എം റിജു
‘കശ്മീരിലെ കശാപ്പുകാരന്‍’ എന്ന് അറിയപ്പെടുന്ന കൊലപാതികയാണ് ബിട്ട കരാട്ടെ എന്ന പേരില്‍ അറിയപ്പെടുന്ന, ഫാറൂഖ് അഹമ്മദ് ദാര്‍. പാകിസ്ഥാന്‍ സാമ്പത്തിക സഹായത്തോടെ കാശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിംഗ് നടത്തി എന്ന കേസില്‍ 2019-ല്‍ എന്‍ഐഎ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണിയാള്‍. എന്നാല്‍ ബിട്ട കാരാട്ടെക്കെതിരായ പഴയ കൊലപാതക കേസുകള്‍ പുനരന്വേഷിക്കുന്നതിനും വിചാരണ ചെയ്യുന്നതിനും വേണ്ടിയുള്ള നിയമനടപടികള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
1990-കളിലെ കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായന കാലത്ത്, താന്‍ 20-ലധികം കാശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ബിട്ട കരാട്ടെ ഒളിക്യാമറ അഭിമുഖത്തില്‍ പരസ്യമായി സമ്മതിച്ചിരുന്നു. എന്നാല്‍ അന്ന് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രൊസിക്യൂഷന് സാധിക്കാത്തതിനാല്‍ 2006-ല്‍ ഇയാള്‍ക്ക് ടാഡാ കോടതി ജാമ്യം അനുവദിച്ചു. 2022-ല്‍ പുറത്തിറങ്ങിയ ‘ദി കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയ്ക്ക് ശേഷം ഈ വിഷയം വീണ്ടും ചര്‍ച്ചയായി. തുടര്‍ന്ന് ബിട്ട കരാട്ടെയുടെ ആദ്യ ഇരയായ സതീഷ് കുമാര്‍ ടിക്കൂ എന്ന കാശ്മീരി പണ്ഡിറ്റിന്റെ കുടുംബം ഇയാള്‍ക്കെതിരെയുള്ള കൊലപാതക കേസുകള്‍ വീണ്ടും അന്വേഷിക്കണമെന്നും വിചാരണ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീനഗര്‍ സെഷന്‍സ് കോടതിയെ സമീപിച്ചു ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ശ്രീനഗര്‍ കോടതി, ബിട്ട കരാട്ടെയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ എഫ്.ഐ.ആറുകളുടെയും നിലവിലെ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും കേസിലെ വാദം കേള്‍ക്കല്‍ ആരംഭിക്കുകയും ചെയ്തു. ഇതില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരിക്കയാണ്. നേരത്തെ പണ്ഡിറ്റുകളുടെ കൊലയില്‍ ജെകെഎല്‍ഫ് നേതാവ് യാസിന്‍ മാലിക്കിനെയടക്കം പ്രതിചേര്‍ത്തിരുന്നു.
ബോറടി മാറ്റാൻ കൊല നടത്തുന്നവന്‍
താഴ്‌വരയില്‍ പണ്ഡിറ്റുകള്‍ക്ക നേരെ നടന്ന അതിക്രമത്തിന്റെ ഏറ്റവും രക്തരൂക്തിതമായ അധ്യായമായിരുന്നു, ബിട്ട കരാട്ടെ എന്ന ഭീകരന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്. വെറുതെയിരിക്കുമ്പോള്‍ ബോറടി മാറ്റാന്‍ എന്നോണം, കാശ്മീരി പണ്ഡിറ്റുകളെ താന്‍ വെടിവെച്ചുകൊന്നിരുന്നുവെന്ന് ബിട്ട കരാട്ടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത് വന്‍ വിവാദമായിരുന്നു. ”മുഖം മറയ്ക്കാതെ, കയ്യില്‍ ഒരു റിവോള്‍വറും കൊണ്ട് താഴ്വരയില്‍ ചുറ്റിനടന്ന് ഞാന്‍ കാശ്മീരി പണ്ഡിറ്റുകളെ വെടിവെച്ചു കൊന്നു. അവരെ മണത്തു കണ്ടുപിടിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ഒപ്പം ഉന്നം തെറ്റാതെ വെടിവെക്കാനുള്ള കഴിവില്‍ എനിക്ക് അഭിമാനമുണ്ട്. ബോറടി മാറ്റാന്‍ പോലും ഞാന്‍ അവരെ വെടിവെച്ച് ഇട്ടിട്ടുണ്ട്.”- താഴ്‌വരയിലെ ഒരു ചാനലിന് കൊടുത്ത അഭിമുഖത്തില്‍ അയാള്‍ പറഞ്ഞ ഈ വാക്കുകള്‍ ലോകം ഞെട്ടലോടെയായിരുന്നു കണ്ടത്. ബിട്ട കരാട്ടെയുടെ കഥാപാത്രത്തെ അതുപോലെ കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ വിവേക് അഗ്‌നിഹോത്രി ചിത്രീകരിക്കുന്നുണ്ട്..

