കൊച്ചി : ആലപ്പുഴയിൽ നവ കേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻറെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കേസിന്റെ അട്ടിമറിയെ കുറിച്ച് അന്വേഷിക്കുന്നതിൽ സർക്കാറിനു സമ്മർദ്ദം എന്ന് സൂചന. ഈ കേസ് പുനരന്വേഷിച്ചപ്പോൾ തന്നെ കേസിൽ അട്ടിമറി നടന്നിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ക്രമസമാധാന ചുമതല ഉണ്ടായിരുന്ന എം ആർ അജിത് കുമാർ അന്വേഷണ റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു. പ്രതികളെ രക്ഷിക്കാൻ ഉന്നത തലങ്ങളിൽ ഇടപെടൽ നടന്നു എന്നും കൃത്യമായി അട്ടിമറി ഉണ്ടായി എന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇക്കാര്യം ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചിരുന്നു. കോടതി സമർപ്പിച്ച ഹർജിയിൽ കേസിന്റെ അട്ടിമറിയെക്കുറിച്ച് അക്കമിട്ട് നിരത്തുകയും ചെയ്തു. എന്നാൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
എന്നാൽ ജാമ്യത്തെ എതിർത്തുകൊണ്ട് സർക്കാർ ഹൈക്കോടതി നൽകിയ ഹർജിയിൽ കേസിന്റെ അട്ടിമറിയെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ഉന്നതരുടെ ഇടപെടലുമായി ബന്ധപ്പെട്ട കാര്യത്തിൽ സർക്കാർ ഇപ്പോൾ പൂർണമായും നിശബ്ദത പാലിക്കുകയാണ്. ജാമ്യം നിഷേധിക്കുന്നതിന് പ്രധാന കാരണം ആയി ചൂണ്ടിക്കാട്ടുന്നത് നിർണായക ഫോറൻസിക് റിപ്പോർട്ടാണ്. തലക്കടിയേൽക്കുന്നത് മരണകാരണമാകാം എന്ന ഫോറൻസിക് റിപ്പോർട്ട് ആണ് ഇപ്പോൾ വന്നിട്ടുള്ളത്. ആ പശ്ചാത്തലത്തിൽ കൂടിയും കേസിന്റെ അട്ടിമറിയെ കുറിച്ച് സർക്കാർ ഒന്നും മിണ്ടുന്നില്ല എന്നതിലാണ് സംശയം ജനിക്കുന്നത്.
ഉന്നതരുടെ ഇടപെടലിലേക്ക് അന്വേഷണം നീണ്ടാൽ പോലീസിലെ കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം നീളുമെന്ന ആശങ്കയാണ് ഉള്ളത്. അതിനാൽ അട്ടിമറിയെ കുറിച്ച് പ്രതിപാദിക്കാതെ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് സർക്കാർ. ഇക്കാര്യത്തിൽ സർക്കാറിനുമേൽ കടുത്ത സമ്മർദ്ദം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സർക്കാർ അധികാരമേറ്റശേഷം ആദ്യ മന്ത്രിസഭയിലെടുത്ത ഏറ്റവും വൈകാരികവും രാഷ്ട്രീയവുമായ തീരുമാനമായിരുന്നു ആലപ്പുഴ രക്ഷാപ്രവർത്തനത്തിലെ പുനരന്വേഷണം. ആ കേസിലാണ് ഇപ്പോൾ സർക്കാർ സമ്മർദ്ദത്തിൽ അടിപ്പെടുന്നു എന്ന സൂചനകൾ പുറത്തുവരുന്നത്.

