റിവ്യൂ- മോളിവുഡ് ടൈംസ്
എം മാധവദാസ്
‘മുകന്ദനുണ്ണി അസോസിയേറ്റ്‌സ്’ എന്ന ഒറ്റ ചിത്രംകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച പ്രതിഭയാണ്, ഡയറക്ടര്‍ അഭിനവ് സുന്ദര്‍ നായക്. പതിവ് സിനിമാ ശൈലികളെ പൂര്‍ണ്ണമായും പൊളിച്ചെഴുതിയ ചിത്രമായിരുന്നു ഇത്. സ്വാര്‍ത്ഥനായ നായകന്‍, ഡാര്‍ക്ക് കോമഡി പരീക്ഷണം, വേഗതയേറിയ എഡിറ്റിംഗ് ശൈലി, നായകന്റെ വോയ്സ് ഓവര്‍ ആഖ്യാനം, എന്നിവയൊക്കെ നാട്ടുനടപ്പുള്ള സിനിമാ നിയമങ്ങളുടെ തിരസ്‌ക്കാരമായിരുന്നു. മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ആന്റി-ഹീറോ ചിത്രമായിരുന്നു ഇത്. കര്‍മ്മ തിയറിയെയൊക്കെ വലിച്ചുകീറി തോട്ടിലെറിയുന്ന ഈ ചിത്രത്തില്‍, വില്ലനായ നായകനാണ് വിജയിക്കുന്നത്.
ആ മുകുന്ദനുണ്ണിക്ക് ശേഷം അഭിനവ് സുന്ദര്‍ നായക്, ‘ന്യൂജന്‍ മോഹന്‍ലാല്‍’എന്ന് വിശേഷിപ്പിക്കപ്പെടുന്ന നസ്‌ലനെ നായകനാക്കി ‘മോളിവുഡ് ടൈംസ്’ ചിത്രം എടുക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. പക്ഷേ പടം കണ്ടപ്പോള്‍ ‘പവനാഴി ശവമായ’ അവസ്ഥയായി.
വെറുപ്പിച്ച രണ്ടാംപകുതി
സുന്ദരമായ തുടക്കം. ഗംഭീരമായ ഒന്നാംപകുതി. അതിനുശേഷം കുത്തനെയുള്ള വീഴ്ച. മോളിവുഡ് ടൈംസിന്റെ ഘടന അങ്ങനെയാണ്. ആദ്യപകുതി നല്‍കിയ വലിയ പ്രതീക്ഷകളോടും ഊര്‍ജ്ജത്തോടും പൂര്‍ണ്ണമായി നീതിപുലര്‍ത്താന്‍ ചിത്രത്തിന്റെ രണ്ടാം പകുതിക്ക് സാധിച്ചിട്ടില്ല. ഒരു സിനിമാമോഹിയുടെ കഥയാണ് ചിത്രം പറയുന്നത്. നസ്‌ലന്റെ വിനീത് മാധവന്‍, മികച്ച ഹൊറര്‍ സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന ഇരുപതുകാരനാണ്. ‘എ ഹേറ്റ് ലെറ്റര്‍ ടു സിനിമ’ എന്ന ടാഗ്ലൈന്‍ ചിത്രത്തിന് അനുയോജ്യമാണ്.സിനിമാ വ്യവസായത്തിലെ അധികാരക്കസേരകളും ഗ്രൂപ്പിസവും, കള്ളപ്പണം വെളുപ്പിക്കലുമൊക്കെ ചിത്രം തുറന്നുകാട്ടുന്നു.
സംവിധായകന്റെ മുന്‍ ചിത്രമായ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ പോലെ മികച്ച ഡാര്‍ക്ക് കോമഡി ഇതിലുമുണ്ട്.

ചിത്രത്തിന്റെ പോസിറ്റീവ് വശങ്ങള്‍ പറയുമ്പോള്‍ ആദ്യം പറയേണ്ടത് നസ്ലെന്റെ പ്രകടനംതന്നെയാണ്. വിനീത് മാധവന്റെ കരിയറിലെ മാറ്റങ്ങള്‍ നസ്ലെന്‍ ഗംഭീരമായി അവതരിപ്പിച്ചു. ഷറഫുദ്ദീന്‍, ജഗദീഷ്, അല്‍ത്താഫ് സലിം എന്നിവരുടെ പ്രകടനം മികച്ചതാണ്. ജേക്‌സ് ബിജോയിയുടെ പരീക്ഷണാത്മക പശ്ചാത്തല സംഗീതം മികച്ചുനിന്നു.വിശ്വജിത്ത് ഒടുക്കത്തിലിന്റെ ക്യാമറ കാഴ്ചകള്‍ ചിത്രത്തിന് പുതുമ നല്‍കി.
പക്ഷേ രണ്ടേമുക്കാല്‍ മണിക്കൂറോളമുള്ള ദൈര്‍ഘ്യം പ്രേക്ഷകരെ മടുപ്പിക്കുന്നു.ഒരേ തരം പ്രതിസന്ധികളും രംഗങ്ങളും ആവര്‍ത്തിച്ചു വരുന്നു.സിനിമയുടെ രാഷ്ട്രീയം പറഞ്ഞു വരുമ്പോള്‍ പ്രധാന കഥയില്‍ നിന്ന് ചിത്രം വ്യതിചലിക്കുന്നു. സ്‌ക്രിപ്റ്റിലാണ് ഏറ്റവും വലിയ പാളിച്ച ഉണ്ടായത്. രണ്ടാം പകുതിയിലെ പല ഉപകഥകളും പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിയില്ല. ജാതി സംവരണവുമായി ബന്ധപ്പെട്ട ചില രംഗങ്ങള്‍ അനാവശ്യമായി തോന്നിപ്പിച്ചു. പതിവ് നസ്ലെന്‍ എന്റര്‍ടൈനറുകള്‍ പ്രതീക്ഷിച്ചു പോകുന്നവര്‍ക്ക് ചിത്രം നിരാശ നല്‍കും. എന്നാല്‍ വെറൈറ്റി ആഗ്രഹിക്കുന്നവര്‍ കണ്ടിരിക്കാവുന്ന ചിത്രവുമാണിത്.