ഇപ്പോള്‍ പ്രത്യേക അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന പ്രധാന കേസുകളില്‍ ഒന്ന് ബിട്ട നടത്തിയ കൊലകളാണ്. സര്‍ക്കാര്‍ ജോലിയുണ്ടായിരുന്നു ബിട്ടയുടെ ഭാര്യയെ രണ്ടുവര്‍ഷം മുമ്പ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടുകഴിഞ്ഞു. ‘ബിട്ട കരാട്ടെ’ എന്നറിയപ്പെടുന്ന ഫാറൂഖ് അഹമ്മദ് ഡാര്‍ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ന്റെ മൂന്‍ ചെയര്‍മാനാണ്. ഒരിക്കല്‍ ‘കശ്മീരിലെ കശാപ്പുകാരന്‍’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ബിട്ട ഇപ്പോള്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം വീണ്ടും ജയിലില്‍ ആവുകയായിരുന്നു.
‘ബിട്ട’ എന്നത് ഫാറൂഖ് അഹമ്മദ് ഡാറിന്റെ വീട്ടിലെ വിളിപ്പേരായിരുന്നു. ചെറുപ്പം മുതല്‍ മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ കമ്പമുണ്ടായിരുന്ന അവനെ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയതോടെ നാട്ടുകാര്‍ ‘ബിട്ട കരാട്ടെ’ എന്ന് വിളിച്ചുതുടങ്ങി. 1988 -ല്‍ അന്നത്തെ ജെകെഎല്‍എഫ് കമാന്‍ഡര്‍ ആയിരുന്ന അഷ്ഫാക്ക് മജീദ് വാണി ആണ് യൗവ്വനത്തിന്റെ പടിവാതിലെത്തി നിന്ന ബിട്ടയെ സ്വാധീനിച്ച് തനിക്കൊപ്പം പാക് അധീന കശ്മീരിലെ ഭീകരവാദ പരിശീലന കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കണ്ണും മൂടിക്കെട്ടി വാഹനത്തില്‍ കയറ്റി അങ്ങോട്ട് കൊണ്ടുപോയ ബിട്ട, അതേ പോലെ അവിടെ എത്തിപ്പെട്ട ഒരു സംഘം കശ്മീരി യുവാക്കള്‍ക്കൊപ്പം 32 ദിവസം നീണ്ട സായുധപരിശീലനത്തിന് വിധേയനാക്കപ്പെട്ടു. ഐഎസ്ഐയുടെ ആ തീവ്രവാദ പരിശീലന ക്യാമ്പില്‍ നിന്ന് ബിട്ട തിരികെ കശ്മീരിലേക്ക് എത്തിയത് എല്ലാം തികഞ്ഞ ഒരു ഭീകരവാദിയായിട്ടാണ്.
