തിരുവനന്തപുരം: ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന്റെ അവധി അപേക്ഷയ്ക്ക് വഴിയൊരുക്കിയ തദ്ദേശ , ആഭ്യന്തര അണ്ടർ സെക്രട്ടറിമാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും. കാരണം കാണിക്കൽ നോട്ടീസ് ഉടൻ നൽകും. രണ്ടുപേരും കെഎഎസ് ഉദ്യോഗസ്ഥരാണ്. ഇന്ന് തന്നെ വിശദീകരണം നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമ മന്ത്രിയുടെയും സ്പെഷ്യൽ സെക്രട്ടറിയുടെയും നിർദ്ദേശം അവഗണിച്ചാണ് അവധി അപേക്ഷയിൽ സർക്കുലർ ഇറക്കിയത്. ഇതിനെ ഗൗരവത്തോടുകൂടിയാണ് തദ്ദേശ വകുപ്പ് നോക്കിക്കാണുന്നത്. തദ്ദേശ അണ്ടർ സെക്രട്ടറിയുടെ സർക്കുലർ ആഭ്യന്തര അണ്ടർ സെക്രട്ടറി അതേരീതിയിൽ മേയർക്ക് അയക്കുകയായിരുന്നു. ഇരു സെക്രട്ടറിമാരും വകുപ്പ് മന്ത്രിമാരെയോ ഉന്നത ഉദ്യോഗസ്ഥരെയോ ഇക്കാര്യം അറിയിച്ചിരുന്നില്ല എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ആണ് പ്രധാനമായും പ്രതിക്കൂട്ടിലുള്ളത്. വകുപ്പുതല നടപടിക്ക് പുറമേ ഉന്നതതല അന്വേഷണവും ഇക്കാര്യത്തിൽ ഉണ്ടാകും.

