സ്റ്റുഡിയോവില്‍നിന്ന് തമിഴ്‌സിനിമയെ ഗ്രാമങ്ങിലെത്തിച്ച പ്രതിഭ; കമലിനെയും രജനിയെയും വളര്‍ത്തി; ഇളയരാജയുമായി പിണക്കവും ഒന്നിക്കലും; ഭാരതിരാജ എന്ന ‘സംവിധായകരുടെ ഹിമാലയം’ ഓര്‍മ്മയാവുമ്പോള്‍

insight kerala

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

എം മാധവദാസ്

ഇന്ത്യന്‍ സിനിമയിലെ ഭാവുകത്വങ്ങളെയും കാഴ്ചപ്പാടുകളെയും പൂര്‍ണ്ണമായും തിരുത്തിക്കുറിച്ച ഇതിഹാസ സംവിധായകനാണ് പി. ഭാരതിരാജ. തമിഴ് ചലച്ചിത്ര ലോകത്തെ നാലു ചുവരുകള്‍ക്കുള്ളിലെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്ന് മോചിപ്പിച്ച്, യഥാര്‍ത്ഥ ഗ്രാമങ്ങളിലെ മണ്ണിലേക്കും മനുഷ്യരിലേക്കും കൂട്ടിക്കൊണ്ടുപോയത് അദ്ദേഹമാണ്. അതുകൊണ്ടുതന്നെ തമിഴ് സിനിമാ ലോകം അദ്ദേഹത്തെ ‘ഇയക്കുനര്‍ ഇമയം’ (സംവിധായകരുടെ ഹിമാലയം) എന്ന് ആദരവോടെ വിളിക്കുന്നു. 2026 ജൂണ്‍ 10-ന് 84-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഒരു സുവര്‍ണ്ണ അധ്യായത്തിനാണ് വിരാമമായത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സ്റ്റുഡിയോയില്‍ നിന്ന് ഗ്രാമങ്ങളിലേക്ക്

ഭാരതിരാജ വരുന്നതിന് മുന്‍പ് വരെ തമിഴ് സിനിമകള്‍ പ്രധാനമായും ചെന്നൈയിലെ കോടമ്പാക്കം സ്റ്റുഡിയോകള്‍ക്കുള്ളിലാണ് ചിത്രീകരിച്ചിരുന്നത്. എന്നാല്‍ 1977-ല്‍ തന്റെ ആദ്യ ചിത്രമായ ’16 വയതിനിലേ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം ക്യാമറയും കൊണ്ട് തമിഴ്നാട്ടിലെ യഥാര്‍ത്ഥ ഗ്രാമങ്ങളിലേക്ക് ഇറങ്ങിപ്പുറപ്പെട്ടു. ഗ്രാമങ്ങളിലെ പൊടിപിടിച്ച വഴികളും നാടന്‍ സംഭാഷണശൈലിയും സാധാരണക്കാരായ മനുഷ്യരും അദ്ദേഹത്തിന്റെ സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളായി മാറി. നാല് പതിറ്റാണ്ടിലധികം നീണ്ട സിനിമാ ജീവിതത്തില്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ക്ലാസിക് ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. 1977-ല്‍ ഇറങ്ങിയ 16 വയതിനിലേ എന്ന ചിത്രത്തില്‍ കമല്‍ഹാസന്‍, രജനീകാന്ത്, ശ്രീദേവി എന്നിവര്‍ തകര്‍ത്തഭിനയിച്ചു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു നാഴികക്കല്ലായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്.

തൊട്ടടുത്ത വര്‍ഷം എടുത്ത, ‘കിഴക്കേ പോകും റെയില്‍’ ഗ്രാമീണ പശ്ചാത്തലത്തിലുള്ള മനോഹരമായ ഒരു പ്രണയകഥയാണ്. മുതല്‍ മര്യാദൈ (1985) ശിവാജി ഗണേശനും രാധയും പ്രധാന വേഷങ്ങളില്‍ എത്തിയ, പ്രണയത്തിന്റെ വ്യത്യസ്തമായ തലങ്ങള്‍ ചര്‍ച്ച ചെയ്ത മാസ്റ്റര്‍പീസ് ചിത്രം.
വേദം പുതിത് എന്ന ചിത്രത്തില്‍ൂടെ ജാതിവ്യവസ്ഥയ്ക്ക് എതിരെ ശക്തമായ സാമൂഹിക വിമര്‍ശനം അദ്ദേഹം ഉന്നയിച്ചു. 94-ല്‍ ഇറങ്ങിയ കറുത്തമ്മ പെണ്‍ഭ്രൂണഹത്യ എന്ന കടുത്ത സാമൂഹിക തിന്മയെ തുറന്നുകാട്ടി.