താഴ്വരയില്‍ ബിസിനസ്സുകാരനായ സതീഷ് കുമാര്‍ ടിക്കൂ എന്ന തന്റെ ആത്മമിത്രത്തെ തന്നെയായിരുന്നു, തൊണ്ണൂറുകളുടെ തുടക്കത്തില്‍ ബിട്ട ആദ്യമായി വെടിവെച്ചു കൊന്നത്. ടിക്കുവിനെ അയാളുടെ വീടിന്റെ മുന്നില്‍ വെച്ചാണ് ബിട്ട പോയന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊന്നുകളഞ്ഞത്. ആരെയൊക്കെയാണ് കൊല്ലേണ്ടത് എന്നുള്ള കൃത്യമായ നിര്‍ദേശം അഷ്ഫാക്ക് മജീദ് വാണിയും മറ്റുള്ള ജെകെഎല്‍എഫ് കമാന്‍ഡര്‍മാരുമാണ് ബിട്ടയ്ക്ക് നല്‍കിക്കൊണ്ടിരുന്നത്. കൃത്യമായ നിര്‍ദേശമില്ലാതെ ദിവസങ്ങള്‍ പിന്നിട്ടാല്‍ തന്റെ തോക്കും കയ്യിലേന്തി താഴ്വരയില്‍ കറങ്ങി മുന്നില്‍ വന്നുപെടുന്ന കശ്മീരി പണ്ഡിറ്റുകളില്‍ ആരെയെങ്കിലുമൊക്കെ അയാള്‍ വെടിവെച്ചു കൊല്ലുമായിരുന്നു. ‘പണ്ഡിറ്റുകള്‍ക്കു നേരെ റിവോള്‍വറും, ഇന്ത്യന്‍ സൈന്യത്തിനെതിരെ എകെ 47 യന്ത്രത്തോക്കും’ എന്നതായിരുന്നു ബിട്ടയുടെ നയം. കശ്മീരി പണ്ഡിറ്റുകളുടെ പലായനകാലത്ത് ചുരുങ്ങിയത് 20 പേരെയെങ്കിലും ഇങ്ങനെ കൊന്നിട്ടുണ്ട് ഇയാളെന്നാണ് പറയപ്പെടുന്നത്. അത് ഔദ്യോഗിക കണക്ക്. പാനൂന്‍ കശ്മീര്‍ എന്ന സംഘടനാ പറയുന്നത് ചുരുങ്ങിയത് 42 പേരെയെങ്കിലും ബിട്ട കൊന്നിട്ടുണ്ട് എന്നാണ്. എന്നാല്‍ പിന്നീട്, സംഗതി കുഴയും നിയമനടപടി വരും എന്നൊക്കെ ആയപ്പോള്‍ ബിട്ട വീഡിയോയിലെ തന്റെ അവകാശവാദങ്ങള്‍ ഒക്കെ നിഷേധിച്ചു. ഒക്കെ സമ്മര്‍ദ്ദത്തിന്റെ ഫലമായി പറഞ്ഞതാണെന്നും, താന്‍ ഒരു പണ്ഡിറ്റിനെപ്പോലും കൊന്നിട്ടില്ല എന്നും പിന്നീട് ബിട്ട പറഞ്ഞു.

1990 ജൂണ്‍ 20 -ന് ശ്രീനഗറില്‍ വെച്ച് ബിഎസ്എഫ് ആണ് ബിട്ടയെ ആദ്യമായി അറസ്റ്റുചെയ്യുന്നത്. അന്ന് അയാള്‍ക്കു മേല്‍ പൊതു സുരക്ഷാ നിയമം ചുമത്തപ്പെട്ടു. ഭീകരവാദവുമായി ബന്ധപ്പെട്ട 19 കേസുകളുണ്ടായിരുന്നു അന്ന് ബിട്ടയുടെ തലയ്ക്കുമീതെ. ആ കേസുകളിന്മേല്‍ വിചാരണ തുടരവേ ബിട്ട അടുത്ത 16 കൊല്ലത്തോളം ജയിലില്‍ കഴിച്ചുകൂട്ടി. ഇപ്പോള്‍ ബിട്ടയുടെ കേസും പുനര്‍ അന്വേഷിക്കയാണ്.

