പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയും നിഖാബും പൂര്‍ണ്ണമായി നിരോധിക്കാന്‍ ബലേറിക് ദ്വീപുകള്‍; നിയമം 25,000 പൗണ്ട് വരെ പിഴ; കൂടുതല്‍ രാജ്യങ്ങില്‍ മുഖാവരണ നിരോധനം; ഇസ്ലാമൈസേഷനെതിരെ യൂറോപ്പ് പൊരുതുന്നു

insight kerala

എം മാധവദാസ്

ഇന്ന് യൂറോപ്പ് അനുഭവിക്കുന്ന ഏറ്റവും സാമൂഹിക പ്രശ്‌നങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്, ഇസ്ലാമൈസേഷനാണ്. പലയിടങ്ങളില്‍നിന്നായി കുടിയേറി യൂറോപ്പിലെത്തിയ മുസ്‌ലീങ്ങളില്‍ ഒരു വിഭാഗം, ശരീയത്ത് നിയമങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്, വലിയ രീതിയില്‍ വലതുപക്ഷത്തിന്റെ വളര്‍ച്ചക്കുകൂടി സഹായകമാവുകയാണ്്. ഇടക്കിടെ, തീവ്രവാദ അക്രമണങ്ങള്‍കൂടി ഉണ്ടായതോടെ ഡീ റാഡിക്കലൈസേഷന്റെ പാതയിലാണ് മിക്ക യുറോപ്യന്‍ രാജ്യങ്ങളും.

ഇതിന്റെ ഭാഗമായി, പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയും നിഖാബും പൂര്‍ണ്ണമായി നിരോധിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനൊരുങ്ങിയിരിക്കയാണ്, സ്‌പെയിനിലെ ബലേറിക് ദ്വീപുകള്‍. നിയമം ലംഘിച്ച് മുഖാവരണം ധരിക്കുന്നവര്‍ക്ക് 25,000 പൗണ്ട് വരെ പിഴ ചുമത്താനാണ് പുതിയ ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നത്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വോക്‌സും പീപ്പിള്‍സ് പാര്‍ട്ടിയും സംയുക്തമായാണ് ബലേറിക് പാര്‍ലമെന്റില്‍ ഈ ബില്‍ അവതരിപ്പിച്ചത്. മൈനര്‍മാരെയോ മറ്റ് സ്ത്രീകളെയോ നിര്‍ബന്ധിച്ച് ഹിജാബ് ധരിപ്പിക്കുന്നവര്‍ക്ക് നാല് വര്‍ഷം വരെ തടവുശിക്ഷ നല്‍കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വിദേശികളായ വ്യക്തികള്‍ ഈ നിയമം ആവര്‍ത്തിച്ച് ലംഘിച്ചാല്‍ അവരെ രാജ്യത്തുനിന്ന് നാടുകടത്താനും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു. സ്ത്രീകളെ മുഖാവരണം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത് അവരുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് ബില്ലിനെ അനുകൂലിച്ചവര്‍ വാദിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇത്തരം മധ്യകാല ആചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വോക്‌സ് എം.പി മാനുവേല കനാദാസ് വ്യക്തമാക്കി.. അതേസമയം, ഇടതുപക്ഷ കക്ഷികളായ പി.എസ്.ഐ.ബി, മെസ് പെര്‍ മല്ലോര്‍ക്ക, മെസ് പെര്‍ മെനോര്‍ക്ക, യുണൈദാസ് പോഡെമോസ് എന്നിവര്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. നിയമനിര്‍മ്മാണത്തെ എതിര്‍ക്കുന്ന ഇടതുപക്ഷ കക്ഷികളെ കനാദാസ് രൂക്ഷമായി വിമര്‍ശിച്ചു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ ഈ വിഷയത്തില്‍ കപടനാട്യമാണ് കാണിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. പൊതുസുരക്ഷയും ക്രമസമാധാനവും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും ഇത് വിവേചനപരമല്ലെന്നും ഭരണപക്ഷ കക്ഷികള്‍ അവകാശപ്പെടുന്നു. മുഖാവരണങ്ങള്‍ വ്യക്തികളെ തിരിച്ചറിയുന്നതിന് തടസ്സമുണ്ടാക്കുന്നുവെന്ന് പി.പി ഡെപ്യൂട്ടി ക്രിസ്റ്റീന ഗില്‍ പറഞ്ഞു. ഈ നിയമം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ലെന്നും, മറിച്ച് സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി.

