാധ്യമങ്ങളോട് പറഞ്ഞത്, ‘സംഭവം നടക്കുമ്പോള്‍ താന്‍ വളരെ ചെറിയ കുട്ടിയായിരുന്നു എന്നും, അച്ഛനെക്കുറിച്ച് ഓര്‍മ്മകള്‍ പോലുമില്ല’ എന്നുമാണ്. അച്ഛന്റെ ഈ ഒരൊറ്റ ക്രൂരത കാരണം തങ്ങള്‍ അനുഭവിച്ചത് വലിയ പ്രശ്നങ്ങളും ദാരിദ്ര്യവുമാണെന്ന് മക്കള്‍ വ്യക്തമാക്കുന്നു. മുമ്പൊക്കെ എവിടെപ്പോയാലും പൊലീസ് ഇവരുടെ പിറകില്‍ ഉണ്ടാകുമായിരുന്നു. മുന്‍പ് കുറുപ്പിന്റെ മക്കളുടെ വിവാഹം നടന്ന സമയത്തൊക്കെ, സുകുമാരക്കുറുപ്പ് വേഷം മാറി നാട്ടിലെത്താന്‍ സാധ്യതയുണ്ടെന്ന് കരുതി പോലീസ് വന്‍ സുരക്ഷയും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.
ഒറ്റക്ക് വളര്‍ന്ന കുറുപ്പിന്റെ മക്കള്‍
പക്ഷേ, അച്ഛന്റെ തണലോ സ്വത്തോ ഇല്ലാതെ വളര്‍ന്ന കുറുപ്പിന്റെ രണ്ട് മക്കളും സ്വന്തം കഠിനാധ്വാനത്തിലൂടെ നല്ല നിലയില്‍ എത്തിച്ചേര്‍ന്നു. മൂത്ത മകന് ബിസിനസ്സ് രംഗത്തും ഇളയ മകന് ഗള്‍ഫില്‍ നല്ലൊരു ജോലിയിലുമാണ് ഉള്ളത്. രണ്ട് മക്കളും വിവാഹിതരായി സ്വന്തം കുടുംബങ്ങളുമായി സമാധാനപരമായി ജീവിക്കുന്നു.കുടുംബവും മാധ്യമങ്ങളില്‍ നിന്നും പൊതു ചര്‍ച്ചകളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞുമാറാനാണ് ആഗ്രഹിക്കുന്നത്.

ദയനീയമായ അന്ത്യമായിരുന്നു കേസിലെ മറ്റ് പ്രതികള്‍ക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഭാസ്കരപിള്ളയ്ക്ക് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. വര്‍ഷങ്ങളോളം ജയില്‍ശിക്ഷ അനുഭവിച്ച ശേഷം ഇയാള്‍ പിന്നീട് ജയില്‍ മോചിതനായി. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ മരണപ്പെടുകയും ചെയ്തു. അവസാനകാലത്ത് അമിത മദ്യപാനവും സാമ്പത്തിക പ്രതിസന്ധിയുമൊക്കെയായി ഇയാള്‍ ദുരിതത്തിലായിരുന്നു. മൂന്നാം പ്രതിയായ കുറുപ്പിന്റെ ഡ്രൈവര്‍ ശങ്കരപ്പിള്ളക്കും കോടതി ജീവപര്യന്തം തടവുശിക്ഷ നല്കി. ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ഇയാള്‍ ജയിലിനുള്ളില്‍ വെച്ച് തന്നെ മരിച്ചു. നാലാം പ്രതിയായ കുറുപ്പിന്റെ ഗള്‍ഫിലെ ഓഫീസിലെ വിശ്വസ്തനായിരുന്ന ചാലക്കുടി സ്വദേശി ചാക്കോയെയും കോടതി ശിക്ഷിച്ചിരുന്നു (കൊല്ലപ്പെട്ട ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയുടെ പേരുതന്നെയയാണ് ഇയാള്ക്കെന്നതും വിധിവൈപരീത്യം) അബുദാബിയില്‍ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള ഗൂഢാലോചന കുറ്റത്തിനായിരുന്നു ശിക്ഷ.പക്ഷേ ചിലര്‍ ആസൂത്രിതമായി പ്രചരിപ്പിച്ചത്, കുറപ്പ് ബന്ധുക്കള്‍ക്ക് ഒക്കെ പണം അയക്കുന്നു എന്നായിരുന്നു. അവിടെ വന്നുപോവുന്നുവെന്നും പ്രചാരണം ഉണ്ടായി. പക്ഷേ ഇതെല്ലാം തെറ്റായിരുന്നു. രഹസ്യപ്പോലീസ് വര്‍ഷങ്ങളോളം കുറുപ്പിന്റെ കുടുംബത്തിന്റെ പിന്നാലെയുണ്ടായിരുന്നു. 90നുശേഷം കുറുപ്പിനെ കണ്ടുവെന്ന് പറയുന്ന ജനുവിനായ ഒരു തെളിവും കിട്ടിയിട്ടില്ല.
കുടുംബത്തില്‍ മരണാനന്തര ചടങ്ങുകള്‍ നടന്നിട്ടില്ല അതുകൊണ്ട് അയാള്‍ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ വാദങ്ങളാണ് ഗൂഡാലോചകര്‍ ഉയര്‍ത്തുന്നത്. കുറുപ്പ് ഒളിവില്‍ പോയ ഈ 42 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ പേരില്‍ അത്തരം യാതൊരുവിധ മരണാനന്തര ചടങ്ങുകളും കുടുംബത്തില്‍ നടന്നിട്ടില്ല എന്നത് സത്യമാണ്. അത് പൊലീസിനെപ്പോലെ തന്നെ കുറുപ്പ് മരിച്ചുവെന്ന് ബന്ധുക്കള്‍ക്കും ഒരു വിവരവും കിട്ടാത്തതുകൊണ്ടാണ്. മാത്രമല്ല, കുറുപ്പ് എന്നത് ഇന്ന് മക്കള്‍ക്കുപോലും വെറുക്കപ്പെട്ട മനുഷ്യനാണ്. അയാളുടെ ചടങ്ങുകള്‍ക്ക് ആര്‍ക്കാണ് താല്‍പ്പര്യമുണ്ടാവുക. മാത്രമല്ല ഇന്ന് ജീവിച്ചിരിക്കയാണെങ്കില്‍ കുറുപ്പിന് 85 വയസ്സെങ്കിലും ഉണ്ടാവും. ഒരു കടുത്ത ഹൃദ്രോഗി ഇതുവരെയൊന്നും നില്‍ക്കില്ല എന്നുറപ്പാണ്.

