സഭയിൽ ഗുരുതര പ്രോട്ടോക്കോൾ ലംഘനം; ഗവർണർക്കൊപ്പം ഡിജിപി സഭയിൽ, വിവാദം; പ്രതിപക്ഷം ഇടപെട്ടു

insight kerala

സംസ്ഥാനത്ത് അധികാരമേറ്റ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം. ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചു. പിന്നീട് മറ്റൊരു വഴിയിലൂടെ ഇദ്ദേഹം പുറത്തേക്ക് പോയി. നിയമസഭയ്ക്ക് അകത്ത് പ്രവേശിക്കാൻ ഡിജിപിക്ക് അനുമതിയില്ല. ഇത് പതിവില്ലാത്ത കീഴ്‌വഴക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സഭയ്ക്ക് അകത്ത് കടക്കാൻ പ്രോട്ടോകോൾ പ്രകാരം ഡിജിപിക്ക് അനുമതിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഡിജിപി സഭയ്ക്ക് അകത്ത് വന്നത് ഗവർണർക്കൊപ്പമാണ്. പ്രോട്ടോകോൾ ലംഘനം ഉദ്യോഗസ്ഥരും ശ്രദ്ധയിപ്പെടുത്തിയിരുന്നു. സഭാതലത്തിൽ പ്രവേശിച്ച ശേഷമാണ് മറ്റൊരു വഴിയിലൂടെ ഡിജിപി പുറത്ത് പോയത്. സംഭവം ശ്രദ്ധയിൽപ്പെട്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സഭയിൽ പ്രതിപക്ഷ നേതാവിന് മറുപടി നൽകി. അശ്രദ്ധ കൊണ്ടാകാം ഡിജിപി സഭയ്ക്ക് അകത്ത് പ്രവേശിച്ചതെന്നും സ്‌പീക്കർ മറുപടിയിൽ പറഞ്ഞു.

പിന്നീട് വാർത്താ സമ്മേളനത്തിലും വിഷയം മാധ്യമപ്രവർത്തകർ ഉന്നയിച്ചു. അറിയാതെ സംഭവിച്ചതാകാമെന്ന് കരുതുന്നുവെന്ന് പിണറായി വിജയൻ പ്രതികരിച്ചു. മുൻപില്ലാത്ത കീഴ്‌വഴക്കമാണിത്. സാധാരണ ഗതിയിൽ ചെയ്യാൻ പാടില്ലാത്തത്. അക്കാര്യം സ്‌പീക്കറുടെ ശ്രദ്ധയിൽപെടുത്തി. സ്‌പീക്കർ ഡിജിപിയോട് ഇക്കാര്യം സംസാരിക്കുമെന്നാണ് കരുതുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article