തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന LPST റാങ്ക് ഹോൾഡേഴ്സിന്റെ കാര്യത്തിൽ ഒടുവിൽ സർക്കാർ ഇടപെടുന്നു. സമരക്കാരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. ഇന്ന് രാവിലെ 10 30 ന് വിദ്യാഭ്യാസ മന്ത്രിയുമായാണ് ചർച്ച. മന്ത്രിയുടെ ചേംമ്പറിലാണ് ചർച്ച. ഇന്ന് സമരം തുടങ്ങി 37മത്തെ ദിവസമാണ്. മുമ്പ് 7 തവണ സമരക്കാരുടെ പ്രതിനിധികൾ സർക്കാരിനെ കണ്ടിരുന്നു.
സർക്കാരിൻ്റെ ഭാഗത്തുനിന്ന് ചർച്ചയ്ക്ക് വിളിക്കുന്നത് ആദ്യമായാണ്. ഓരോ ദിവസവും തീവ്രമായ സമരമുറകളാണ് ഇവർ അനുഷ്ഠിച്ചിരുന്നത്. പുല്ലുതിന്നും മുട്ടിലിഴഞ്ഞും മണ്ണ് തിന്നും വ്യത്യസ്ത സമരമാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം . അഞ്ചു ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും സർക്കാർ സമരാവശ്യങ്ങൾ പരിഗണിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കാണ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തടസമെന്നാണ് വിവരം. അധ്യാപക വിദ്യാർത്ഥി അനുപാതം 1:25 ആക്കിയാൽ കുറച്ച് ഉദ്യോഗാർത്ഥികൾക്ക് എങ്കിലും ജോലി ലഭിക്കും.

