ഒളിവിലിരുന്ന് ഭീഷണി മുഴക്കി ഒടുവിൽ പൊലീസിൻ്റെ വലയിലായ അർജുൻ ആയങ്കിയ്ക്കെതിരെ കാപ്പ ചുമത്താനാണ് നീക്കം. കാപ്പ ചുമത്തി ജയിലിൽ അടക്കാനാണ് പോലീസ് നീക്കം നടത്തുന്നത്. കൊടും ക്രിമിനൽ എന്ന് പോലീസ് റിപ്പോർട്ട് നൽകും. പോലീസ് ഉടൻതന്നെ കളക്ടർക്ക് റിപ്പോർട്ട് കൈമാറും. രണ്ട് വധശ്രമ കേസ് ഉൾപ്പെടെയുള്ള കേസുകളിൽ അർജുൻ പ്രതിയാണ്. വളപട്ടണം പോലീസ് സ്റ്റേഷനിൽ മാത്രം 12 കേസുകൾ ഉണ്ട്. ആകെ 23 കേസുകളിൽ പ്രതിയാണ്.
കണ്ണൂർ നഗരത്തിൽ നിന്നാണ് അർജുനെ പൊലീസ് പിടികൂടിയത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിൽ നിന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പ്രതിയെ പിടികൂടിയത് എന്നാണ് റിപ്പോർട്ട്. കണ്ണൂരിലെ സൈബർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ പ്രതിയെ മറ്റു കേസുകളുടെ ഭാഗമായി എറണാകുളത്തേക്ക് കൊണ്ടുപോകും എന്നാണ് വിവരം.

