മൂന്ന് ദിവസം കൊണ്ട് നേടിയത് 2546 കോടി രൂപ; റിലീസ് ചെയ്ത ദിവസങ്ങള്‍ക്കുള്ളില്‍ ലാഭം നേടി ‘ഒഡീസ്സി’; ചിത്രം ക്ലാസിക്കെന്ന് നിരൂപകര്‍; വീണ്ടും നോളന്‍ ഇഫക്റ്റ്!

insight kerala

കെ വി നിരഞ്ജന്‍

വീണ്ടും നോളന്‍ ഇഫക്റ്റ്! ലോകമെങ്ങും ആരാധകരുള്ള സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ബ്രഹ്‌മാണ്ഡ ചിത്രം ‘ദി ഒഡീസ്സി’ തിയറ്ററുകളിലും ചരിത്രം രചിക്കുന്നു. ഹോമറിന്റെ പ്രശസ്തമായ ഗ്രീക്ക് ഇതിഹാസ കാവ്യത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം റിലീസിന് എത്തിയ ആദ്യ വാരാന്ത്യത്തില്‍ തന്നെ ബോക്‌സ് ഓഫീസില്‍ വന്‍ റെക്കോര്‍ഡുകളാണ് ഭേദിച്ചിരിക്കുന്നത്. ഗ്രാഫിക്‌സ് പരമാവധി ഒഴിവാക്കി യഥാതഥമായ ദൃശ്യാനുഭവം സമ്മാനിക്കാന്‍ നോളന്‍ ഒരിക്കല്‍ കൂടി ശ്രമിച്ചപ്പോള്‍ ലോകമെമ്പുടുമുള്ള സിനിമാപ്രേമികള്‍ ചിത്രം ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഐമാക്‌സ് ക്യാമറകളില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ ഫീച്ചര്‍ ചിത്രം എന്ന പ്രത്യേകതയോടെയെത്തിയ ‘ഒഡീസ്സിക്കായി’ വലിയ കാത്തിരിപ്പായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നത്. റിലീസിന് മുന്‍പ് തന്നെ ഐമാക്‌സ് സ്‌ക്രീനുകളില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ ചിത്രം, തിയറ്ററുകളില്‍ എത്തിയ ആദ്യ പ്രദര്‍ശനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ആദ്യ മൂന്ന് ദിവസങ്ങളില്‍ നിന്ന് മാത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് ഞെട്ടിക്കുന്ന കണക്കുകളാണ്. നിര്‍മ്മാതാക്കളായ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക കണക്കുപ്രകാരം ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയത് 264 മില്യണ്‍ ഡോളറാണ് (ഏകദേശം 2546 കോടി രൂപ).

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഏറ്റവും അത്ഭുതകരമായ കാര്യം, ആദ്യ വാരാന്ത്യത്തിലെ കളക്ഷന്‍ കൊണ്ട് മാത്രം ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് പൂര്‍ണ്ണമായും തിരിച്ചുപിടിച്ചു എന്നതാണ്. ഏകദേശം 250 മില്യണ്‍ ഡോളര്‍ (2411 കോടി രൂപ) ആയിരുന്നു ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാറ്റ്മാന്‍ ഫ്രാഞ്ചൈസി സിനിമകള്‍ക്ക് ശേഷം ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തിന്റെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷനാണിത്. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് മാത്രം ചിത്രം 124.5 മില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ വിപണികളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

എന്താണ് ഒഡീസി

ഒഡീസി എന്ന ചിത്രം ട്രോജന്‍ യുദ്ധത്തിനുശേഷം ഇതാക്കയിലെ രാജാവായ ഒഡീസിയസ് തന്റെ ജന്മനാട്ടിലേക്ക് നടത്തുന്ന അപകടകരമായ തിരിച്ചുവരവിന്റെ കഥയാണ് പറയുന്നത്.ട്രോയ് നഗരവുമായുള്ള 10 വര്‍ഷത്തെ യുദ്ധം ജയിച്ച ശേഷം ഒഡീസിയസും അദ്ദേഹത്തിന്റെ സൈനികരും സ്വന്തം രാജ്യമായ ഇതാക്കയിലേക്ക് കടല്‍ മാര്‍ഗ്ഗം യാത്ര തിരിക്കുന്നു. എന്നാല്‍ പോസിഡണ്‍ ഉള്‍പ്പെടെയുള്ള ഗ്രീക്ക് ദൈവങ്ങളുടെ കോപവും, ഒറ്റക്കണ്ണന്‍ രാക്ഷസനായ സൈക്ലോപ്‌സ്, മനുഷ്യനെ വശീകരിക്കുന്ന സൈറനുകള്‍, മാന്ത്രിക ശക്തിയുള്ള വിച്ചുകള്‍ തുടങ്ങിയ ഭയാനകമായ പ്രതിബന്ധങ്ങളും കാരണം ആ യാത്ര 10 വര്‍ഷം നീണ്ടുപോകുന്നു.

തന്റെ ഭര്‍ത്താവ് ജീവനോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന പെന്നിലോപ്പി എന്ന ഭാര്യയുടെയും അച്ഛനെ തിരഞ്ഞിറങ്ങുന്ന മകന്‍ ടെലിമാക്കസിന്റെയും കാത്തിരിപ്പും ഈ യാത്രയുമാണ് സിനിമയുടെ പ്രമേയം. അസാധ്യമായ മേക്കിംഗ് എന്നാണ് ചിത്രത്തിന്റെ അന്താരാഷ്ട്ര തലത്തില്‍വരുന്ന റിവ്യുകള്‍. പ്രായോഗിക ഇഫക്റ്റുകളും യഥാര്‍ത്ഥ ലൊക്കേഷനുകളും ഉപയോഗിച്ച് പൂര്‍ണ്ണമായും ഐമാക്‌സ് ക്യാമറകളില്‍ ചിത്രീകരിച്ച ഈ സിനിമ ഒരു ദൃശ്യവിസ്മയമാണ്. ഒഡീസിയസായി വേഷമിട്ട മാറ്റ് ഡാമന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണിത്. ടോം ഹോളണ്ട്, ആന്‍ ഹാത്വേ, റോബര്‍ട്ട് പാറ്റിന്‍സണ്‍, സെന്‍ഡയ എന്നിവരടങ്ങുന്ന വന്‍ താരനിര തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി.

ലുഡ്വിഗ് ഗൊറാന്‍സണിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ സൗണ്ട് ഡിസൈനും തിയേറ്റര്‍ അനുഭവം മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. പക്ഷേ ചില നിരൂപകരുടെ അഭിപ്രായത്തില്‍, ചിത്രത്തിന് വിഷ്വല്‍ ഗംഭീര്യം ഉണ്ടെങ്കിലും നോളന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് വൈകാരികമായ ആഴം അല്പം കുറവാണ്.നോളന്‍ സ്‌റ്റൈലിലുള്ള ഒരു എപ്പിക് ആക്ഷന്‍ ഫാന്റസി ചിത്രമാണിത്. തിയേറ്ററുകളില്‍ നിന്ന് തന്നെ കണ്ടനുഭവിക്കേണ്ട ഒരു മാസ്റ്റര്‍പീസ് തന്നെയാണിത്.

Share This Article