രത്തൻ ഖേൽക്കറിന്റെ നിയമനം; പരിഹസിച്ച് സിപിഎമ്മും ബിജെപിയും

insight kerala

മുഖ്യമന്ത്രി വി ഡി സതീഷൻ്റെ സെക്രട്ടറിയായി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറെ നിയമിച്ചതിൽ കടുത്ത പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും രംഗത്ത് വരികയാണ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കുന്നത് ഗൗരവമുള്ള പ്രശ്നമെന്ന് മുൻമന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.കൂളിംഗ് പിരീഡ് പോലും പാലിക്കാതെയാണ് നിയമനമെന്നും ബംഗാളിലെ വിഷയത്തിൽ രാഹുൽ ഗാന്ധി എതിർക്കുമ്പോഴാണ് കേരളത്തിൽ നിയമനമെന്നും പി രാജീവ് വിമർശിച്ചു.

“വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം എന്നാണ് രാഹുൽ ഗാന്ധി ബംഗാളിലെ നിയമനത്തെ വിശേഷിപ്പിച്ചത്. കേരളത്തിലും ഇതേ നിലപാട് ആണോ ഉള്ളത്?. കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വവും രാഹുൽ ഗാന്ധിയും നിലപാട് വ്യക്തമാക്കണം” പി രാജീവ് ആവശ്യപ്പെട്ടു.

അതേസമയം രത്തൻ ഖേൽക്കറുടെ നിയമനത്തിൽ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്ത് വന്നു.
“ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറി ആക്കിയപ്പോൾ വലിയ കൊള്ളയ്ക്ക് വലിയ പാരിതോഷികം എന്ന് രാഹുൽഗാന്ധി നിലവിളിച്ചു. കൃത്യം പത്താം ദിവസം കോൺഗ്രസ് ഭരിക്കുന്ന സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശൻ്റെ സെക്രട്ടറിയായി നിയമിച്ചു. കേരളത്തിൽ എന്താണ് സംഭവിച്ചത് രാഹുൽജി?. കൊള്ളയ്ക്കുള്ള പ്രതിഫലം ആണോ അതോ ജനാധിപത്യത്തിൻറെ സൗന്ദര്യമോ ?” കെ സുരേന്ദ്രൻ എക്‌സിൽ കുറിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article