പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി-ഡി വൈ എഫ് ഐ പോര് കടുക്കുന്നു. ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന് ആവര്‍ത്തിച്ച് പറഞ്ഞതോടെയാണിത്. ‘ആശുപത്രികള്‍ക്കകത്തെ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കില്ല. അത് എന്തുവിലകൊടുത്തും തടയും. യു ഡി എഫ് സര്‍ക്കാരിന്റെ നയമാണത്. കമ്മ്യൂണിറ്റി കിച്ചന് വഴി മാത്രമേ ആശുപത്രിക്കുള്ളില്‍ ഭക്ഷണം നല്‍കാവൂ. വിഷയത്തില്‍ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും കെ മുരളീധരൻ അറിയിച്ചു.
എന്നാൽ ഇതിനെ എതിർത്തുകൊണ്ട് ഡിവൈഎഫ്ഐയും ബിജെപിയും രംഗത്തുണ്ട്. പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രി ഈഗോ ഒഴിവാക്കണമെന്ന് പി.എ മുഹമ്മദ് റിയാസ് എം.എൽ.എ. പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്ന ഇത്തരം കാരുണ്യപ്രവർത്തനങ്ങളിൽ വൈരാഗ്യ ബുദ്ധിയോടെയുള്ള സമീപനം ഒഴിവാക്കി, എല്ലാവരെയും ചേർത്തുപിടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതിച്ചോറ് വിതരണത്തെ എന്തിനാണ് ശത്രുതയോടെ കാണുന്നതെന്ന് അദ്ദേഹം ചോദിച്ചു. നിലവിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പൊതിച്ചോറുകൾ വിതരണം ചെയ്യുന്നത്. ഇത്തരം കാര്യങ്ങളിൽ ചർച്ചകൾ നടത്താൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
രാഷ്ട്രീയത്തിന്റെ പേരിൽ സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരിക്കരുതെന്ന് മുൻ മന്ത്രി പി രാജീവും പ്രതികരിച്ചു. എല്ലാ ആശുപത്രികളിലും സർക്കാർ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങട്ടെ. എൽഡിഎഫ് സർക്കാർ എറണാകുളം ജനറൽ ആശുപത്രിയിൽ തുടങ്ങി വിജയിച്ചതാണ്. സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരുന്നാൽ അത് സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും പി രാജീവ് പറഞ്ഞു. ആശുപത്രികളിലെ പൊതിച്ചോർ വിതരണത്തിൽ കെ മുരളീധരൻ്റെ നിലപാടിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതികരിച്ചു. സംഘടനകളുടെ പൊതിച്ചോർ വിതരണത്തെ എതിർക്കേണ്ടെന്നും സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചൻ നടക്കില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