രജനിയുടെയം കമലിന്റെയും അഭിനയ ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവുകള്‍ സമ്മാനിച്ച മാസ്റ്റര്‍ സംവിധായകനാണ് രാജാ സാര്‍. കമലിന്റെ ‘ചപ്പാനി’, രജനിയുടെ ‘പരട്ടൈ’ എന്നിവ ഭാരതിരാജയുടെ സംഭാവനയാണ്. സിനിമകളില്‍ കരുത്തുറ്റതും സ്വതന്ത്രരുമായ സ്ത്രീ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്ന മനോഹരമായ പ്രണയകഥകള്‍ ദൃശ്യവല്‍ക്കരിച്ചു.

സിനിമയിലേക്ക് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതില്‍ ഭാരതിരാജയ്ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. പിന്നീട് തെന്നിന്ത്യന്‍ സിനിമ ഭരിച്ച പല മുന്‍നിര താരങ്ങളെയും ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിച്ചത് അദ്ദേഹമാണ്. രാധിക ശരത്കുമാര്‍ (കിഴക്കേ പോകും റെയില്‍), രേവതി (മണ്‍ വാസനൈ), രാധ (അലൈകള്‍ ഓയ്വതില്ലൈ). നായകന്മാരെ മേക്കപ്പില്ലാതെ സാധാരണക്കാരായും, ഇരുണ്ട നിറമുള്ള നായികമാരെ പ്രധാന വേഷങ്ങളിലും അവതരിപ്പിച്ച് അദ്ദേഹം പുതുവഴികള്‍ വെട്ടിത്തുറന്നു.

‘രാജ’മാരുടെ പിണക്കവും ഇണക്കവും

ഭാരതിരാജ സിനിമകളുടെ വിജയത്തില്‍ സംഗീത സംവിധായകന്‍ ഇളയരാജയുടെ പങ്ക് വളരെ വലുതാണ്. ഇരുവരും ചേര്‍ന്നപ്പോള്‍ തമിഴ് സിനിമയ്ക്ക് ലഭിച്ചത് നാടന്‍ ഈണങ്ങളുടെ വസന്തകാലമായിരുന്നു. ഭാരതിരാജയുടെ ഗ്രാമീണ ദൃശ്യഭംഗിക്ക് ഇളയരാജയുടെ പശ്ചാത്തല സംഗീതവും പാട്ടുകളും കൂടുതല്‍ ആഴം നല്‍കി.

ബാല്യകാല സുഹൃത്തുക്കളാണ് ഈ രണ്ടുരാജമാരും. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഭാരതിരാജയുടെ ഗ്രാമീണ ദൃശ്യങ്ങള്‍ക്ക് ഇളയരാജയുടെ നാടന്‍ ഈണങ്ങള്‍ ജീവന്‍ നല്‍കി. ’16 വയതിനിലേ’, ‘കിഴക്കേ പോകും റെയില്‍’, ‘മുതല്‍ മര്യാദൈ’ തുടങ്ങിയ ചിത്രങ്ങള്‍ ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നവയാണ്. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ കൂട്ടുകെട്ടായ ഭാരതിരാജയും ഇളയരാജയും തമ്മില്‍ ഉണ്ടായ പിണക്കങ്ങളും വേര്‍പിരിയലുകളും വലിയ വാര്‍ത്തയായിരുന്നു. സിനിമകള്‍ തുടര്‍ച്ചയായി വന്‍ വിജയങ്ങളായപ്പോള്‍, വിജയത്തിന്റെ യഥാര്‍ത്ഥ ക്രെഡിറ്റ് ആര്‍ക്കാണെന്ന കാര്യത്തില്‍ ഇരുവരുടെയും ആരാധകര്‍ക്കിടയിലും അവര്‍ക്കിടയിലും തര്‍ക്കങ്ങള്‍ ഉണ്ടായി.
‘എന്റെ ദൃശ്യങ്ങള്‍ കൊണ്ടാണ് പാട്ടുകള്‍ ഹിറ്റായത്’ എന്ന് ഭാരതിരാജയും, ‘എന്റെ സംഗീതം കൊണ്ടാണ് സിനിമകള്‍ ഓടിയത്’ എന്ന് ഇളയരാജയും ചിന്തിക്കാന്‍ തുടങ്ങിയത് ഇരുവരെയും അകറ്റി. 87-ല്‍ ഇറങ്ങിയ ‘വേദം പുതിത്’ എന്ന ചിത്രത്തിന്റെ സമയത്താണ് ഇരുവരും തമ്മിലുള്ള പിണക്കം പരസ്യമായത്. ചിത്രത്തിലെ ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇളയരാജയ്ക്ക് പകരം ഭാരതിരാജ ദേവേന്ദ്രന്‍ എന്ന പുതിയ സംഗീതസംവിധായകനെ ഈ സിനിമയ്ക്കായി തിരഞ്ഞെടുത്തു. ഇത് ഇളയരാജയെ ഏറെ വിഷമിപ്പിച്ചു.

