അഖില്‍ മാരാര്‍ക്ക് ഫണ്ട് കിട്ടാത്തതിന്റെ പരാതി; റോബിന്‍ രാധാകൃഷ്ണന്‍ ലക്ഷങ്ങളുടെ കടം വീട്ടിയത് തിരഞ്ഞെടുപ്പിനുശേഷം; ഫണ്ടിന്റെ മറിവില്‍ വന്‍ തട്ടിപ്പെന്ന് വെളിപ്പെടുത്തി പി സി ജോര്‍ജും; ബിജെപിയില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് പരാതി

insight kerala

കെ വി നിരഞ്ജന്‍

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി എത്ര കോടികളാണ് ഒഴുക്കിയത്? ഒന്നിനുപിറകെ ഒന്നായി പാര്‍ട്ടിയെ വിവാദങ്ങള്‍ പിന്തുടരുകയാണ്. നേരത്തെ ട്വന്റി ട്വന്റി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് ബിജെപി കോടികള്‍ കൊടുത്തുവെന്നും, അതൊന്നും തനിക്ക് കിട്ടിയിലെന്നും തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ വെളിപ്പെടുത്തിയിരുന്നു. കുണ്ടറയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍ കോടികളുടെ കടം വീട്ടിയത് ബിജെപി സ്ഥാനാര്‍ത്ഥിയായതിനുശേഷമാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. ഇപ്പോഴും കൊടുക്കാനുള്ള പണം കൊടുക്കാതെ റോബിന്‍ ബിജെപിയുടെ പേരില്‍ ഭീഷണിപ്പെടുത്തുകയാണെന്നും പണം പോയവര്‍ പറയുന്നുണ്ട്.

അതിനിടെയാണ് ബിജെപി ഫണ്ട് വിനിയോഗത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി നേതാവ് പി സി ജോര്‍ജ്ജിന്റെ ഒരു വീഡിയോ ലീക്കാവുന്നത്. പൂഞ്ഞാര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ വലിയ തട്ടിപ്പ് നടന്നെന്നാണ് പി സിയുടെ വെളിപ്പെടുത്തല്‍. പ്രചരണത്തിനായി നാല് കോടി 45 ലക്ഷം രൂപ ചെലവായെന്ന കണക്കാണ് തനിക്ക് തന്നതെന്നും എന്നാല്‍ ലിസ്റ്റില്‍ പേരുള്ള പലരേയും വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമായെന്നും ജോര്‍ജ്ജ് വെളിപ്പെടുത്തി. ബിജെപി യോഗത്തിനിടെ പി സി ജോര്‍ജ് നടത്തിയ നിര്‍ണായക തുറന്നുപറച്ചില്‍ റിപ്പോര്‍ട്ടര്‍ ടീവിയാണ് പുറത്തുവിട്ടത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച തുക പോലും നല്‍കിയില്ലെന്നും ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി സജി കുരിക്കാട് ആണ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നും പി സി ജോര്‍ജ് പറഞ്ഞു. പരമാവധി നാല്‍പ്പത് ലക്ഷം രൂപ മാത്രമേ ചെലവഴിക്കാവൂ എന്ന് ചട്ടമുള്ളപ്പോള്‍ എ ക്ലാസ് മണ്ഡലങ്ങളില്‍ നാലരക്കോടി രൂപ വീതം ചെലവഴിച്ചെന്നും ജോര്‍ജ് വെളിപ്പെടുത്തി. ‘ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച 31000 രൂപ പോലും കൊടുത്തില്ല. അത്ര വൃത്തികെട്ടവന്മാരാണ് പാര്‍ട്ടിയിലുളളത്. പലരും കാറ് വാങ്ങുന്നു. ബിജെപിയുടെ കാശ് കൊണ്ട് കാര്‍ എടുത്താല്‍ ഇടിച്ച് നശിക്കും. മോഷ്ടിച്ചവനെയൊന്നും ദൈവം വെറുതെ വിടുകേല. ഞാനാണ് പ്രാകുന്നത്’,- പി സി ജോര്‍ജ് പറഞ്ഞു.
മണ്ഡലത്തിലെ ഓരോ ബൂത്ത് കമ്മിറ്റികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കായി 31,000 രൂപ വീതം നല്‍കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും ഭൂരിഭാഗം സ്ഥലങ്ങളിലും തുക എത്തിയില്ലെന്ന് ജോര്‍ജ് കുറ്റപ്പെടുത്തിയിരുന്നു. തന്റെ ഉറച്ച കോട്ടയായ തിടനാട് പഞ്ചായത്തില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായതെന്നും, ബൂത്ത് പ്രസിഡന്റിന് നല്‍കാന്‍ ഏല്‍പ്പിച്ച പണം സ്വന്തം കൈയ്യില്‍ വെച്ച പ്രാദേശിക നേതാവിനെ വിളിച്ച് ചീത്തവിളിച്ച് പണം വാങ്ങി വീട്ടിലെ ബൈബിളില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണെന്നും ജോര്‍ജ് പറയുന്നു.

