എം മാധവദാസ്
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിസ്റ്റിയാനോ റോണാള്‍ഡോയെ ചൊല്ലി ഇടക്കിടെ വിവാദങ്ങള്‍ ഉണ്ടാവാറുണ്ട്. പക്ഷേ ഇത്തവണ ഫുട്ബോള്‍ സുപ്പര്‍ താരത്തെ ചൊല്ലി, വളരെ മോശമായ വിവാദങ്ങളാണ് ഉണ്ടാവുന്നത്. ക്രൊയേഷ്യക്കെതിരായ നിര്‍ണായക പെനാല്‍റ്റിക്ക് മുമ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ‘ബിസ്മില്ലാഹ്’ എന്ന് മന്ത്രിച്ചതായി സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിസ്റ്റുകള്‍ പറയുന്നു. അദ്ദേഹത്തിന്റെ സൗദി ജീവിതം കൊണ്ടും ഇസ്ലാമവുമായുള്ള ബന്ധം കൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഒരു വിഭാഗം പറയുന്നത്. ക്രോയേഷ്യക്കെതിരായ നിര്‍ണായക പെനാല്‍റ്റി കിക്ക് എടുക്കുന്നതിന് തൊട്ടുമുന്‍പ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മന്ത്രിച്ച വാക്കുകളാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ സംസാരവിഷയം. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ക്രോയേഷ്യക്കെതിരെ 2-1 ന്റെ നാടകീയ വിജയം പോര്‍ച്ചുഗല്‍ സ്വന്തമാക്കിയപ്പോഴായിരുന്നു ഈ സംഭവം. മത്സരത്തിന്റെ വിധി നിര്‍ണയിക്കുന്ന പെനാല്‍റ്റിക്ക് തൊട്ടുമുന്‍പ്, പൂര്‍ണ ഏകാഗ്രതയോടെ റൊണാള്‍ഡോ നിന്ന നിമിഷം കോടിക്കണക്കിന് ആളുകളാണ് ടെലിവിഷനില്‍ കണ്ടത്.
ഇതിനിടെ ക്യാമറ അദ്ദേഹത്തിന്റെ മുഖത്തേക്ക് സൂം ചെയ്ത ആ സെക്കന്ഡുകളില് ക്രിസ്റ്റ്യാനോ സ്വയം എന്തോ മന്ത്രിക്കുന്നത് ഫുട്ബോള്‍ ആരാധകരും ശ്രദ്ധിച്ചു. റൊണാള്‍ഡോ രണ്ട് തവണ ‘ബിസ്മില്ലാഹ്’ (ദൈവത്തിന്റെ നാമത്തില്‍) എന്ന് മന്ത്രിച്ചതായാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവകാശപ്പെടുന്നത്. ഏതൊരു നല്ല കാര്യത്തിന് മുന്‍പും ദൈവാനുഗ്രഹം തേടാന്‍ ഇസ്ലാം മത വിശ്വാസികള്‍ ഉപയോഗിക്കുന്ന ഈ വാക്ക് റൊണാള്‍ഡോ കടമെടുത്തതാണെന്നാണ് ഒരു വാദം.
എന്നാല്‍, പോര്‍ച്ചുഗലിലെ ആരാധകര്‍ക്ക് ഇതിനൊരു മറുവശം കൂടി പറയാനുണ്ട്. ആ സമ്മര്‍ദ്ദ നിമിഷത്തില്‍ റൊണാള്‍ഡോ പോര്‍ച്ചുഗീസ് ഭാഷയില്‍ സ്വയം പ്രചോദിപ്പിക്കുകയായിരുന്നു എന്നാണ് അവര്‍ പറയുന്നത്.’നീ ഗോള്‍ നേടും’ എന്ന് അര്‍ത്ഥം വരുന്ന ‘വെയ്സ് മര്ക്കാര്’ എന്നാണ് റൊണാള്‍ഡോ മന്ത്രിക്കുന്നതെന്നും അവര്‍ പറയുന്നു. ഈ വാക്കിന്റെ ഉച്ചാരണം അദ്ദേഹത്തിന്റെ പ്രാദേശിക ശൈലിയില്‍ ‘ബെയ്സ് മര്ക്കാര്’ എന്നാണ് കേള്‍ക്കുക. ഇതാണ് ദൂരേക്ക് നിന്ന് നോക്കുമ്പോള്‍ ‘ബിസ്മില്ലാഹ്’ എന്ന് തോന്നിക്കുന്നതെന്നും അഭിപ്രായമുണ്ട്.
മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന ഈ വാര്‍ത്ത പൂര്‍ണ്ണമായും ആരാധകരുടെ വെറും ചുണ്ടനക്ക വായനയെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ്, പോര്‍ച്ചുഗീസ് ഭാഷാവിദഗ്ധര്‍ പറയുന്നത്. : പോര്‍ച്ചുഗീസ് ഭാഷയിലെ ‘ഢ’ എന്ന അക്ഷരം പലപ്പോഴും ‘ആ’ എന്ന ശബ്ദത്തിലാണ് അവര്‍ ഉച്ചരിക്കാറുള്ളത്. അതുകൊണ്ട് തന്നെ ബെയ്സ്മര്ക്കാര് എന്ന് റൊണാള്‍ഡോ പറഞ്ഞപ്പോള്‍ ദൃശ്യങ്ങളില്‍ അത് ‘ബിസ്മില്ലാഹ്’ എന്ന് പറയുന്നതുപോലെ തോന്നിച്ചതാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണമെന്നാണ് പറയുന്നത്.
ഇസ്ലാം സ്വീകരിച്ചുവെന്ന് വ്യാജവാര്‍ത്ത
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചു എന്ന തരത്തില്‍ വര്‍ഷങ്ങളായി നിരവധി വ്യാജ വാര്‍ത്തകളും എഡിറ്റ് ചെയ്ത ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റൊണാള്‍ഡോ തന്റെ കത്തോലിക്കാ വിശ്വാസത്തില്‍ തന്നെ തുടരുമ്പോഴും, ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നിരന്തരം ഉണ്ടാകാറുണ്ട്.റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും ഇസ്ലാം മതം സ്വീകരിച്ച് മക്കയിലെ കഅബയ്ക്ക് മുന്നില്‍ ഹജ്ജ്/ഉംറ വസ്ത്രം ധരിച്ച് നില്ക്കുന്നു എന്നൊരു വീഡിയോ അടുത്തിടെ വ്യാപകമായി പ്രചരിച്ചു. അന്താരാഷ്ട്ര ഫാക്ട് ചെക്കിംഗ് വെബ്സൈറ്റുകള്‍ ഇത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോ ആണെന്ന് കണ്ടെത്തി. കൂടാതെ, മക്കയില്‍ അമുസ്ലിംകള്‍ക്ക് പ്രവേശന വിലക്കുള്ളതിനാല്‍ അവര്‍ അവിടെ പോയിട്ടുമില്ല. സൗദി രാജാവ് സല്മാന് രാജാവിന്റെ സാന്നിധ്യത്തില്‍ റൊണാള്‍ഡോ ഇസ്ലാം സ്വീകരിച്ച് ഖുറാന് ഓതുന്നു എന്ന പേരില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. പക്ഷേ ഇതും വ്യജമാണ്. വീഡിയോയിലുള്ളത് റൊണാള്‍ഡോയുമായി അസാധ്യ മുഖസാദൃശ്യമുള്ള ബേവാര്‍ അബ്ദുള്ള എന്ന ഇറാഖി സ്വദേശിയായ യുവാവായിരുന്നു. ഇദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ റൊണാള്‍ഡോയുടെ സൗദി ക്ലബ്ബ് ദൃശ്യങ്ങളുമായി കൂട്ടിചേര്‍ത്ത് എഡിറ്റ് ചെയ്താണ് വ്യാജ വാര്‍ത്ത ഉണ്ടാക്കിയത്.

ദുബായില്‍ വെച്ച് നടന്ന ഒരു അഭിമുഖത്തില്‍, ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്താണെന്ന ചോദ്യത്തിന് റൊണാള്‍ഡോ ‘ഇസ്ലാം’ എന്ന് മറുപടി നല്കി എന്ന രീതിയില്‍ ഒരു ചിത്രം പ്രചരിച്ചു. പക്ഷേ ആര്‍ട്ട് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍, റൊണാള്‍ഡോ ദുബായ് എക്സ്പോയില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രമാണിതെന്ന് കണ്ടെത്തി. അവിടെ അദ്ദേഹം ‘എനിക്ക് ദുബായ് വളരെ ഇഷ്ടമാണ്’ എന്നാണ് പറഞ്ഞത്. ഇതിലെ ‘ദുബായ്’ എന്ന വാക്ക് മാറ്റി ‘ഇസ്ലാം’ എന്ന് വ്യാജമായി ചേര്‍ത്തതായിരുന്നു.
സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍-നാസറിലേക്ക് മാറിയതുമുതലാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ കൂടിയത്. ഗോളടിച്ച ശേഷം തമാശയായി അദ്ദേഹം നടത്തിയ ‘സുജൂദ്’ നടത്തിയതും, അറബിക് ഭാഷയിലെ പരമ്പരാഗത അഭിവാദ്യങ്ങള്‍ ഉപയോഗിക്കുന്നതുമാണ് പലപ്പോഴും ആരാധകര്‍ തെറ്റായി വ്യാഖ്യാനിക്കുന്നത്.യഥാര്‍ത്ഥത്തില്‍, റൊണാള്‍ഡോ ഇപ്പോഴും ഒരു തീവ്ര റോമന്‍ കത്തോലിക്കാ വിശ്വാസിയാണ്. അദ്ദേഹം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെങ്കിലും മതം മാറിയിട്ടില്ല എന്ന് അദ്ദേഹത്തിന്റെ പ്രതിനിധികള്‍ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.

