തിരുവനന്തപുരം: ബിജെപി ഫണ്ട് വിവാദത്തിൽ കോർ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. വി മുരളീധരൻ എംഎൽഎയാണ് വിമർശനം ഉന്നയിച്ചത്. കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടു. എസ് സുരേഷിനും കെ സോമനും എതിരെ വിമർശനം. ഓഫീസ് കേന്ദ്രീകരിച്ച് നടന്നതായി ആരോപിക്കുന്ന ഫണ്ട് തട്ടിപ്പിൽ നിന്ന് ജനറൽ സെക്രട്ടറി എസ്. സുരേഷിന് കൈകഴുകാനാകില്ലെന്നും, തട്ടിപ്പിന് പിന്നിൽ സുരേഷിന്റെ ആളുകളാണെന്നും മുരളീധരൻ ആരോപിച്ചു.
ഓഫീസ് കേന്ദ്രീകരിച്ച് നടന്നതായി ആരോപിക്കുന്ന തട്ടിപ്പിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ജനറൽ സെക്രട്ടറി എസ്. സുരേഷിന് ഒഴിഞ്ഞുമാറാനാകില്ലെന്നും തട്ടിപ്പിന് പിന്നിൽ സുരേഷിന്റെ ആളുകളാണെന്നും വി. മുരളീധരൻ വിഭാഗം ആരോപിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എസ്. സുരേഷിനെ മാറ്റണമെന്ന ആവശ്യവും ഉയർന്നു
വട്ടിയൂർക്കാവിലെ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ആർ. ശ്രീലേഖ പരാതി നൽകിയിട്ടും പാർട്ടി നേതൃത്വം നടപടി സ്വീകരിച്ചില്ലെന്നും മുരളീധരൻ വിഭാഗം വിമർശിച്ചു. വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് സോമനെ സംരക്ഷിച്ചത് ലജ്ജാകരമാണെന്നും വിമർശനമുയർന്നു.
തൃശ്ശൂരിലെ കോടിക്കണക്കിന് രൂപ എങ്ങോട്ടാണ് മാറ്റിയതെന്ന് വ്യക്തമാക്കണമെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. പാർട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ സോമൻ നിഷേധിച്ചു. പാർട്ടി തന്നെ സംരക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറുപടി നൽകിയത്.

