എഡിജിപി തലം മുതല്‍ എസ്പിമാര് വരെയുള്ള 30 മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഐഎഎസിലെന്ന പോലെ ഇടത് സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായക സ്ഥാനങ്ങളില്‍ നിയമനം നല്‍കിക്കൊണ്ടാണ് യുഡിഎഫ് സര്‍ക്കാരിന്റെ നടപടി. ക്രമസമാധാന ചുമതലയിലേക്ക് എഡിജിപി പി. വിജയന്, ജയില്‍ മേധാവിയായി എസ്. ശ്രീജിത്ത്, ഇന്റലിജന്‍സ് മേധാവിയായി ദിനേന്ദ്ര കശ്യപ്, പൊലീസ് ആസ്ഥാനത്ത് ഹര്‍ഷിത അത്തല്ലൂരി എന്നിവരുടെ നിയമനം സേനയ്ക്കുള്ളില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.
എന്നാൽ, താഴേത്തട്ടിലെ ഉദ്യോഗസ്ഥരാണ് പരാതിയുമായി ആഭ്യന്തരവകുപ്പിനെ സമീപിച്ചിട്ടുള്ളത്. ഐജിമാരും എസ്പിമാരും അഴിച്ചുപണിയില്‍ അതൃപ്തരാണ്. നിരവധി ഐജിമാരെ മറികടന്നാണ് എറണാകുളം റേഞ്ച് ഡിഐജി ഡോ. അരുള്‍ ആര്.ബി. കൃഷ്ണയെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചത്.
കോഴിക്കോട് കമ്മിഷണര്‍ നിയമനത്തെച്ചൊല്ലിയും പരാതിയുണ്ട്. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ പിടികൂടിയതിന്റെ പേരില്‍ ഇടതു സര്‍ക്കാര്‍ വേട്ടയാടിയ കൺഫേഡ് ഐപിഎസുകാരനും ദേശീയ അന്വേഷണ ഏജൻസി മുൻ എസ്പിയുമായ ഷൗക്കത്തലിയെ കോഴിക്കോട് കമ്മിഷണറാക്കിയത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമായിരുന്നു. എന്നാല്‍ അവിടെ നിന്നും സീനിയര്‍ ഉദ്യോഗസ്ഥയായ മെറിന് ജോസഫിനെ മാറ്റിയത് കോഴിക്കോട് റൂറലിലേക്കാണ്. സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ തപന്‍ സിങ്ങാണ് അവിടെ ഡിസിപി പദവിയില്‍.
കോഴിക്കോട് റൂറല്‍, വയനാട് എസ്പിമാര്ക്ക് നിയമനം ലഭിച്ച് 3 മാസത്തിനകമാണ് അടുത്ത സ്ഥലംമാറ്റം. കോട്ടയം എസ്പി ഷാഹുല്‍ ഹമീദിനെ മാറ്റിയെങ്കിലും പകരം ആര്‍ക്കും നിയമനം നല്‍കിയിട്ടില്ല. ഇടതുഭരണത്തോട് ചേര്‍ന്നുനിന്നിരുന്ന ജി. സ്പര്‍ജന്‍ കുമാറിനെ ദക്ഷിണ മേഖലാ ഐജി സ്ഥാനത്ത് നിലനിര്‍ത്തി. വര്‍ഷങ്ങളായി സ്പര്‍ജന്‍ ഈ സ്ഥാനത്ത് തുടരുകയാണ്. ഉത്തരമേഖലാ ഐജി സ്ഥാനത്തേക്ക് ആരെയും നിയമിച്ചിട്ടില്ല. യോഗ്യരായവര്‍ ഇല്ലാത്തതുകൊണ്ടാണോ ഇതെന്നാണ് സേനയിലെ അടക്കംപറച്ചില്‍. നല്ല സര്‍വീസ് റെക്കോഡില്ലാത്ത ഉദ്യോഗസ്ഥരും ജില്ലാ എസ്പിമാരായി എന്നാണ് കാസർഗോഡ് എസ്പി നിയമനത്തെച്ചൊല്ലിയുള്ള ആക്ഷേപം.

