എം റിജു
ആയത്തുള്ള ഖാമനേയിയുടെ ചിത്രത്തിനൊപ്പം, ഇറാന്‍ ഫുട്‌ബോള്‍ ടീമിന്റെ പടം വെക്കുന്ന ആരാധകര്‍ കേരളത്തില്‍പോലുമുള്ള കാലമാണിത്. ഇറാന്‍ എല്ലാവിധ കായിക വിനോദങ്ങളും പ്രോല്‍സാഹിപ്പിക്കുന്ന രാഷ്ട്രമാണ് എന്ന് പറയുന്ന നരേറ്റീവുകള്‍ ഉയരുമ്പോള്‍, ഇറാനിലെ ഒരു വനിതാ ഫുട്‌ബോള്‍ ആരാധികക്ക് സംഭവിച്ച ദുരന്തം സോഷ്യല്‍ മീഡിയില്‍ പ്രചരിക്കയാണ്. സഹര്‍ ഖോദയാരി എന്ന ഫുട്‌ബോള്‍ ആരാധികക്ക് സംഭവിച്ച ദുരന്തമാണ് ചര്‍ച്ചയാവുന്നത്.
2019 സെപ്റ്റംബറിലാണ് അന്താരാഷ്ട്ര തലത്തില്‍ വലിയ ജനശ്രദ്ധയും പ്രതിഷേധവും ഉണര്‍ത്തിയ ഈ ദാരുണമായ സംഭവം നടന്നത്. ഇറാനിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ എസ്‌തേഗ്ലാല്‍ ടീമിന്റെ കടുത്ത ആരാധകയായിരുന്നു 29 കാരിയായ സഹര്‍. ടീമിന്റെ ജേഴ്‌സി നിറം നീലയായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ അവര്‍ ‘ബ്ലൂ ഗേള്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇറാനില്‍ 1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം സ്ത്രീകള്‍ക്ക് സ്റ്റേഡിയങ്ങളില്‍ കയറി പുരുഷന്മാരുടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ നേരിട്ട് കാണുന്നതിന് കര്‍ശനമായ വിലക്കുണ്ടായിരുന്നു. എന്നാല്‍ 2019 മാര്‍ച്ചില്‍ ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തില്‍ നടന്ന എസ്‌തേഗ്ലാല്‍ ടീമിന്റെ മത്സരം കാണാന്‍ സഹര്‍ പുരുഷ വേഷം ധരിച്ച് ഒളിച്ച് കയറി. തലയില്‍ നീല വിഗ്ഗും നീളമുള്ള കോട്ടും ധരിച്ച് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച അവരെ സുരക്ഷാ ജീവനക്കാര്‍ തിരിച്ചറിയുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അറസ്റ്റിനു ശേഷം മൂന്ന് ദിവസം ജയിലില്‍ കഴിഞ്ഞ സഹറിന് പിന്നീട് ജാമ്യം ലഭിച്ചു. തുടര്‍ന്ന് 2019 സെപ്റ്റംബര്‍ 2-ന് ടെഹ്റാനിലെ ഇസ്ലാമിക് റവല്യൂഷണറി കോടതിയില്‍ കേസ് പരിഗണനയ്ക്ക് വന്നു. കൃത്യമായ ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടു, നിയമപാലകരെ അപമാനിച്ചു തുടങ്ങിയ കുറ്റങ്ങളാണ് അവര്‍ക്കെതിരെ ചുമത്തിയത്. അന്ന് കോടതിയില്‍ ജഡ്ജി ഇല്ലാതിരുന്നതിനാല്‍ കേസ് മാറ്റിവെച്ചെങ്കിലും, തനിക്ക് 6 മാസം മുതല്‍ 2 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി ജീവനക്കാരില്‍ നിന്നും സഹര്‍ അറിഞ്ഞു. വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുമെന്ന ഭയത്താലും ഈ അനീതിയിലുള്ള പ്രതിഷേധത്താലും അവര്‍ കോടതിക്ക് പുറത്തിറങ്ങി ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി. ശരീരത്തില്‍ 90 ശതമാനത്തിലധികം പൊള്ളലേറ്റ സഹര്‍, ഒരാഴ്ചയോളം ആശുപത്രിയില്‍ മരണത്തോട് പോരാടിയ ശേഷം 2019 സെപ്റ്റംബര്‍ 9-ന് മരണത്തിന് കീഴടങ്ങി.
ഈ സംഭവം ഇറാനിലെ സ്ത്രീവിരുദ്ധ നിയമങ്ങള്‍ക്കെതിരെ വലിയ ജനരോഷത്തിന് കാരണമായി. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ ഇറാന്‍ സര്‍ക്കാരിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയും, ഇതിന്റെ ഫലമായി വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാനില്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശിച്ച് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഭാഗികമായി അനുമതി ലഭിക്കുകയും ചെയ്തു.

