”ഞങ്ങളെ തൊട്ടാല്‍ വിടില്ല; ഇറാനെ ആണവ ശക്തിയാക്കാന്‍ അനുവദിക്കില്ല; ലബനോണിലെ സൈന്യത്തെ പിന്‍വലിക്കില്ല’; ട്രംപ് ഉടക്കിയാലും നെതന്യാഹു വിട്ടുവീഴ്ചക്കില്ല; പശ്ചിമേഷ്യയിലെ സമാധാനം എത്രകാലത്തേക്ക്?

insight kerala

എം മാധവദാസ്

അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ സമാധാനക്കരാറിനെ ചരിത്രപരം എന്ന് ലോകം വിശേഷിപ്പിക്കുമ്പോഴും, യാതൊരു വിട്ടുവീഴ്ചക്കുമില്ലാതെ ഇസ്രയേല്‍. രാജ്യസുരക്ഷയില്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്. ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവരിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് നെതന്യാഹു ജെറുസലേമില്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കയാണ്. അതുപോലെ ലെബനനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു കഴിഞ്ഞു.

ഇറാന്റെ ആണവ മോഹങ്ങളെ ഇല്ലാതാക്കുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യമാണെന്നാണ് നെതന്യാഹു ആവര്‍ത്തിച്ചത്. താന്‍ ഇസ്രായേലിന്റെ പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം ഇന്നും നാളെയും ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചതായി ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ സഹായത്തോടെ ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍പ്പന്‍ ആക്രമണ പരമ്പരയ്ക്കാണ് തങ്ങള്‍ നേതൃത്വം നല്‍കിയതെന്നും, ഇറാനില്‍ നിന്നുള്ള അടിയന്തിര ആണവ ഭീഷണി പൂര്‍ണ്ണമായും ഇല്ലാതാക്കി ഇസ്രായേലിനെ സമ്പൂര്‍ണ്ണ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇതിലൂടെ സാധിച്ചുവെന്നും നെതന്യാഹു അവകാശപ്പെട്ടു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇറാനെ തങ്ങള്‍ എങ്ങനെ നേരിട്ടുവെന്ന വിവരങ്ങളാണ് നെതന്യാഹു പുറത്തുവിട്ടത്. ഇറാന്റെ ആണവ ശാസ്ത്രജ്ഞന്മാരെ തിരഞ്ഞുപിടിച്ച് വധിച്ചും, ഭീകര ഭരണകൂടത്തിന്റെ തലവന്മാരെ ഇല്ലാതാക്കിയും, അവരുടെ ആണവ നിലയങ്ങള്‍ തകര്‍ത്തും ഇസ്രായേല്‍ കരുത്ത് തെളിയിച്ചു കഴിഞ്ഞു. ഇറാന്റെ മിസൈലുകളും അവ നിര്‍മ്മിക്കുന്ന ഭൂരിഭാഗം ഫാക്ടറികളും തകര്‍ത്തതിനൊപ്പം അവരുടെ നാവിക-വ്യോമ സേനകളെയും, ജനങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ സൈനിക കമാന്‍ഡര്‍മാരെയും ഇസ്രായേല്‍ സൈന്യം തീര്‍ത്തു കളഞ്ഞു. ഈ ഒരൊറ്റ സൈനിക നീക്കത്തിലൂടെ നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ മുതല്‍ ഒരു ട്രില്യണ്‍ ഡോളര്‍ (ലക്ഷം കോടി രൂപയ്ക്ക് മുകളില്‍) വരെ മൂല്യം വരുന്ന വമ്പന്‍ സാമ്പത്തിക നഷ്ടമാണ് ഇറാന് ഉണ്ടായിരിക്കുന്നത്. ഇസ്രായേല്‍ ജനതയെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനായി വര്‍ഷങ്ങളായി ഇറാന്‍ ഒരുക്കിവെച്ചിരുന്ന ഭീഷണിയാണ് തങ്ങള്‍ ഇല്ലാതാക്കിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നെതന്യാഹു നല്‍കുന്ന കടുത്ത മുന്നറിയിപ്പ്. കൂടുതല്‍ ജാഗ്രതയോടും ദൃഢനിശ്ചയത്തോടും കൂടി രാജ്യത്തെ സംരക്ഷിക്കാന്‍ ഇനിയും മുന്നോട്ട് പോകും. ഈ പോരാട്ടം ഇറാനെതിരെ മാത്രമല്ല, ഗാസ, ലബനന്‍, സിറിയ, യെമന്‍, വെസ്റ്റ് ബാങ്ക് തുടങ്ങിയ പ്രദേശങ്ങളില്‍ ഇറാന്റെ ഫണ്ട് പറ്റി ജീവിക്കുന്ന ഹിസ്ബുള്ളയും ഹമാസും ഉള്‍പ്പെടെയുള്ള എല്ലാ ഭീകര സംഘടനകള്‍ക്കെതിരെയും തുടരുക തന്നെ ചെയ്യുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു.

