എം റിജു
കൊച്ചി: കടവന്ത്ര സ്വദേശിയും യുകെയിലെ പ്രവാസി സംരംഭകനുമായ ജോണ്‍ സേവ്യറുടെ മദ്യ ബ്രാന്‍ഡായ മണവാട്ടി, 96.2% ആല്‍ക്കഹോള്‍ അടങ്ങിയ പുതിയ പതിപ്പ് പുറത്തിറക്കി ആഗോള മദ്യവിപണിയില്‍ ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ്. ഇതുവരെ ലോകത്തിലെ ഏറ്റവും വീര്യം കൂടിയ മദ്യമായി അറിയപ്പെട്ടിരുന്ന പൊളോണിയം ബ്രാന്‍ഡായ ‘സ്പിരൈറ്റസ് റെക്റ്റിഫൈഡ് സ്പിരിറ്റിനെ’ (96% ആല്‍ക്കഹോള്‍) മറികടന്നാണ് ‘മണവാട്ടി കുട്ടിച്ചാത്തന്‍ 96.2’ വിപണിയിലെത്തുന്നത്.
ജോണ്‍ സേവ്യര്‍ യുകെയില്‍ സ്ഥാപിച്ച ലണ്ടന്‍ ബാരണ്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇത് നിര്‍മിക്കുന്നത്. ഉയര്‍ന്ന വീര്യമുള്ളതിനാല്‍ നേരിട്ട് കഴിക്കാന്‍ സാധിക്കില്ല. പ്രധാനമായും കോക്ടെയിലുകള്‍ തയ്യാറാക്കാനും മറ്റ് പാനീയങ്ങളുമായി മിക്‌സ് ചെയ്യാനുമാണ് ഇത് ഉപയോഗിക്കുന്നത്. 50 മില്ലിയുടെ ചെറിയ കുപ്പികളിലാണ് ഇത് വിപണിയിലെത്തുന്നത്. കൃത്രിമ നിറങ്ങളോ, പഞ്ചസാരയോ, കൊഴുപ്പോ, അന്നജമോ ചേര്‍ക്കാതെ പൂര്‍ണ്ണമായും ധാന്യങ്ങളില്‍ നിന്നാണ് യുകെയുടെ കര്‍ശനമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഇത് നിര്‍മ്മിക്കുന്നത്.
കേരള വാറ്റിന്റെ ഓര്‍മ്മയില്‍
ഇന്ത്യയിലെ നാടന്‍ വാറ്റ് രീതിക്കൊപ്പം അത്യാധുനിക മദ്യനിര്‍മാണ ഉപകരണങ്ങളും കൂടി സമന്വയിപ്പിച്ചാണ് ‘മണവാട്ടി’യുടെ ഉത്പാദനം. കേരളത്തിന്റെ പരമ്പരാഗത നാടന്‍ വാറ്റുചാരായത്തിന്റെ ഓര്‍മ്മകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തുടങ്ങിയ മണവാട്ടി ബ്രാന്‍ഡിന്റെ ആദ്യകാല 44% എബിവി പതിപ്പ് നേരത്തെ തന്നെ ലണ്ടന്‍ സ്പിരിറ്റ്‌സ് കോംപറ്റീഷന്‍, അന്താരാഷ്ട്ര വൈന്‍ ആന്‍ഡ് സ്പിരിറ്റ് കോംപറ്റീഷന്‍ എന്നിവയില്‍ വെങ്കല മെഡലുകള്‍ നേടി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഈ ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും ലഭ്യമാണ്്.

ഈ ബ്രാന്‍ഡ് നിലവില്‍ മൂന്ന് വ്യത്യസ്ത വീര്യങ്ങളില്‍ ലഭ്യമാണ്.ഒറിജിനല്‍ മണവാട്ടി: 44% ആല്‍ക്കഹോള്‍, മണവാട്ടി ഓവര്‍ പ്രൂഫ് 71% വീര്യം, മണവാട്ടി മാജിക് ബ്ലൂ 37.5% വീര്യം എന്നിവയാണ് അവ. യുകെ, യൂറോപ്പ്, യുഎഇ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ഇതിനകം വലിയ സ്വീകാര്യത നേടിയ മദ്യമാണ് മണവാട്ടി.
വീര്യത്തിനൊപ്പം മികച്ച ഗുണനിലവാരവും പുതിയ മണവാട്ടി ഉറപ്പുനല്‍കുന്നുണ്ട്. പഞ്ചസാര, കൊഴുപ്പ്, അന്നജം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് നിര്‍മാണം. കൃത്രിമ നിറങ്ങളോ ഫ്‌ലേവറുകളോ ഇതില്‍ ചേര്‍ക്കുന്നില്ല. യുകെയിലെ കര്‍ശനമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ച്, പൂര്‍ണ്ണമായും ശുദ്ധമായ വാറ്റ് ശൈലിയിലാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. പുതിയ പതിപ്പ് വൈകാതെ തന്നെ മിഡില്‍ ഈസ്റ്റ് വിപണികളിലും കൊച്ചി ഉള്‍പ്പെടെയുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും ലഭ്യമാകുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
കേരളത്തിലെ സാധാരണ ബെവ്കോ ഔട്ട്ലെറ്റുകളില്‍ ഇത് വാങ്ങാന്‍ കിട്ടില്ല. കേരളത്തില്‍ വാറ്റുചാരായത്തിന് നിരോധനമുള്ളതിനാല്‍, സംസ്ഥാനത്തെ പൊതുവിപണിയിലോ സാധാരണ ബെവ്‌കോ ഔട്ട്ലെറ്റുകളിലോ ബാറുകളിലോ ഇത് നിയമപരമായി വില്‍ക്കാന്‍ സാധിക്കില്ല. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ വഴി മാത്രമാണ് നിലവില്‍ ഇത് കേരളത്തില്‍ വിതരണം ചെയ്യുന്നത്. വിദേശത്തുനിന്ന് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൊച്ചി ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് ഇത് നികുതിയില്ലാതെ നേരിട്ട് വാങ്ങാം.
യാത്രക്കാര്‍ക്ക് കൊച്ചി ഡ്യൂട്ടി ഫ്രീയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മണവാട്ടി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. വിദേശത്തുനിന്നും നാട്ടിലേക്ക് വരുന്ന പ്രവാസി മലയാളികള്‍ക്ക് വലിയൊരു ലഗേജ് ഭാരമില്ലാതെ തന്നെ കൊച്ചിയില്‍ വന്നിറങ്ങി ഈ ‘നാടന്‍ രുചി’ സ്വന്തമാക്കാം. 44 ശതമാനം ആള്‍ക്കഹോള്‍ അടങ്ങിയത്, 3500 രൂപയും, 71 ശതമാനത്തിന് 5520 രൂപയുമാണ് വില.

