കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുന്‍ എം ഡി കെ എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി വൈകിയാണ് പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. സ
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ഇരുവരേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന സിബിഐയുടെ ആവശ്യത്തില്‍, അഞ്ചു വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ ചന്ദ്രശേഖരൻ പ്രതിയായ കശുവണ്ടി അഴിമതിയില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതില്‍ ഹൈക്കോടതി കോടതി അലക്ഷ്യക്കേസും എടുത്തിരുന്നു. കേസില്‍ ജൂണ്‍ 22 ന് മുന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് പ്രോസിക്യൂഷന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ജൂലൈ രണ്ടിനകം ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ എ.പി.എം മുഹമ്മദ് ഹനീഷ് നല്‍കിയ മാപ്പപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

