മലപ്പുറം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സ്വയം ഔചിത്വം പാലിക്കണമായിരുന്നുവെന്ന് എം.വി.ഗോവിന്ദന്റെ പേരെടുത്ത് പറയാതെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ വിമർശനം. മലപ്പുറത്ത് നടന്ന ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബേബി. തദ്ദേശ തിരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങൾ മത്സരിച്ച ഇടങ്ങളിലെല്ലാം ജനങ്ങൾ അവരെ തിരഞ്ഞുപിടിച്ച് തോൽപ്പിച്ചിട്ടുണ്ടെന്ന് പാർട്ടി വിലയിരുത്തി റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ഇത് ആവർത്തിച്ചുവെന്നായിരുന്നു ചോദ്യം. ഇതിനോട് പ്രതികരിക്കവെയാണ് ബേബി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരോക്ഷമായി വിമർശിച്ചത്.
ഒരാൾ സ്വന്തം അർഹത കൊണ്ട് സ്ഥാനാർത്ഥിയാകുമ്പോൾ അവരുടെ ബന്ധുത്വം പറഞ്ഞ് ബൂർഷ്വാ മാധ്യമങ്ങൾ കടന്നാക്രമിക്കാറുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നാലെ പാർട്ടി പോകേണ്ടതില്ല. എന്നാൽ ഒരു നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നുകയാണെങ്കിൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണം. അത്തരമൊരു സാഹചര്യത്തിൽ താനുമായി ബന്ധപ്പെട്ട ഒരാൾക്ക് പകരം മറ്റൊരാൾ മതി എന്ന് തീരുമാനിക്കാൻ നേതാവ് തന്നെ മുൻകൈയെടുക്കുന്നതാണ് ശരിയായ രീതിയെന്ന് അദ്ദേഹം വിശദീകരിച്ചു. കണ്ണൂരിൽ ഉണ്ടായ ഒരു സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ല എന്ന സ്വയംവിമർശനം കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തുകയും അത് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ബേബി പറഞ്ഞു.
വിഷയത്തിൽ മാധ്യമങ്ങൾ ഇരട്ടത്താപ്പ് സ്വീകരിക്കുന്നുവെന്നും ബേബി ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ കാര്യത്തിൽ അച്ഛൻ, മകൻ, ഭാര്യ, ഭർത്താവ് തുടങ്ങിയ ബന്ധങ്ങളുള്ള ഒട്ടേറെപ്പേർ സ്ഥാനാർത്ഥികളാകുകയും വിജയിക്കുകയും ചെയ്തിട്ടും മാധ്യമങ്ങൾ അത് പ്രശ്‌നമാക്കാറില്ല. എന്നാൽ സിപിഐഎമ്മിൽ അത്തരത്തിലുള്ള ആക്ഷേപം വന്നത് രണ്ടോ മൂന്നോ കേസുകളിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാർ ഒന്നാമതായി ജനസേവകരാണെന്നും ഏതു സാഹചര്യത്തിലും അവരോട് മാന്യമായും സ്‌നേഹത്തോടെയും പെരുമാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. താഴെത്തട്ടിൽ ജനങ്ങളുമായി ബന്ധം മുറിഞ്ഞുപോകുന്നത് പ്രസ്ഥാനത്തിന് ദോഷം ചെയ്യുമെന്നും വിമർശനങ്ങളെയും സ്വയംവിമർശനങ്ങളെയും പാർട്ടി പ്രോത്സാഹിപ്പിക്കണമെന്നും ബേബി പറഞ്ഞു.