ആ യുറേനിയം ആര്‍ക്ക്?

സമാധാനകരാര്‍ ആയെങ്കിലും ഇറാന്റെ പക്കലുള്ള 440 കിലോഗ്രാം യുറേനിയം ശേഖരം ഇപ്പോള്‍ സമാധാന കരാറിന്റെ ഭാവി തന്നെ മാറ്റിമറിക്കുന്ന വില്ലനായി മാറിട്ടുണ്ട്. ഈ 440 കിലോ യുറേനിയം വിട്ടുകൊടുക്കാന്‍ ഇറാന് ഒട്ടും താല്‍പ്പര്യമില്ല. എന്നാല്‍ അത് കൈക്കലാക്കി തരിപ്പണമാക്കുമെന്ന കടുത്ത നിലപാടിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ പശ്ചിമേഷ്യന്‍ കരാറിന്റെ അണിയറയില്‍ വന്‍ നയതന്ത്ര യുദ്ധമാണ് മുറുകുന്നത്. സാധാരണയായി ഒരു രാജ്യത്ത് വൈദ്യുതി ഉണ്ടാക്കാന്‍ വെറും 3 മുതല്‍ 5 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം മാത്രം മതിയാകും. എന്നാല്‍ ഇറാന്റെ പക്കലുള്ളത് 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച മാരക യുറേനിയമാണ്. ഒരു ആറ്റംബോംബ് ഉണ്ടാക്കാന്‍ 90 ശതമാനം സമ്പുഷ്ടീകരണമാണ് വേണ്ടത്. അതായത്, നിലവിലുള്ള ഈ 440 കിലോ ശേഖരത്തെ വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ആയുധ നിലവാരത്തിലേക്ക് മാറ്റാന്‍ ഇറാന് സാധിക്കും.

ഇതുവെച്ച് 10 ആണവായുധങ്ങള്‍ എങ്കിലും ഇറാന് നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് അന്താരാഷ്ട്ര ആണവ വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഇതാണ് അമേരിക്കയെയും ഇസ്രായേലിനെയും ഒരുപോലെ ഭയപ്പെടുത്തുന്നത്. യുറേനിയത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്നും വ്യക്തമാക്കിയത്. ‘ഞങ്ങള്‍ക്ക് ആ യുറേനിയം ഇങ്ങോട്ട് വേണ്ട, അത് കൈക്കലാക്കിയാല്‍ ഉടന്‍ തന്നെ നശിപ്പിച്ചു കളയും,’ എന്നാണ് ട്രംപിന്റെ ഭീഷണി. എന്നാല്‍, ദശാബ്ദങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ തങ്ങള്‍ സ്വന്തമാക്കിയ ഈ ആണവ സമ്പത്ത് തങ്ങളുടെ പരമാധികാരത്തിന്റെ അടയാളമാണെന്നും, ഇതിനെ ചര്‍ച്ചകളിലെ വലിയൊരു വിലപേശല്‍ ശക്തിയായി മാത്രമേ കാണൂ എന്നും ഇറാന്റെ നിലപാട്. ഇതും ചര്‍ച്ചകള്‍ക്ക് വിലങ്ങുതടിയാണ്. ഒപ്പം തങ്ങളുടെ രാജ്യസുരക്ഷയില്‍ പിന്നോട്ടില്ലെന്ന് നെതന്യാഹുവും വ്യക്തമാക്കുന്നു.

Share This Article