രായലസീമയില്‍ ഇനി പൊന്ന് വിളയും; അശോക ചക്രവര്‍ത്തിയുടെ കാലത്തെ ‘സ്വര്‍ണ്ണഗിരി’യില്‍ ഖനനം; സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനന പദ്ധതിക്ക് തുടക്കം കുറിച്ച് ആന്ധ്രാ പ്രദേശ്

insight kerala

കെ വി നിരഞ്ജന്‍

ഹൈദരബാദ്: ആന്ധ്രപ്രദേശില്‍ വികസനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മേഖലയാണ് രായലസീമ. അനന്തപൂര്‍, ചിറ്റൂര്‍, കടപ്പ, കര്‍ണൂല്‍ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം സംസ്ഥാനത്തെ മറ്റ് തീരദേശ മേഖലകളെ അപേക്ഷിച്ച് വികസനത്തില്‍ ഏറെ പിന്നിലാണ്. പശ്ചിമഘട്ടത്തിന്റെ മഴ നിഴല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഇന്ത്യയില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന രണ്ടാമത്തെ വരണ്ട പ്രദേശമാണിത്. തരിശുഭൂമിയും കഠിനമായ പാറകള്‍ നിറഞ്ഞ മണ്ണും ഇവിടുത്തെ പ്രത്യേകതയാണ്. കൃഷ്ണ, ഗോദാവരി തുടങ്ങിയ വലിയ നദികളില്‍ നിന്നുള്ള വെള്ളം കൃത്യമായി ഈ മേഖലയിലേക്ക് എത്തുന്നില്ല. നിരന്തരമായ വരള്‍ച്ച കാരണം ഇവിടുത്തെ കൃഷി പൂര്‍ണ്ണമായും തകരുകയും കര്‍ഷകര്‍ കടുത്ത കടക്കെണിയിലാവുകയും ചെയ്യുന്നു.വ്യവസായങ്ങളുടെ കുറവും കാര്‍ഷിക തകര്‍ച്ചയും കാരണം ഇവിടുത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ ഉപജീവനത്തിനായി ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ അയല്‍ നഗരങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാകുകയാണ്.

കുറച്ചുകാലം മുന്‍പുവരെ കടപ്പ, കര്‍ണൂല്‍, അനന്തപൂര്‍ തുടങ്ങിയ ജില്ലകളില്‍ നിലനിന്നിരുന്ന പ്രാദേശിക രാഷ്ട്രീയ വിഭാഗീയതയും അക്രമങ്ങളും ഇവിടേക്ക് പുതിയ നിക്ഷേപങ്ങളും വ്യവസായങ്ങളും എത്തുന്നതിന് തടസ്സമായി നിന്നിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ഇതിന് വലിയ മാറ്റം വന്നിട്ടുണ്ട്. അടുത്ത കാലത്തായി കിയ മോട്ടോഴ്സ് പോലുള്ള വന്‍കിട കമ്പനികള്‍ അനന്തപൂരില്‍ എത്തിയതും, സൗരോര്‍ജ്ജ പദ്ധതികളും, നദീസംയോജന പദ്ധതികളും വഴി രായലസീമയുടെ പിന്നാക്കാവസ്ഥ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ രായലസീമയുടെ മുഖഛായ മാറ്റുന്ന ഒരു പുതിയ പന്ധതിക്ക് ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടക്കമിട്ടിരിക്കയാണ്. അതാണ് സ്വകാര്യമേഖലയിലെ സ്വര്‍ണ ഖനനം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ജോന്നഗിരിയില്‍ കോടികളുടെ കനകം

സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനന പദ്ധതിക്ക് തആന്ധ്രാപ്രദേശിലെ ജോന്നഗിരിയില്‍ തടുക്കം കുറിച്ചിരിക്കയാണ്. റായലീസീമയിലെ കര്‍ണൂല്‍ ജില്ലയിലെ തുഗ്ഗലി മണ്ഡലത്തിലാണ് ഈ ജോന്നഗിരി പദ്ധതി വരുന്നത്.
മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജിയോമൈസൂര്‍ സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡെക്കാന്‍ ഗോള്‍ഡ് മൈന്‍സ് എന്നീ കമ്പനികള്‍ സംയുക്തമായാണ് 405 കോടി രൂപയുടെ ഈ വന്‍കിട പദ്ധതി നടപ്പിലാക്കുന്നത്. സ്വര്‍ണ്ണം ഖനനം ചെയ്യുന്നതും വേര്‍തിരിച്ചെടുക്കുന്നതും മുതല്‍ ബാറുകളാക്കി വിപണിയില്‍ എത്തിക്കുന്നത് വരെയുള്ള എല്ലാ പ്രക്രിയകളും ജോന്നഗിരിയില്‍ തന്നെയാണ് നടക്കുക.

പ്രാചീനകാലം മുതല്‍ക്കേ സ്വര്‍ണ്ണ നിക്ഷേപത്തിന് പേരുകേട്ട സ്ഥലമാണ് ജോന്നഗിരി. അശോക ചക്രവര്‍ത്തിയുടെ ഭരണകാലത്ത് (ബി.സി.ഇ 268-232) ഈ പ്രദേശം ‘സ്വര്‍ണ്ണഗിരി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിന് തെളിവായി അശോകന്റെ ലിഖിതങ്ങള്‍ ഇവിടെയുള്ളവ സമീപ പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി 3.6 മുതല്‍ 2.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപപ്പെട്ട ഈ മേഖലയില്‍ സ്വര്‍ണ്ണ അയിരുകളുടെ വലിയ നിക്ഷേപമുണ്ടെന്ന് 1990-കളില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ വിശദമായ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ഏകദേശം 1,500 ഏക്കര്‍ സ്ഥലത്താണ് പദ്ധതി വ്യാപിച്ച് കിടക്കുന്നത്. കമ്പനികള്‍ ഓപ്പണ്‍ പിറ്റ് ഖനന രീതിയും അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് സ്വര്‍ണ്ണ ശുദ്ധീകരണം നടത്തുക. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം 400 കിലോഗ്രാം സ്വര്‍ണ്ണം ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. അടുത്ത ഘട്ടത്തില്‍ ഇത് 900 കിലോഗ്രാം ആയി ഉയര്‍ത്തും. അന്തിമ ഘട്ടത്തില്‍ പ്രതിവര്‍ഷം 2 ടണ്‍ സ്വര്‍ണ്ണ ഉല്‍പ്പാദനമാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി പ്രദേശവാസികളായ നിരവധി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഖനന വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രത്യേക പരിശീലനവും നല്‍കി വരുന്നുണ്ട്. പ്രതിവര്‍ഷം 800 ടണ്ണോളം സ്വര്‍ണ്ണം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയില്‍ കഴിഞ്ഞാല്‍ രാജ്യം ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നത് സ്വര്‍ണ്ണ ഇറക്കുമതിക്കായാണ്. ജോന്നഗിരിയിലെ ആഭ്യന്തര ഉല്‍പ്പാദനം വഴി സ്വര്‍ണ്ണ ഇറക്കുമതി കുറയ്ക്കാനും രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം സംരക്ഷിക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ഇതുകൂടാതെ, ഖനനം ചെയ്യുന്ന സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന്റെ 4 ശതമാനം റോയല്‍റ്റിയായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന് ലഭിക്കും.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രായലസീമ മേഖലയുടെ വികസനത്തില്‍ ഈ പദ്ധതി നിര്‍ണ്ണായക പങ്കുവഹിക്കും. ഇതിനോടകം തന്നെ കുര്‍ണൂലില്‍ വരാനിരിക്കുന്ന ഡ്രോണ്‍ സിറ്റിയും പുട്ടപര്‍ത്തിയിലെ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് പ്രൊജക്റ്റും ഉള്‍പ്പെടെയുള്ള വന്‍കിട വ്യവസായങ്ങളുടെ നിരയിലേക്കാണ് ഇപ്പോള്‍ ഈ സ്വര്‍ണ്ണ ഖനന പദ്ധതിയും എത്തിച്ചേര്‍ന്നിരിക്കുന്നത്.

Share This Article