തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹന അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ സർക്കാറിന്റെ നിർണായക തീരുമാനം. സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കാൻ തീരുമാനിച്ചു. അഡ്വ സന്തോഷ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ആകും. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ് സന്തോഷ്. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആകാൻ വിമുഖത ഇല്ല എന്ന് അദ്ദേഹം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഡിജിപിയുടെ ശുപാർശ ഉടൻതന്നെ സർക്കാരിൻറെ മുന്നിലെത്തും. ശേഷം ഉത്തരവിറങ്ങും.
കെഎം ബഷീറിൻറെ ഭാര്യ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നും വിചാരണ കോടതി മാറ്റണമെന്നും രണ്ടാവശ്യങ്ങളാണ് ബഷീറിൻറെ ഭാര്യ കോഡ് ഹൈക്കോടതിയുടെ മുന്നിൽ വച്ചത്.
അതേസമയം വിചാരണയ്ക്കിടെ അഭിഭാഷകൻ മാറുമ്പോൾ കേസ് ഇനിയും നീണ്ടുപോകാൻ സാധ്യതയുണ്ട്. കുടുംബത്തിൻറെ ആവശ്യം പരിഗണിച്ചാണ് സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കാൻ തീരുമാനിച്ചത്.