വിവാദമായതോടെ നിഷേധം

ഈ വാര്‍ത്ത വന്‍ വിവാദമായതോടെ നിഷേധിച്ച് പി സി ജോര്‍ജ് രംഗത്തെത്തി.
കഴിഞ്ഞ ജൂലൈ 18-ന് എരുമേലിയില്‍ വെച്ച് നടന്ന ‘ദീന്‍ദയാല്‍’ ബി.ജെ.പി ലീഡര്‍ഷിപ്പ് ക്യാമ്പില്‍ പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പാര്‍ട്ടി ക്യാമ്പിലും പൊതുസമൂഹത്തിലും വന്‍ വിവാദം ഉടലെടുത്തത്. എന്നാല്‍ വീഡിയോ ലീക്കായി പാര്‍ട്ടി സംസ്ഥാന നേതൃത്വവും അണികളും കടുത്ത അമര്‍ഷം രേഖപ്പെടുത്തിയതോടെയാണ് ജോര്‍ജ് മുന്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോയത്. ‘എരുമേലിയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായും തെറ്റിദ്ധാരണ മൂലമാണ്. ഒരു നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാനാകുക 40 ലക്ഷം രൂപ മാത്രമാണ്. എനിക്ക് അത്രപോലും ചെലവായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എരുമേലിയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണ്, അതില്‍ ഞാന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു,’ പി.സി. ജോര്‍ജ് പറഞ്ഞു.

നേരത്തെ സാമ്പത്തിക തട്ടിപ്പിന്റെ പ്രധാന ഉത്തരവാദിയായി ജോര്‍ജ് ചൂണ്ടിക്കാണിച്ച ബി.ജെ.പി മധ്യമേഖലാ ഭാരവാഹി സജി കുര്യക്കാടിന് അദ്ദേഹം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സജി കുരിക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിരമിച്ച മാന്യനായ അധ്യാപകനാണെന്നും അഞ്ച് പൈസ പോലും മോഷ്ടിക്കുന്ന ആളല്ലെന്നും ജോര്‍ജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫണ്ട് തികച്ചും സുതാര്യമായാണ് വിനിയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.

..ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങളെ പൂര്‍ണ്ണമായും തള്ളിയ ജോര്‍ജ് തനതായ ശൈലിയിലാണ് പ്രതികരിച്ചത്. ‘ബി.ജെ.പി വിടുന്ന പ്രശ്നം ഉദിക്കുന്നേയില്ല. തനിക്ക് ഒറ്റ തന്തയേ ഉള്ളൂ, അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദി തന്നെയാണ്. നിലപാട് മാറ്റുന്ന പ്രശ്നമില്ല,’ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ താന്‍ തോല്‍ക്കാന്‍ കാരണം പാര്‍ട്ടി ഫണ്ടിലെ തട്ടിപ്പല്ലെന്നും മറിച്ച് ക്രിസ്ത്യന്‍ സമുദായം ഒറ്റക്കെട്ടായി യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതാണെന്നും ജോര്‍ജ് വിശദീകരിച്ചു.

പക്ഷേ ഒന്നൊഴിയാതെ ഒന്നായി വിവാദങ്ങള്‍ വരുന്നത് ബിജെപി നേതൃത്വത്തെയും വെട്ടിലാക്കുകയാണ്. ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ലക്ഷങ്ങള്‍ നേതാക്കള്‍ മുക്കി എന്ന വാര്‍ത്തകള്‍ അവര്‍ക്ക് പ്രതിരോധിക്കാന്‍ കഴിയുന്നില്ല.

Share This Article