പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് നവ കേരള യാത്രയ്ക്കിടെ കൊല്ലത്ത് വച്ചും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ CPM DYFI പ്രവർത്തകരുടെ രക്ഷാപ്രവർത്തനം ഉണ്ടായിരുന്നു. അന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച ഡിവൈഎഫ്ഐ പ്രവർത്തകർ ഇപ്പോൾ ആർഎസ്പിയിൽ അംഗത്വം നേടിയിരിക്കുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് അംഗത്വം നൽകിയ ആർഎസ്പിക്കെതിരെ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുകയാണ്. ആർഎസ്പി യൂദാസിന്റെ വേഷമണിയുന്നത് ദൗർഭാഗ്യകരം എന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്.
ഫെയ്‌സ് ബുക്ക് പോസ്റ്റിൻ്റ പൂർണ്ണരൂപം
*ആർഎസ്പി യൂദാസിന്റെ വേഷം അണിയുന്നത് ദൗർഭാഗ്യകരം
സിപിഎം ക്രിമിനലുകൾക്ക് ആർഎസ്പി രാഷ്ട്രീയ അഭയം നൽകുന്നത് പ്രതിസന്ധി കാലഘട്ടത്തിൽ കൂടെ നിന്ന കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരോടുള്ള വഞ്ചനയാണ്.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി ആക്രമിച്ചവരെ #പട്ടും #വളയും നൽകി സ്വീകരിച്ച്, ആർ.എസ്.പി പിണറായിസം പ്രത്യയശാസ്ത്രമാക്കുന്നത് അപഹാസ്യമാണ്
തികച്ചും ജനാധിപത്യ മാർഗ്ഗത്തിൽ സമരം ചെയ്യുകയായിരുന്ന ഞാനടക്കമുള്ള വരെ ക്രൂരമായി മർദ്ദിച്ച സംഘത്തിലുണ്ടായിരുന്ന ആളെ ആർ.എസ്.പി സ്വീകരിച്ചത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയെ പുച്ഛിക്കുന്നതിന് തുല്യമാണ്.
അധികാരത്തിന്റെ മദത്തിലാണ് ക്രിമിനലുകളെ സംരക്ഷിക്കുകയും സമരങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ രക്ഷാപ്രവർത്തനമായി ചിത്രീകരിക്കുകയും ചെയ്യുന്ന പിണറായിസം രൂപപ്പെട്ടത്.
ആർ.എസ്.പി ഉൾപ്പെടെയുള്ളവർ ഇപ്പോൾ അനുഭവിക്കുന്ന അധികാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ചോരയൊഴുക്കി സമരം ചെയ്തതാണെന്ന് ഓർക്കണം. നിയമസഭ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി സ്ഥാനാർത്ഥികളുടെ ഇടവും വലവും ഉണ്ടായിരുന്നത് കോൺഗ്രസുകാരാണ്.
സി.പി.എം വലിച്ചെറിഞ്ഞവരെ പേറുന്ന അഴുക്കുചാലായി ആർ.എസ്.പി മാറരുത്. ആർഎസ്.പി നേതാക്കൾ തൃശ്ശൂർ പൂരത്തിന്റെ ആഹ്ലാദത്തോടെ പിണറായിസത്തെ മാലയിട്ട് സ്വീകരിക്കുന്നത് കണ്ടപ്പോൾ പുച്ഛമാണ് തോന്നിയത്.
കഴിഞ്ഞ പത്തുവർഷക്കാലം നേർച്ചസമരങ്ങൾ നടത്തിയവർക്ക് ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടില്ലായിരിക്കാം. ഇന്നലെ വരെ പിണറായി വിജയന്റെ രക്ഷാ പ്രവർത്തകനായിരുന്നയാൾ ഇന്ന് ആർ.എസ്.പിയിൽ ചേർന്നാൽ ദിവ്യനാകില്ല.
മോഹഭംഗമാണ് ഇവരെ ആർ.എസ്.പിയിലേക്ക് എത്തിച്ചതെന്ന് തിരിച്ചറിയണം. നാട്ടിൽ ഇവർക്കുള്ള സ്വീകാര്യതയെക്കുറിച്ച് കൂടി അന്വേഷിക്കണമായിരുന്നു. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗുണ്ടായിസത്തിനുമുള്ള സംരക്ഷണവും ഇവർ ആഗ്രഹിക്കുന്നു. ആർ.എസ്.പിയുടെ പോളിറ്റ് ബ്യൂറോ അംഗമാക്കിയാലും ഇത്തരം ക്രിമിനലുകൾക്കെതിരായ പോരാട്ടം തുടരും.*
വിഷ്ണു സുനിൽ
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്

