മാസപ്പടി കേസിൽ ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന്റെ ഉടമയും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ ടി രണ്ടാമത്തെ ചോദ്യം ചെയ്യലും പൂര്‍ത്തിയായി. ഏകദേശം ഒമ്പത് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. സി എം ആർ എൽ , എക്സാ ലോജിക്ക് കേസിൽ എസ് എഫ് ഐ ഒ രേഖകൾ ഇഡി ക്ക് ലഭിച്ചതിന് ശേഷമുള്ള ചോദ്യം ചെയ്യലാണ് ഇന്ന് നടന്നത്.
നേരത്തെ ആദ്യ തവണ എട്ട് മണിക്കൂറിലധികം സമയം ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് വീണ നൽകിയ മൊഴി വിശദമായി വിലയിരുത്തിയ ശേഷമാണ് ഇഡി വീണ്ടും സമൻസ് നൽകി വിളിച്ചു വരുത്തിയത്. ഈ ചോദ്യം ചെയ്യലിന് ശേഷം ഇഡി നിർണായകമായ നീക്കങ്ങൾ നടത്തുമോയെന്നതാണ് പ്രസക്തമായ ചോദ്യം. കഴിഞ്ഞ പത്തു വർഷത്തെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇഡി വീണയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു.
സി എം ആർ എൽ കമ്പനിയിൽ നിന്നും കൈപ്പറ്റിയ പണത്തെ കുറിച്ചും, നൽകിയ സേവനങ്ങളെ കുറിച്ചും ഇഡി വീണയിൽ നിന്നും വിശദമായ മൊഴിയാണ് ആദ്യ തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ പതിനേഴാം തീയതിയാണ് വീണയെ ഇഡി ആദ്യമായി ചോദ്യം ചെയ്തത്. പന്ത്രണ്ടാം തീയതി രാവിലെ കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒൻപതാം തീയതി നോട്ടിസ് നൽകിയിരുന്നു
എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ചത്തെ സമയം കൂടി നൽകണമെന്ന് വീണ വിജയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളി പതിേനേഴാം തീയ്യതി ഹാജരാകാൻ വീണ്ടും സമൻസ് നൽകുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും തന്റെ അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും വീണ ഇ.ഡിക്ക് നൽകിയ അവധി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
വീണ വിജയൻ ഉൾപ്പെടെ ആകെ ഒൻപതു പേർക്കാണ് ഇ.ഡി നേരത്തെ നോട്ടിസ് അയച്ചത്. വിവാദ കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത യുടെ മകൻ ശരൺ എസ് കർത്ത , ഭാര്യയും സഹോദര സ്ഥാപനമായ എംപവർ ഇൻ്റർനാഷ്ണൽ ഡയരക്ടറുമായ ജയ എസ് കർത്ത , മകളും നിപുണ ഇൻറർ നാഷ്ണൽ എംഡിയുമായ ഷിബി എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ ഇഡി ചോദ്യം ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് പരമാവധി തെളിവുകൾ ശേഖരിച്ച് ഇ.ഡി മാസപ്പടിക്കേസിൽ വീണ വിജയനെ ചോദ്യം ചെയ്തത്. മാസപ്പടി ആരോപണം ഉയർന്നത് മുതൽ വിവിധ ഏജൻസികൾ അന്വേഷണം നടത്തിവരികയായിരുന്നു. എന്നാൽ സാമ്പത്തിക ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി നടത്തുന്ന ഈ നീക്കം കേസിൽ വളരെ നിർണായകമാണ്.