ഭാരതിരാജയാണ് പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ആദ്യകാലത്ത് ഇളയരാജ-വൈരമുത്തു-ഭാരതിരാജ കൂട്ടുകെട്ട് വന്‍ വിജയങ്ങള്‍ സമ്മാനിച്ചു. എന്നാല്‍ പിന്നീട് ഇളയരാജയും വൈരമുത്തുവും തമ്മില്‍ കടുത്ത പിണക്കത്തിലായി. ഈ തര്‍ക്കത്തില്‍ ഭാരതിരാജ തന്റെ സുഹൃത്തായ വൈരമുത്തുവിന്റെ പക്ഷം ചേര്‍ന്നത് ഇളയരാജയുമായുള്ള ബന്ധം വീണ്ടും മോശമാക്കി.

insight kerala

ഇളയരാജയുമായി പിണങ്ങിയ ശേഷം ഭാരതിരാജ ‘കിഴക്കു ചീമയിലെ’ (1993), ‘കറുത്തമ്മ’ (1994) തുടങ്ങിയ ചിത്രങ്ങള്‍ക്കായി അക്കാലത്ത് വളര്‍ന്നുവന്ന എ.ആര്‍. റഹ്‌മാനെ കൂട്ടുപിടിച്ചു. ഈ സിനിമകളിലെ പാട്ടുകള്‍ വന്‍ ഹിറ്റായതോടെ ഇളയരാജയുടെ കുത്തക തകരുകയും ചെയ്തു. പിന്നീടുള്ള ഒത്തുതീര്‍പ്പിനു ശേഷം ഇരുവരും തങ്ങളുടെ പിണക്കങ്ങള്‍ മറന്ന് വീണ്ടും ഒന്നിച്ചു. ഭാരതിരാജയ്ക്ക് അസുഖം ബാധിച്ചപ്പോഴും, പിന്നീട് ഇളയരാജയുടെ സ്റ്റുഡിയോ ഉദ്ഘാടനത്തിനുമെല്ലാം ഇരുവരും ഒന്നിച്ചെത്തിയത് തമിഴ് സിനിമാ ലോകത്തിന് വലിയ സന്തോഷം നല്‍കിയ നിമിഷങ്ങളായിരുന്നു.

സിനിമ കേവലം വിനോദോപാധി മാത്രമല്ല, അത് മണ്ണറിഞ്ഞ് മനുഷ്യനെ തൊട്ടറിയേണ്ട ഒരു കലാരൂപമാണെന്ന് ഭാരതിരാജ തെളിയിച്ചു. സിനിമകളില്‍ സംവിധായകന്‍ എന്ന ഭാവത്തില്‍ മാത്രമല്ല, പില്‍ക്കാലത്ത് മികച്ച ഒരു നടനായും അദ്ദേഹം തിളങ്ങി. വരുംതലമുറയിലെ സംവിധായകര്‍ക്ക് എക്കാലവും ഒരു പാഠപുസ്തകമായി അവശേഷിക്കും.

Share This Article