തിരുവനന്തപുരം : ശബരിമല തന്ത്രിയുടെ നിയമനത്തിൽ മൂന്നംഗ സമിതിയെ ദേവസ്വം ബോർഡ് നിയമിച്ചു. ബ്രഹ്മദത്തൻ യോഗ്യനാണോ എന്ന് സമിതി പരിശോധിക്കും. സമിതിയുടെ അഭിപ്രായം ഹൈക്കോടതിയെ അറിയിക്കും. ഇന്നു ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ മകനാണ് ബ്രഹ്മദത്തൻ. മകനെ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു.
തന്ത്രിയെ ബോർഡിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി ശബരിമല സ്‌പെഷൽ കമ്മിഷണർ മുഖേന അറിയിച്ചിട്ടുണ്ട്. കണ്ഠര് രാജീവര് ആരോഗ്യ പ്രശ്‌നം കാരണം തന്നെ ഒഴിവാക്കി പകരം മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കത്ത് നൽകിയിരുന്നു. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ ബോർഡിൽ നിന്ന് ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്ന ഇന്റർവ്യൂ ബോർഡിൽ താഴമൺമഠം കുടുംബത്തിൽ നിന്നുള്ള 2 തന്ത്രിമാർ അംഗങ്ങളാകുന്നതാണു കീഴ്‌വഴക്കം. നിലവിൽ കണ്ഠര് മഹേഷ് മോഹനരാണ് ശബരിമല തന്ത്രി സ്ഥാനത്തുള്ളത്. അതേസമയം വരുന്ന മണ്ഡല-മകരവിളക്ക് തീർഥാടനം മുതൽ തന്ത്രിസ്ഥാനത്തിന്റെ ഊഴം കണ്ഠര് രാജീവർക്കാണ്.
കണ്ഠര് മോഹനരും കണ്ഠര് രാജീവരുമാണ് തന്ത്രിസ്ഥാനം മാറിമാറി വഹിച്ചിരുന്നത്. പിന്നീടു മോഹനര് മാറി പകരം മകൻ കണ്ഠര് മഹേഷ് മോഹനര് ചുമതലയിലെത്തി. ഇതിനു പിന്നാലെയാണ് ഇപ്പോൾ രാജീവരും തന്റെ മകനു സ്ഥാനം കൈമാറാൻ അനുമതി തേടിയിരിക്കുന്നത്.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായതിനെ തുടർന്നാണു തന്ത്രിസ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിൽക്കാൻ കണ്ഠര് രാജീവര് തീരുമാനിച്ചതെന്നാണു വിവരം. കേസിൽ ജയിലിൽ നിന്നു പുറത്തിറങ്ങിയ ശേഷം അദ്ദേഹം ശബരിമലയിൽ എത്തിയിട്ടില്ല. അനാരോഗ്യം മൂലം ആത്മീയ ചുമതലകൾ നിറവേറ്റുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവാദങ്ങളും നിയമനടപടികളും നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വയം മാറിനിൽക്കുന്നതാണ് ഉചിതമെന്ന വിലയിരുത്തലും തന്ത്രി കുടുംബത്തിനുണ്ട്.

