തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ നാളെ കൗൺസിൽ യോഗം ചേരുമ്പോൾ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് നീക്കം നടത്തുന്നത്. യുഡിഎഫിൽ കെ എസ് ശബരിനാഥ് ആണ് പ്രമേയത്തിന് മുൻകൈ എടുക്കുന്നത്. 20 അംഗങ്ങൾ ഉള്ള യുഡിഎഫിന് ഒറ്റയ്ക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ആകില്ല. നിലവിലെ അംഗബലത്തിന്റെ മൂന്നിലൊന്ന് പേർ പ്രമേയത്തിൽ ഒപ്പിടണം. അങ്ങനെയെങ്കിൽ 34 പേർ ഒപ്പിട്ടാൽ മാത്രമേ പ്രമേയം അവതരിപ്പിക്കാൻ കഴിയുകയുള്ളൂ. എൽഡിഎഫിന്റെ പിന്തുണ ഇല്ലാതെ ഒറ്റയ്ക്ക് യുഡിഎഫിന് അവതരിപ്പിക്കാൻ ആകില്ല. എ
എന്നാൽ പ്രമേയത്തെ പിന്തുണയ്ക്കില്ല എന്നാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്. എൽഡിഎഫുമായി ആലോചിക്കാതെ യുഡിഎഫ് ഒറ്റയ്ക്ക് എടുത്ത തീരുമാനം ആയതിനാൽ പിന്തുണക്കില്ല എന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് അറിയിച്ചു. നയപരമായ കാര്യങ്ങൾ തീരുമാനിക്കുമ്പോൾ കൂടിയാലോചന നടത്തണം. ഒരു ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോൾ പ്രതിപക്ഷത്തെ എല്ലാവരെയും വിശ്വാസത്തിലെടുത്തു വേണം ചെയ്യേണ്ടത് എന്ന് വി ജോയ് വിമർശിച്ചു. അതിനാൽ നാളത്തെ പ്രമേയത്തെ പിന്തുണക്കാൻ ആകില്ല എന്ന സിപിഎം അറിയിച്ചു കഴിഞ്ഞു.
എന്നാൽ എൽഡിഎഫിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനം ഉയർത്തി കെഎസ് ശബരീനാഥ് രംഗത്ത് വന്നു. സിപിഎം ബിജെപിയെ പിന്താങ്ങുകയാണ്. ബിജെപിയെ തുറന്നുകാണിക്കാൻ സിപിഎമ്മിന് താല്പര്യമില്ല. ഇതിന് നിരവധി തെളിവുകൾ ഉണ്ട്. ഗുണ്ടായിസം കാണിക്കാൻ മാത്രമാണ് സിപിഎമ്മിന് താൽപര്യം. അതുകൊണ്ടാണ് സിപിഎം അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാത്തതെന്ന് കടുത്ത ഭാഷയിലാണ് യുഡിഎഫ് വിമർശിക്കുന്നത്.
പ്രതിപക്ഷ നിരയിൽ തന്നെ വിശ്വാസം നഷ്ടപ്പെടുമ്പോൾ ബിജെപിക്കെതിരെ ഒരു അവിശ്വാസം കൊണ്ടു വരിക എന്നത് നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിനോ യുഡിഎഫിനോ സാധ്യമല്ല എന്ന് വേണം വിലയിരുത്താൻ .

