സ്വാതന്ത്ര്യദിന ക്വിസിലെ വി.ഡി സവർക്കറെ പുകഴ്ത്തിയ
വിവാദ ചോദ്യാവലിയിൽ
അധ്യാപകനെ സസ്പെൻഡ് ചെയ്തു.
കാസർകോട് പള്ളത്തടുക്ക AUP സ്കൂൾ അധ്യാപകൻ ഗുരുപ്രസാദിനെയാണ് സസ്പെൻ്റ് ചെയ്തത്. ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരത്തിനുള്ള ചോദ്യം തയ്യാറാക്കിയിരുന്നത്.
ഇന്നലെയാണ് സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി വന്ന വാര്‍ത്ത പുറത്ത് വന്നത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ചോദ്യാവലിയായിരുന്നു വിവാദത്തിലായത്. ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് ഉത്തരം ആയാണ് വി ഡി സവര്‍ക്കര്‍ എന്ന് നല്‍കിയിരുന്നത്.
എല്‍പി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ചരിത്ര വിരുദ്ധമായ ചോദ്യം ഉള്‍പ്പെട്ടത്. മൂന്ന് ഉപജില്ലകളിലെയും സോഷ്യല്‍ സയന്‍സ് ക്ലബ് അസോസിയേഷന്‍ ചുമതലയുള്ള അധ്യാപകര്‍ ചേര്‍ന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ടൈബ്രേക്കര്‍ ചോദ്യമായാണ് ഇത് ഉള്‍പ്പെടുത്തിയിരുന്നത്. ചോദ്യാവലി തയ്യാറാക്കുന്നതിന് പ്രത്യേകം ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉപജില്ലകളില്‍ ഉണ്ടായിരുന്നു. ഇവരുടെ അറിവോടെ തന്നെയാണ് ചോദ്യം ഉള്‍പ്പെട്ടതെന്നാണ് കരുതുന്നത്. സംഭവം വിവാദമായതിന് പിന്നാലെ എഇഒയോട് കാസര്‍കോട് ജില്ലാ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. വിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രിയും റിപ്പോര്‍ട്ട് തേടി.

