വാരാന്തപ്പതിപ്പ് വിവാദം അവസാനിക്കുന്നില്ല. ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റർ കെ ആർ അജയന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. വാർത്ത മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നും പാർട്ടിക്കും പത്രത്തിനും അവമതിപ്പുണ്ടാക്കിയെന്നുമാണ് ചൂണ്ടിക്കാട്ടിയാണ് മെമ്മോ നൽകിയിരിക്കുന്നത് . ദേശാഭിമാനി റസിഡൻ്റ് എഡിറ്റർ എം സ്വരാജ് ആണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ‘കള്ളൻ വിജയൻ’ ലേഖനം പേരു മാറ്റണമെന്നും ഒഴിവാക്കണമെന്നും മീറ്റിങ്ങിൽ നിർദേശിച്ചിട്ടും എന്തുകൊണ്ടാണ് തയ്യാറാകാത്തത് എന്നും ആ നിലപാടാണ് ഇത്രയേറെ വിവാദം ഉണ്ടാക്കാൻ കാരണമായതെന്നും നോട്ടീസിൽ പറയുന്നുണ്ട്. ഇന്ന് വൈകിട്ട് നാലുമണിക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.
അതേസമയം വരാന്ത പതിപ്പ് പ്രസിദ്ധീകരിക്കാത്തതിനെത്തുടർന്ന് ഇന്നലെ വിവാദം ഉണ്ടായപ്പോൾ കള്ളൻ വിജയൻ എന്നൊരു ലേഖനമേ ഇല്ല എന്നാണ് എം സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് വരാന്ത പതിപ്പ് ഒഴിവാക്കാനുള്ള കാരണമായി വിശദീകരിച്ചത്. എന്നാൽ ഇപ്പോൾ യഥാർത്ഥ കാരണം കള്ളൻ വിജയൻ ലേഖനം തന്നെയാണ് എന്ന് ബോധ്യപ്പെടുന്നതാണ് ഈ നോട്ടീസ്.

