ഖത്തർ റാസ് ലഫാൻ സ്ഫോടനം; 54 പേർക്ക് പരിക്കേറ്റു,18 പേർക്കായി തെരച്ചിൽ

insight kerala

ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് 54 പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ 18 പേരെ കാണാതായതായും മന്ത്രാലയം അറിയിച്ചു. ഇവർക്കായുള്ള വിപുലമായ തെരച്ചിൽ പുരോഗമിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റവരുടെ ആകെ എണ്ണം 54 ആയതായും മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെ ബർസാൻ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് സ്ഫോടനവും തീപിടുത്തവുമുണ്ടായത്. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്ന ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ വിശദീകരിച്ചു.

കാണാതായവർക്കായുള്ള തെരച്ചിൽ ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയം അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സിന് കീഴിലുള്ള ‘ഖത്തരി ഇന്റർനാഷണൽ സെർച്ച് ആന്റ് റെസ്‌ക്യൂ ഗ്രൂപ്പ്’ സിവിൽ ഡിഫൻസ് ടീമുകളുമായി സംയുക്തമായി ഏകോപിപ്പിച്ചാണ് നിലവിൽ പ്ലാന്റിൽ രക്ഷാപ്രവർത്തനവും തിരച്ചിലും നടത്തുന്നത്. അപകടം നടന്നയുടൻ തന്നെ എമർജൻസി റെസ്‌പോൺസ് ടീമുകൾ സ്ഥലത്തെത്തി പ്ലാന്റിലെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിരുന്നതായി ഖത്തർ എനർജി വ്യക്തമാക്കിയിരുന്നു. തീ അണച്ചതിന് പിന്നാലെയാണ് കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.

Share This Article