പിണറായി വിജയൻ്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ മൊഴി വിവരങ്ങൾ പുറത്തുവന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ആക്രമിച്ചതെന്നാണ് പ്രതികളുടെ മൊഴി. തെളിവെടുപ്പിനിടെയാണ് പ്രതികൾ ആക്രമണത്തെപ്പറ്റി വിവരിച്ചത്. ഏരിയ കമ്മറ്റികളിൽ നിന്ന് അറിയിച്ചിട്ടാണ് സ്ഥലത്തെത്തിയതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കണമെന്നാണ് അറിയിപ്പ് ലഭിച്ചത്. ആക്രമണം നടത്താൻ ആസൂത്രണം ഉണ്ടായില്ലെന്നും പ്രതികൾ മൊഴി നൽകി.
പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച വടികളും കല്ലും പോലീസ് കണ്ടെടുത്തു. അക്രമത്തിനിരയായവർ പ്രതികളെ തിരിച്ചറിഞ്ഞു. സിആർപിഎഫ് ഉദ്യോഗസ്ഥയും ബാങ്ക് ജീവനക്കാരുമാണ് പ്രതികളെ നേരിട്ട് തിരിച്ചറിഞ്ഞത്. ഇഡി ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിംസ് ആശുപത്രിയുടെ സിസിടിവി ദൃശ്യങ്ങൾ പ്രധാന തെളിവാണ്. 30 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് മ്യൂസിയം പോലീസിൻ്റെ തീരുമാനം. പ്രതികളുടെ ഫോൺ ലൊക്കേഷൻ രേഖകളും പോലീസ് ശേഖരിച്ചു. വാഹനത്തിന്റെ നഷ്ടം 2 ലക്ഷത്തി ഇരുപതിനായിരം രൂപയാണ്. പോലീസ്കാരെ ആക്രമിച്ച കേസിൽ നിലവിൽ പിടിയിലായവരെയും പ്രതി ചേർക്കും .
മുൻ കൗൺസിലർ ഐ പി ബിനുവിനെ മറ്റൊരു കേസിലും അറസ്റ്റ് ചെയ്തു. അടിപിടി കേസിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ആ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

