കോഴിക്കോട്: സ്വതന്ത്രചിന്തകനും എക്സ്മുസ്ലീമുമായ ആരിഫ് ഹൂസൈന് തെരുവത്ത് അവതരിപ്പിക്കുന്ന, ‘കോയാ കോളിങ്്’ എന്ന യുട്യൂബ് പ്രോഗ്രാമിന്റെ വാര്‍ഷികാഘോഷം ജൂലൈ 19ന് ഞായറാഴ്ച, കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മലപ്പുറം ജില്ലയിലെ തിരൂരില്‍ മെയ് 24ന് നടത്താന്‍ നിശ്ചയിച്ചിരുന്ന, പരിപാടി മതമൗലികവാദികളുടെ ഭീഷണിമൂലമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.
സോഷ്യല്‍മീഡിയ ആക്റ്റീവിസ്റ്റും യു ട്യൂബറുമായ ഡോ ആരിഫ്ഹുസൈന്‍ തെരുവത്ത് തന്റെ യു ട്യൂബ് ചാനലിലുടെ അവതരിപ്പിക്കുന്ന ഒരു ചോദ്യോത്തര പരിപാടിയാണ് ‘കോയാ കോളിങ്്്’. വിശ്വാസികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ആരിഫ് നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. വളരെ പെട്ടന്നാണ് ഈ പരിപാടി സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിങ്ങായി മാറിയത്. മതവിശ്വാസികള്‍ക്ക് തങ്ങളുടെ മതത്തെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ലെന്നും മനസ്സിലായത്, അടിസ്ഥാന ഗ്രന്ഥങ്ങും പ്രമാണങ്ങളും കമ്പ്യൂട്ടറില്‍ ഡിസ്പ്ലേ ചെയ്തുകൊണ്ട് ആരിഫ് അതേക്കുറിച്ച് പറയുമ്പോഴാണ്. മതത്തില്‍ ഒളിഞ്ഞ് കിടക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഗങ്ങള്‍ ആരിഫ് എടുത്തുകാണിച്ചു. അതുകൊണ്ടുതന്നെ ഒരുപാട് പേര് മതം ഉപേക്ഷിക്കുന്നതിനും ഈ പരിപാടി ഇടയാക്കി. കഴിഞ്ഞ ഒരുവര്‍ഷമായി നടക്കുന്ന ഈ പരിപാടി കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ വലിയ മാറ്റം കണക്കിലെടുത്ത്, നോണ്‍ റിലീജിയസ് സിറ്റിസണ്‍സ് ( എന്‍ ആര് സി) എന്ന ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമാണ് ‘കോയ കോളിങ്ങ്’ പരിപാടിയുടെ വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ പദ്ധതിയിട്ടത്്.
എന്നാല്‍ പരിപാടി പ്രഖ്യാപിച്ച അന്നുമുതല്‍ തുടര്‍ച്ചയായ ഭീഷണിയാണ് ഉണ്ടായത്. ആരിഫ് തിരൂരില്‍ ഇറങ്ങിയാല്‍ കാലുവെട്ടുമെന്നും കല്ലെറിയുമെന്നും സോഷ്യല്‍ മീഡിയയിലൂടെ മതമൗലികവാദികള്‍ ഉറഞ്ഞുതുള്ളി. ഓഡിറ്റോറിയം ഉടമക്കും ഭീഷണിയുണ്ടായി. എന്നാല്‍ പൊലീസ് ആവട്ടെ ആവശ്യമായ സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന അഴകൊഴമ്പന്‍ നിലപാടാണ് എടുത്തത്. ഇതോടെയാണ് പരിപാടി കോഴിക്കോട്ടേക്ക് മാറ്റിയത്.
വിപുലമായ സെഷനുകള്‍
ജൂലൈ 19ന് ഞായറാഴ്ച രാവിലെ 9 മണിമുതലാണ്, കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളില്‍ പരിപാടി തുടങ്ങുന്നത്. ഒരു മുന്‍ മദ്രസ ഉസ്താദാണ് ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്നത്. അതിനുശേഷം ആരിഫ് ഹുസൈന് തെരുവത്തും ഷാജിത അസീസും തമ്മില്ലുള്ള സംവാദം നടക്കും. ‘ഇസ്ലാമിക വിമര്‍ശനം തലമുറകളിലൂടെ’ എന്ന വിഷയത്തില്‍ മുതിര്‍ന്ന സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ, അബ്ദുല്‍ അലിമാഷ്, പുതുതലമുറയിലെ മതിവമര്ശകനായ ജാഫര്‍ ചളിക്കോടുമായി സംവദിക്കും. തുടര്‍ന്ന്, ‘ഇസ്ലാമോലെഫ്റ്റും ഇറാനും’ എന്ന വിഷയത്തില്‍ എം റിജു സംസാരിക്കും. ഉച്ചഭക്ഷണത്തിനുശേഷം 1.30 ഓടെ, അനീസ് എം. ലത്തീഫ് നടത്തുന്ന, സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോയാണ്. തുടര്‍ന്ന് ‘ ‘പ്രണയപ്പച്ചയോ… ലൗ ജിഹാദോ’ എന്ന പാനല്‍ ഡിസ്ക്കഷനാണ്. അതില്‍, ഒ. ശ്രുതി, ഡോ.അനഘ ജയഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. കെ എച്ച് ഷാജഹാന് മോഡറേറ്ററായിരിക്കും.
എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എ പി അഹമ്മദും പ്രസാദ് വേങ്ങരയുമായുള്ള സംഭാഷണമാണ് തുടര്‍ന്ന്. ശേഷം, അഞ്ജലി ആരവ് നടത്തുന്ന, ‘ഉടലുകള്‍ക്ക് തീപിടിക്കുമ്പോള്‍’ എന്ന സോളോ പെര്‍ഫോമെന്‍സാണ്. അതിനുശേഷം ആരിഫ്ഹുസൈന്‍ തെരുവത്തിന്റെ ലൈവ് കോയകോളിങ്ങിലൂടെയാണ് പരിപാടിക്ക് സമാപനമാവുന്നത്. ഹരീഷ് തങ്കം സ്വാഗതവും, അജയന് വേങ്ങര നന്ദിയും പറയും.

