കൊല്ലം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി എസ് പ്രശാന്തിന് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. എന്നാൽ മുൻ അംഗം എ അജികുമാറിന് ജാമ്യം കിട്ടി. ആരോഗ്യ പ്രശ്നം കണക്കിലെടുത്താണ് അജികുമാറിന് ജാമ്യം നൽകിയത്.
ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്ത്, ബോർഡ് മുൻ അംഗം എ അജികുമാർ എന്നിവർക്ക് 2019 ലെ സ്വർണ കവർച്ചയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്.
ദ്വാരപാലക ശിൽപ പാളികൾ സ്വർണം പൂശാനായി ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസിന് അനുമതി നൽകാൻ തീരുമാനമെടുത്ത ദിവസം പി എസ് പ്രശാന്ത് ഉൾപ്പെടെ ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി ഫോണിൽ സംസാരിച്ചിരുന്ന ഡിജിറ്റൾ രേഖകളാണ് കോടതിയിൽ സമർപ്പിച്ചത്. ബോർഡ് യോഗം ചേരുന്നതിന് മുൻപ് ഇവർ പോറ്റി ഉൾപ്പെടെയുള്ളവരുമായി വാട്‌സാപ്പിലും ബന്ധപ്പെട്ടിരുന്നു.
അജികുമാറും പോറ്റിയും നേരിൽ കണ്ടതിൻ്റെ തെളിവുകളുമുണ്ട്. കൂടാതെ, അജികുമാറിൻ്റെ ശുപാർശയിൽ പോറ്റിയുടെ നേതൃത്വത്തിൽ രണ്ട് പേർക്ക് വീടുവച്ചു നൽകുകയും താക്കോൽദാന ചടങ്ങിൽ ഇരുവരും സംബന്ധിക്കുകയും ചെയ്തു.

