തിരുവനന്തപുരം: സ്‌ഥലംമാറ്റ ഉത്തരവിൽ അതൃപ്‌തി പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീന. ആരോഗ്യവകുപ്പിന്റെ നടപടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ് കണ്ട് ഞെട്ടിപ്പോയെന്നും റീന പറഞ്ഞു. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്‌ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും റീന പറഞ്ഞു.
ഡോ. റീന 15 ദിവസം അവധി എടുത്തുവെന്നാണ് സ്‌ഥലംമാറ്റ ഉത്തരവിൽ ആരോഗ്യവകുപ്പ് വ്യക്‌തമാക്കിയത്. എന്നാൽ, ഇക്കാര്യം റീന നിഷേധിച്ചതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തി.
അതേസമയം, സർവീസിന് തന്നെ വേണ്ടെങ്കിൽ അവിടെ കടിച്ചുതൂങ്ങി നിൽക്കണമെന്ന് നിർബന്ധമില്ലെന്ന് ഡോ. റീന പറഞ്ഞു. പക്ഷെ, ഒരിക്കലും ഒരു തെറ്റായ കാര്യം ചിത്രീകരിച്ചിട്ട് ആവരുത് പുറത്തുവിടുന്നത് എന്ന അഭിപ്രായമുണ്ടെന്നും ഡോ. റീന ചൂണ്ടിക്കാട്ടി.
ശബരിമലയിൽ ഒരു സ്‌ഥിരം സംവിധാനം ആവശ്യമാണെന്ന് തോന്നിയതിനാലാണ് കത്ത് നൽകിയത്. അത് സ്വന്തം തീരുമാനം ആയിരുന്നില്ല. പബ്ളിക് ഹെൽത്ത് സ്‌റ്റേറ്റ് നോഡൽ ഓഫീസറും അഡീ. ഡയറക്‌ടറും യോഗത്തിൽ കാര്യങ്ങൾ വിശദമായി ദേവസ്വത്തെ അറിയിക്കണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്നാണ് കത്ത് നൽകിയത്. കത്ത് നൽകുന്നതിന് മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഡോക്ടർമാരുടെയും യോഗം വിളിച്ചിരുന്നുവെന്നും ഡോ. റീന വ്യക്തമാക്കി.