ഇടതുകക്ഷികള്‍ക്ക് എതിര്‍പ്പ്

നമ്മുടെ നാട്ടിലെന്നപോലെ മതത്തിന് കുടപിടിക്കുന്ന പരിപാടിയാണ് ഇവിടെയും ഇടതുപക്ഷം എടുക്കുന്നത്. പുതിയ ബില്‍ വെറും വംശീയ അജണ്ടയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബുര്‍ഖയോടും നിഖാബിനോടും തങ്ങള്‍ക്കും യോജിപ്പില്ലെന്ന് വ്യക്തമാക്കിയ ഇടതുപക്ഷ കക്ഷികള്‍ പക്ഷേ, വോക്‌സ് പാര്‍ട്ടിയുടെ സ്ത്രീ സുരക്ഷാ വാദങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ചു. സമൂഹത്തില്‍ ഒരു ‘പൊതുശത്രുവിനെ’ സൃഷ്ടിക്കാനും ഇസ്ലാം മതം തങ്ങളുടെ സംസ്‌കാരത്തിന് ഭീഷണിയാണെന്ന് വരുത്തിത്തീര്‍ക്കാനുമാണ് വലതുപക്ഷ കക്ഷികള്‍ ശ്രമിക്കുന്നതെന്ന് പി.എസ്.ഐ.ബി ഡെപ്യൂട്ടി തെരേസ സുവാരസ് പറഞ്ഞു.

യൂറോപ്പില്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിച്ച ആദ്യ രാജ്യം ഫ്രാന്‍സാണ്.2011-ലായിരുന്നു ഫ്രാന്‍സിന്റെ ഈ നടപടി. തുടര്‍ന്ന് ഓസ്ട്രിയ, ടുണീഷ്യ, തുര്‍ക്കി, ശ്രീലങ്ക, സ്വിറ്റ്‌സര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള ഇരുപതിലധികം രാജ്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ മുഖാവരണം ധരിക്കുന്നതിന് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളോ നിരോധനങ്ങളോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയും ഇത്തരം നിരോധനങ്ങളെ പലപ്പോഴായി ശരിവെച്ചിട്ടുണ്ട്. ബെല്‍ജിയം ഏര്‍പ്പെടുത്തിയ ബുര്‍ഖ നിരോധനം 2017-ല്‍ കോടതി ശരിവെച്ചിരുന്നു. ഇറ്റലിയിലെ ലൊംബാര്‍ഡി പോലുള്ള ചില പ്രദേശങ്ങളില്‍ 2015 മുതല്‍ പൊതു കെട്ടിടങ്ങളിലും ആശുപത്രികളിലും മുഖം മറയ്ക്കുന്നതിന് വിലക്കുണ്ട്. പോര്‍ച്ചുഗലിലും സമാനമായ രീതിയില്‍ കടുത്ത വലതുപക്ഷ പാര്‍ട്ടിയായ ‘ചേഗ’ കൊണ്ടുവന്ന മുഖാവരണ നിരോധന ബില്ലിന് പാര്‍ലമെന്റ് കഴിഞ്ഞ ഒക്ടോബറില്‍ അംഗീകാരം നല്‍കിയിരുന്നു. യൂറോപ്പിലെ വളരെ ചെറിയൊരു വിഭാഗം മുസ്ലീം സ്ത്രീകള്‍ മാത്രമാണ് നിലവില്‍ മുഖാവരണം ധരിക്കുന്നത്. എന്നിരുന്നാലും, ലിംഗവിവേചനത്തിന്റെ പ്രതീകമാണെന്ന വാദവും സുരക്ഷാ ഭീഷണികളും ഉയര്‍ത്തി ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന ആവശ്യം യൂറോപ്പില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

Share This Article