“ആരോപണ വിധേയൻ പോലീസ് തലപ്പത്ത്”; ശ്രീജിത്തിനെതിരെ വിമർശനവുമായി സമസ്ത

insight kerala

കോഴിക്കോട്: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കുന്നതില്‍ വിമര്‍ശനവുമായി സമസ്ത. ശ്രീജിത്തിനെ ഡിജിപിയാക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ മുന്‍നിര്‍ത്തിയാണ് സമസ്തയുടെ വിമര്‍ശനം. കോടതിയുടെ വിമര്‍ശനം ഔചിത്യം കൊണ്ടുമാത്രമാണെന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിലെ എഡിറ്റോറിയലില്‍ പറയുന്നു. ‘ധാര്‍മികത മറക്കുന്ന ഭരണകൂട തിടുക്കങ്ങള്‍’ എന്ന എഡിറ്റോറിയലിലാണ് വിമര്‍ശനം. അധികാരത്തിലേറി മൂന്ന് മാസം തികയും മുമ്പാണ് വി ഡി സതീശന്‍ സര്‍ക്കാരിന് നീതിപീഠത്തില്‍ നിന്ന് പഴി കേള്‍ക്കേണ്ടി വന്നതെന്നും വിമര്‍ശനമുണ്ട്.

‘ആരോപണ വിധേയനെ പൊലീസ് തലപ്പത്ത് അവരോധിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്? രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഷിനു ചൊവ്വ, ചിത്തരേശ് നടേശന്‍ എന്നിവരെ വളഞ്ഞവഴിയില്‍ പൊലീസ് സേനയിലെടുത്തത്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ എഡിജിപി എസ് ശ്രീജിത്തും. ഇരുവരുടെയും നിയമനത്തിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും വലിയ പ്രതിഷേധങ്ങളുയര്‍ത്തിയിരുന്നു’, സുപ്രഭാതത്തില്‍ പറയുന്നു

Share This Article