തിരുവനന്തപുരം : ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ എം ആർ അജിത്കുമാറിനെതിരായ പുതിയ റിപ്പോർട്ട് എസ് ഐ ടി ഡിജിപിക്ക് സമർപ്പിച്ചു. അതിവേഗത്തിലാണ് എസ്ഐടി റിപ്പോർട്ട് നൽകിയിരിക്കുന്നത്. പുതിയ റിപ്പോർട്ടിൽ അജിത്കുമാറിന്റെ പേര് എടുത്തു പറയുന്നുണ്ട്. ആദ്യം നൽകിയ റിപ്പോർട്ടിൽ വ്യക്തത പോരാ എന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപി മടക്കി അയച്ചത്. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഇടപെട്ടു എന്നാണ് ആദ്യ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. എം ആർ അജിത് കുമാറിന്റെ പേര് പ്രതിപാദിച്ചിരുന്നില്ല. ആ റിപ്പോർട്ടാണ് കൂടുതൽ വ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടി ഡിജിപി തിരിച്ചയച്ചത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ കൂടുതൽ വ്യക്തത വരുത്തി അജിത് കുമാറിൻറെ പേരെടുത്തു പറഞ്ഞ് പുതിയ റിപ്പോർട്ട് എസ്.ഐ.ടി സംഘം പോലീസ് മേധാവിക്ക് സമർപ്പിച്ചിരിക്കുന്നു. ഇതോടെ അജിത് കുമാറിനെതിരെ ഡിജിപി എന്ത് നടപടിയെടുക്കും എന്നാണ് അറിയേണ്ടത്. ഡിജിപി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണം. ഡിജിപി നൽകുന്ന ശുപാർശ കൂടി പരിഗണിച്ചാണ് ആഭ്യന്തരവകുപ്പ് നടപടിയെടുക്കുന്നത്. അതിനാൽ സംസ്ഥാന പോലീസ് മേധാവിയുടെ തീരുമാനം നിർണായകമാകും.
അതേസമയം ഡിജിപിക്കുള്ള സ്ഥാനക്കയറ്റത്തിന് സ്ക്രീനിംഗ് കമ്മിറ്റി യോഗം ഈ മാസം ഇരുപതിനാണ് ചേരുന്നത്. അതിനുമുമ്പ് സർക്കാറിന് മുന്നിൽ ഡിജിപി റിപ്പോർട്ട് നൽകണം. ഇക്കാര്യത്തിൽ സർക്കാറിന്റെ നിലപാട് എന്താകും എന്നാണ് അറിയേണ്ടത്.
