തൃശൂർ : ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും വർഗ്ഗ വഞ്ചകർ തന്നെയാണ് എന്നും സിപിഎമ്മിന്റെ നിലപാടിൽ മാറ്റമില്ല എന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇക്കാര്യത്തിൽ എം വി ജയരാജൻ പറഞ്ഞത് സ്വന്തം അഭിപ്രായം മാത്രമാണ്. അത് പാർട്ടി നിലപാടല്ല എന്നും എം വി ഗോവിന്ദൻ തിരുത്തി. തെറ്റ് തിരുത്തിയാൽ മടങ്ങി വരാം എന്നത് ഒരു പൊതു നിയമമാണ് എന്നും എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം സിപിഎമ്മിൽ ഭിന്നത എന്ന വാർത്തകൾ അസംബന്ധം എന്ന് പാർട്ടി സെക്രട്ടറി വിമർശിച്ചു.
ടി കെ ഗോവിന്ദനും വി കുഞ്ഞിക്കൃഷ്‌ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിൽ മടങ്ങിവരാം എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പയ്യന്നൂരിൽ സ്ഥാനാർത്ഥി നിർണയത്തിൽ തെറ്റുപറ്റിയെന്നും ജയരാജൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് എം വി ഗോവിന്ദൻ രംഗത്ത് വന്നത്.
